വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോൾ പുനരധിവാസം നടപ്പാക്കും-മുഖ്യമന്ത്രി

തിരുവനന്തപുരം- കോവിഡ് കാരണം നഷ്ടപ്പെട്ടുപോയ സമയവും വേഗതയും തിരിച്ചുപിടിച്ച് സർക്കാരിന്റെ മുൻഗണനാപദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമി ഏറ്റെടുക്കേണ്ടിടത്തെല്ലാം പുനരധിവാസത്തിന് മുഖ്യ പരിഗണന നൽകിക്കൊണ്ടായിരിക്കും പദ്ധതികൾ നടപ്പിലാക്കുക. 
കൊച്ചി മെട്രോയുടെ പേട്ട മുതൽ എസ്.എൻ. ജങ്ഷൻ വരെയുള്ള ഭാഗം 2022 മാർച്ച് മാസത്തോടെ പൂർത്തിയാക്കും. കലൂർ മുതൽ കാക്കനാട് വരെയുള്ള ഭാഗത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കും. ഭൂമി ഏറ്റെടുക്കൽ നടപടി ത്വരിതപ്പെടുത്തും. പൈതൃക സംരക്ഷണം കൂടി പരിഗണിച്ച് കൊച്ചി വാട്ടർമെട്രോ പദ്ധതി ഊർജ്ജിതപ്പെടുത്തും. ആഗസ്തിൽ നൂറ് ദിന പരിപാടിയുടെ ഭാഗമായി ഇതിൻറെ ആദ്യഭാഗം കമ്മിഷൻ ചെയ്യും.
സെമി ഹൈസ്പീഡ് റെയിൽവേയുടെ അവസാന അലൈൻമെൻറ് എത്രയും വേഗം പൂർത്തീകരിക്കും. ഇതിൻറെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനം വേഗത്തിലാക്കും. മലയോര ഹൈവേയുമായി ബന്ധപ്പെട്ട് വനം വകുപ്പിൻറെ അനുമതി വേണ്ട സ്ഥലങ്ങൾ ബന്ധപ്പെട്ടവർ സന്ദർശിച്ച് രൂപരേഖ ഉണ്ടാക്കി മൂന്നുമാസത്തിനകം ഡി.പി.ആർ. പൂർത്തിയാക്കും.
പൂവ്വാർ മുതൽ മഞ്ചേശ്വരം വരെയുള്ള തീരദേശ പാത സംസ്ഥാനത്തിൻറെ ടൂറിസം മേഖലയ്ക്ക് വലിയ കുതിപ്പുണ്ടാക്കുന്ന പദ്ധതിയാണ്. രണ്ടു വർഷത്തിനകം പൂർത്തിയാകത്തക്കവിധം പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകും. ദേശീയ ജലപാതയുടെ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കാനും നിർദ്ദേശം നൽകി. 
കൊച്ചി അർബൻ ഡെവലപ്പ്‌മെൻറ് ആൻറ് വാട്ടർ ട്രാൻസ്‌പോർട്ടിൻറെ ഭാഗമായി കനാൽ ശുചീകരണത്തിന് വേഗത കൂട്ടും. തിരുവനന്തപുരം ലൈറ്റ് മെട്രോയുടെ ഭാഗമായുള്ള ഫ്‌ളൈ ഓവറുകളുടെ നിർമ്മാണം, ലൈറ്റ് മെട്രോയുടെ കേന്ദ്രസർക്കാർ അംഗീകാരം തേടൽ മുതലായ കാര്യങ്ങളും ത്വരിതപ്പെടുത്തും.
റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായ വയനാട് ടണൽ റോഡ് പദ്ധതിക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തി നടപടികൾ വേഗത്തിലാക്കും. കേരളത്തിന്റെ അടിസ്ഥാനസൗകര്യ മേഖലയിൽ വലിയ മുന്നേറ്റം ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ സാധ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Latest News