Sorry, you need to enable JavaScript to visit this website.

ഇസ്രായിലിൽ വനിതാ മന്ത്രിമാരിൽ ഭൂരിഭാഗവും അറബ് വംശജർ

ജറൂസലം- തീവ്ര വലതുപക്ഷ കക്ഷിയും മുസ്‌ലിം ബ്രദർഹുഡ് ആശയം പിൻപറ്റുന്ന ഇസ്‌ലാമിസ്റ്റ് കക്ഷിയും അടങ്ങിയ വിചിത്രമായ കൂട്ടുകെട്ടിലൂടെ ശ്രദ്ധേയമായ പുതിയ ഇസ്രായിൽ മന്ത്രിസഭയിലെ വനിതാ മന്ത്രിമാരിൽ ഭൂരിഭാഗവും അറബ് വംശജരാണെന്നത് കൗതുകമാകുന്നു. പുതിയ മന്ത്രിസഭയിൽ ആകെ ഒമ്പതു വനിതാ മന്ത്രിമാരാണുള്ളത്. ഇസ്രായിൽ മന്ത്രിസഭയിൽ ഒമ്പതു വനിതകൾക്ക് പ്രാതിനിധ്യം ലഭിക്കുന്നതും ആദ്യമാണ്. ഇക്കൂട്ടത്തിൽ അഞ്ചു പേർ അറബ് വംശജരാണ്. രണ്ടു പേർ മൊറോക്കോയിൽ വേരുകളുള്ളവരും മൂന്നു പേർ ഇറാഖിൽ വേരുകളുള്ളവരുമാണ്. 
സാമ്പത്തിക മന്ത്രി ഒർന ബർബിവായ് ഇറാഖ് വംശജയാണ്. ഇസ്രായിൽ സൈന്യത്തിൽ ആദ്യമായി മേജർ ജനറൽ റാങ്കിലെത്തിയ വനിതയെന്ന നിലയിൽ ഒർന ഇസ്രായിലിൽ പ്രശസ്തയാണ്. വിവാഹിതയും മൂന്നു മക്കളുടെ മാതാവുമായ ഒർന സെൻട്രലിസ്റ്റ്, ലിബറൽ രാഷ്ട്രീയ സഖ്യമായ ബ്ലൂ ആന്റ് വൈറ്റിന്റെ ബാനറിൽ വിജയിച്ച് 2019 മുതൽ ഇസ്രായിൽ പാർലമെന്റ് ആയ നെസറ്റിൽ എം.പിയാണ്. 


ആഭ്യന്തര മന്ത്രി അയെലറ്റ് ഷാകിഡും ഇറാഖ് വംശജയാണ്. 45 വർഷം മുമ്പ് തെൽഅവീവിൽ പിറന്ന അയെലറ്റിന്റെ അക്കൗണ്ടന്റ് ആയി ജോലി ചെയ്തിരുന്ന പിതാവ് അമ്പതുകളിൽ ഇറാഖിൽനിന്ന് ഇറാൻ വഴി ഇസ്രായിലിലേക്ക് കുടിയേറിയതാണ്. ഇലക്ട്രിക്കൽ എൻജിനീയറിംഗിലും കംപ്യൂട്ടർ സയൻസിലും ബിരുദം നേടിയ അയെലറ്റ് ഷാകിഡിന്റെ ഭർത്താവ് യുദ്ധവിമാനത്തിൽ പൈലറ്റ് ആണ്. കാലാൾപട പരിശീലകയായി അയെലറ്റ് ഷാകിഡ് സൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 
പുതിയ വിദ്യാഭ്യാസ മന്ത്രി യിഫാറ്റ് ഷാഷ-ബിതോൻ 1973 ൽ തെൽഅവീവിലാണ് പിറന്നത്. നേരത്തെ മുതൽ വിദ്യാഭ്യാസ മേഖലയിൽ സജീവമായി പ്രവർത്തിച്ചിരുന്ന ഇവർ ഇറാഖ്-മൊറോക്കോ വംശജയാണ്. മാതാവ് മൊറോക്കോയിൽ നഴ്‌സ് ആയിരുന്നു. പിതാവ് ഇറാഖിയാണ്. 
സാമൂഹിക സമത്വ മന്ത്രി മിരാവ് കോഹൻ 1983 ൽ അധിനിവിഷ്ട ജറൂസലമിൽ ജനിച്ചു. സെൻട്രൽ പൊളിറ്റിക്കൽ പാർട്ടിയായ യെഷ് അറ്റിഡ് എം.പിയായ മിരാവ് കോഹന്റെ മാതാപിതാക്കൾ മൊറോക്കൊയിൽനിന്ന് ഇസ്രായിലിലേക്ക് കുടിയേറിയതാണ്. വിവാഹിതയും മൂന്നു മക്കളുടെ മാതാവുമായ മിരാവ് കോഹൻ ജറൂസലമിലെ ഹീബ്രു യൂനിവേഴ്‌സിറ്റിയിൽ നിന്ന് സാമ്പത്തിക, ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 


