Sorry, you need to enable JavaScript to visit this website.

പണവും മൊബൈലും മോഷ്ടിക്കാന്‍ കോവിഡ് രോഗിയെ കൊന്നു; ആശുപത്രി ജീവനക്കാരി അറസ്റ്റില്‍

ചെന്നൈ- ആശുപത്രിയില്‍നിന്ന് കാണാതായ കോവിഡ് രോഗിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ആശുപത്രിയിലെ കരാര്‍ ജീവനക്കാരി അറസ്റ്റില്‍. തിരുവൊട്ടിയൂര്‍ സ്വദേശി രതിദേവി(40)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.


കോവിഡ് ബാധിച്ച് ചെന്നൈ രാജീവ്ഗാന്ധി ഗവ. ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വെസ്റ്റ് താംബരം സ്വദേശി സുനിത(41)യാണ് കൊല്ലപ്പെട്ടത്. സുനിതയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചതിനുശേഷം മൃതദേഹം ആശുപത്രിയിലെ എട്ടാം നിലയില്‍ ഉപേക്ഷിക്കുകയുമായിരുന്നു.
മെയ് 23ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുനിതയെ മെയ് 24  മുതലാണ് കാണാതായത്.  ഭര്‍ത്താവ് മൗലി  ആശുപത്രിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.


ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നതിനിടെയാണ് 23ന് രാത്രി സുനിതയെ ജീവനക്കാരിയായ രതിദേവി വീല്‍ചെയറില്‍ കൊണ്ടുപോയിരുന്നുവെന്ന വിവരം ലഭിച്ചത്. ഇവരെ ചോദ്യംചെയ്‌തെങ്കിലും സ്‌കാനിങ് യൂണിറ്റിലേക്ക് കൊണ്ടുപോയ ശേഷം രോഗിയെ തിരികെ വാര്‍ഡില്‍ എത്തിച്ചുവെന്നായിരുന്നു മൊഴി.
സുനിതയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആശുപത്രിയിലെ എട്ടാം നിലയിലെ എമര്‍ജന്‍സി ബോക്‌സ് റൂമില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായുള്ള പരാതി ഉയര്‍ന്നത്. തുടര്‍ന്ന് ജൂണ്‍ എട്ടിന് ഇവിടെ പരിശോധിച്ചപ്പോള്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. മൗലി  ആശുപത്രിയിലെത്തി മൃതദേഹം സുനിതയുടേതാണെന്ന് സ്ഥിരീകരിച്ചു.  പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞതോടെ  പോലീസ് അന്വേഷണം വീണ്ടും രതിദേവിയിലേക്ക് എത്തുകയായിരുന്നു.


ഒടുവില്‍ പോലീസിന്റെ വിശദമായ ചോദ്യംചെയ്യലിലാണ് രതിദേവി കുറ്റംസമ്മതിച്ചത്. സുനിതയുടെ കൈവശമുണ്ടായിരുന്ന പണവും മൊബൈലും മോഷ്ടിക്കാനായാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പ്രതിയുടെ മൊഴി. സുനിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തന്നെ ഇവരുടെ ബാഗിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും ശ്രദ്ധിച്ചിരുന്നുവെന്ന് രതീദേവി പോലീസിനോട് പറഞ്ഞു.  തുടര്‍ന്ന് ഇത് മോഷ്ടിക്കാനായി പദ്ധതി തയ്യാറാക്കി.


സംഭവത്തിന് ശേഷവും രതിദേവി പതിവുപോലെ ആശുപത്രിയില്‍ ജോലിക്ക് എത്തിയിരുന്നു. സുനിതയെ തിരയുന്നതിന് വേണ്ടി ഇവര്‍ മുന്നിട്ടിറങ്ങുകയും ചെയ്തു. ഇതിനാല്‍തന്നെ രതിദേവിയെ ആദ്യഘട്ടത്തില്‍ ആരും സംശയിച്ചിരുന്നില്ല.
വിധവയായ പ്രതി തിരുവൊട്ടിയൂരില്‍ മകനും മകള്‍ക്കും ഒപ്പമാണ് താമസം. മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ ഇവരുടെ വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തു

 

Latest News