കോടീശ്വരി പണം കൊടുത്തുതീര്‍ക്കുന്നു, മക്കന്‍സി സ്‌കോട്ട് 270 കോടി ഡോളര്‍ കൂടി സംഭാവന നല്‍കി

സാന്‍ഫ്രാന്‍സിസ്‌കോ- കോടീശ്വരിയും ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ മുന്‍ഭാര്യയുമായ മക്കന്‍സി സ്‌കോട്ട് 270 കോടി ഡോളര്‍ കൂടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തു. വംശീയ വിവേചനത്തിനൈതിരെയും വിദ്യാഭ്യാസ മേഖലയിലും പ്രവര്‍ത്തിക്കുന്ന 286 സംഘടനകളെ തെരഞ്ഞെടുത്തതായി സംഭാവനക്കാര്യം വെളിപ്പെടുത്തിയ ബ്ലോഗ് പോസ്റ്റില്‍ അവര്‍ പറഞ്ഞു.
ലോകത്തെ എറ്റവും ധനിക വനിതകളിലൊരാളാണ് മക്കന്‍സി സ്‌കോട്ട്. സമ്പത്തില്‍ ഭൂരിഭാഗവും 2019 ല്‍ ബെസോസുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ച ശേഷം ലഭിച്ചതാണ്. ലോകത്ത് ഒന്നാമത്തെ സമ്പന്നനാണ് ബെസോസ് ഇപ്പോള്‍.
1994 ല്‍ ബെസോസ് ടെക് ഭീമനായ ആമസോണ്‍ ആരംഭിക്കുമ്പോള്‍ സഹായിച്ച മക്കന്‍സി സ്‌കോട്ടിന് വിവാഹ മോചന ഉടമ്പടി പ്രകാരം ആമസോണില്‍ നാല് ശതമാനം ഷെയറാണ് ലഭിച്ചത്. എഴുത്തുകാരി കൂടിയായ മക്കന്‍സി സ്‌കോട്ട് അതിനുശേഷം പലപ്പോഴായി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ നല്‍കുന്ന സംഭാവന വെളിപ്പെടുത്തിയിട്ടുണ്ട്. വനിതകള്‍ നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടനകള്‍ക്കും ഫുഡ് ബാങ്കുകള്‍ക്കും ബ്ലാക്ക് കോളേജുകള്‍ക്കും നാലു മാസം കൊണ്ട് 400 കോടിയിലേറെ ഡോളര്‍ സംഭാവന നല്‍കിയതായി അവര്‍ വ്യക്തമാക്കിയിരുന്നു.
വന്‍തുക സംഭാവന നല്‍കിയെങ്കിലും അവര്‍ക്ക് ഇപ്പോഴും 59.9 ബില്യാണ്‍ ഡോളറിന്റെ ആസ്തിയുണ്ട്. ലോകത്ത് സമ്പന്നരില്‍ 22 ാം സ്ഥാനവുമുണ്ട്.

 

Latest News