Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഗോസിയും പെൻഷൻ ഏജൻസിയും ലയിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം

നിയോം സിറ്റി- സർക്കാർ ജീവനക്കാരുടെ പെൻഷൻ ചുമതലയുള്ള പബ്ലിക് പെൻഷൻ ഏജൻസിയെയും സ്വകാര്യ ജീവനക്കാരുടെ പെൻഷൻ പദ്ധതി ചുമതലയുള്ള ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസി (ഗോസി) നെയും പരസ്പരം ലയിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. 

സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷത്തിൽ ഹജ് കർമം നിർവഹിക്കാൻ തീർഥാടകർക്ക് അവസരമൊരുക്കുകയും ഹാജിമാരുടെ ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന, ഏറ്റവും ഉയർന്ന മുൻകരുതൽ നടപടികൾക്ക് അനുസൃതമായി ഹജ് നടത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ പ്രഖ്യാപിച്ച ആരോഗ്യ, സുരക്ഷാ വ്യവസ്ഥകളും മാനദണ്ഡങ്ങളും ക്രമീകരണങ്ങളും മന്ത്രിസഭ വിലയിരുത്തി. 

വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾക്കനുസൃതമായി സർക്കാർ വകുപ്പുകളും ഏജൻസികളും പുനഃസംഘടിപ്പിക്കാനുള്ള നിരന്തര ശ്രമങ്ങളുടെയും പരിഷ്‌കരണങ്ങളുടെയും തുടർച്ചയെന്നോണമാണ് പബ്ലിക് പെൻഷൻ ഏജൻസിയെയും ഗോസിയെയും പരസ്പരം ലയിപ്പിക്കാനുള്ള തീരുമാനമെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. 

പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കുള്ള ഇൻഷുറൻസ് പരിരക്ഷാ സംവിധാനം ഏകീകരിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് പ്രക്രിയയാണ് ലയനം. സാമൂഹിക പ്രയോജനങ്ങൾ നൽകുന്നതിൽ മുൻനിര സ്ഥാനം കൈവരിക്കാനും വിഭവങ്ങൾ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താനും സമാന അധികാരങ്ങളിൽ കൂടിക്കലരൽ ഇല്ലാതാക്കാനും പ്രവർത്തന, ധന കാര്യക്ഷമത ഉയർത്താനും സേവന നിലവാരം മെച്ചപ്പെടുത്താനുമെല്ലാം ലയനം സഹായിക്കും. ലയനം പബ്ലിക് പെൻഷൻ ഏജൻസിയുടെ ധനസ്ഥിതി മെച്ചപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു. 

പൊതു, സ്വകാര്യ മേഖലകൾക്കുള്ള ഇൻഷുറൻസ് പരിരക്ഷാ സംവിധാനം ഏകീകരിക്കാനും ഉയർന്ന നിലവാരത്തിലും കാര്യക്ഷമതയിലുമുള്ള സേവനങ്ങൾ നൽകുന്നതിൽ ഉപയോക്താക്കളുടെ അഭിലാഷങ്ങൾ നിറവേറ്റാനുമുള്ള ഭരണപരവും ഘടനാപരവുമായ പ്രകിയയാണ് ലയനമെന്ന് പബ്ലിക് പെൻഷൻ ഏജൻസിയും ഗോസിയും പറഞ്ഞു. 

ഇത് നടപടിക്രമങ്ങൾ ഏകീകരിക്കുകയും ശ്രമങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യും. ഉപയോക്താക്കൾക്കുള്ള പെൻഷൻ, ആനുകൂല്യ വിതരണങ്ങളെ ലയനം ഒരുനിലക്കും ബാധിക്കില്ല. സമാന മേഖലകളിൽ ശ്രമങ്ങൾ ഏകീകരിക്കാനും, സേവനങ്ങൾ നവീകരിക്കുന്നതിൽ ധന, മാനവശേഷി വിഭവങ്ങൾ പ്രയോജനപ്പെടുത്താനുമുള്ള ഭരണാധികാരികളുടെ താൽപര്യത്തിന്റെ ഭാഗമായാണ് ലയന തീരുമാനം കൈക്കൊണ്ടതെന്നും ഇരു ഏജൻസികളും പറഞ്ഞു. 

 

Latest News