ഊർജ മന്ത്രിയായ കരീൻ എൽഹറർ-ഹർട്ട്‌സ്റ്റൈൻ അമ്പതുകളിൽ മൊറോക്കോയിൽനിന്ന് ഇസ്രായിലിലേക്ക് കുടിയേറിയ മാതാപിതാക്കൾക്ക് 44 വർഷം മുമ്പ് തെൽഅവീവിലാണ് പിറന്നത്. ഇൻസ്റ്റിറ്റിയൂട്ട് ഓഫ് അക്കാഡമിക് സ്റ്റഡീസ് അഡ്മിനിസ്‌ട്രേഷനിൽനിന്ന് നിയമത്തിൽ മാസ്റ്റർ ബിരുദം നേടിയ ഇവർ അമേരിക്കൻ യൂനിവേഴ്‌സിറ്റിക്കു കീഴിലെ വാഷിംഗ്ടൺ കോളേജ് ഓഫ് ലോയിൽ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. മസ്‌കുലാർ ഡിസ്‌ട്രോഫി രോഗം ബാധിച്ച ഇവർ വീൽചെയറിന്റെ സഹായത്തോടെയാണ് സഞ്ചരിക്കുന്നത്. 
അറബ് വംശജരല്ലാത്ത നാലു വനിതാ മന്ത്രിമാരും പുതിയ മന്ത്രിസഭയിലുണ്ട്. കുടിയേറ്റ മന്ത്രിയായ നിന ടമാനോ-ഷാറ്റ അഭിഭാഷകയും മുൻ മാധ്യമ പ്രവർത്തകയുമാണ്. നാൽപതു വർഷം മുമ്പ് എത്യോപ്യയിലാണ് നിന ജനിച്ചത്. മറ്റൊരു വനിതാ മന്ത്രിയായ ലേബർ പാർട്ടി നേതാവ് മെറാവ് മിഷേലി ഗതാഗത വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. പ്രശസ്തയായ ആക്ടിവിസ്റ്റും മാധ്യമ പ്രവർത്തകയുമായ മെറാവ് മിഷേലി 54 വർഷം മുമ്പ് തെൽഅവീവിലാണ് ജനിച്ചത്. കുടുംബം ഹംഗറിയിൽനിന്ന് കുടിയേറിയതാണ്. ശാസ്ത്രകാര്യ മന്ത്രിയായ ഒരിറ്റ് ഫർകാഷ്-ഹാകോഹൻ 50 വർഷം മുമ്പ് തെൽഅവീവിലാണ് പിറന്നത്. ബ്ലൂ ആന്റ് വൈറ്റ് കക്ഷി എം.പിയായ ഒരിറ്റ് ഫർകാഷ്-ഹാകോഹൻ വിവാഹിതയും നാലു മക്കളുടെ മാതാവുമാണ്. 

Tags

Latest News