Sorry, you need to enable JavaScript to visit this website.

ഫ്രാന്‍സില്‍നിന്ന് ശുഭവാര്‍ത്ത; മാസ്‌കും കര്‍ഫ്യൂവും ഒഴിവാക്കുന്നു

മാസ്‌ക് ധരിച്ച ഫ്രഞ്ച് വനിതകള്‍ ബീച്ചില്‍-ഫയല്‍ ചിത്രം

പാരീസ്- കോവിഡ് ബാധ കുറയുകയും രാജ്യത്ത് വാക്‌സിന്‍ എടുത്തവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തതോടെ ഫ്രാന്‍സ് മാസ്‌ക് നിബന്ധന ഒഴിവാക്കുന്നു.
പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധനയും  രാത്രി കര്‍ഫ്യൂവും  ഒഴിവാക്കുകയാണെന്ന് ഫ്രഞ്ച് അധികൃതര്‍ പറഞ്ഞു.  
രാജ്യത്ത് മിക്കയിടത്തും നാളെ മുതല്‍ മാസ്‌ക് നിബന്ധന ഒഴിവാക്കുമെന്ന്  പ്രധാനമന്ത്രി ജീന്‍ കാസ്‌റ്റെക്‌സ് പറഞ്ഞു. രാത്രി 11 മണി മുതലുള്ള കര്‍ഫ്യൂ ഈ മാസം 20 മുതല്‍ ഒഴിവാക്കും. ജൂണ്‍ 30 വരെയാണ് നേരത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്.
നിര്‍ബന്ധിത മാസ്‌കും കര്‍ഫ്യൂവും കഴിഞ്ഞ ഒക്ടോബര്‍ 30 മുതലാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയത്. ഒരു ഘട്ടത്തില്‍  വൈകുന്നേരം ആറു മണി മുതല്‍ കര്‍ഫ്യൂ ആരംഭിച്ചത്  പൊതുജനങ്ങള്‍ക്കിടയില്‍ വലിയ എതിര്‍പ്പിനു കാരണമായിരുന്നു.
യൂറോ 2020 കളി കാണാന്‍ ബാറുകളില്‍ ഒത്തുകൂടുന്ന ഫുട്‌ബോള്‍ ആരാധകരില്‍നിന്നായിരുന്നു വലിയ എതിര്‍പ്പ്.   
രാജ്യത്തെ ആരോഗ്യസ്ഥിതി പ്രതീക്ഷിച്ചതിലും വേഗത്തില്‍ മെച്ചപ്പെടുകയാണെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം കാസ്‌റ്റെക്‌സ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പൊതുഗതാഗതത്തിലും സ്‌റ്റേഡിയങ്ങളിലും മറ്റു തിരക്കേറിയ സ്ഥലങ്ങളിലും മാസ്‌ക്കുകള്‍ ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിദിന കോവിഡ് ബാധ ചൊവ്വാഴ്ച 3,200 ആയാണ് കുറഞ്ഞത്. 2020 ഓഗസ്റ്റിനുശേഷം ഫ്രാന്‍സിന്റെ ഏറ്റവും താഴ്ന്ന പ്രതിദിന നിരക്കാണിത്. പ്രതിദിന കോവിഡ് കേസുകള്‍ 5,000 ആയി കുറച്ചുകൊണ്ടുവരികയാണ് ലക്ഷ്യമെന്നാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കഴിഞ്ഞ വര്‍ഷം അവസാനം പ്രഖ്യാപിച്ചിരുന്നത്.
ഇംഗ്ലണ്ടിലും മറ്റും  കോവിഡിന്റെ പുതിയ വകഭേദം വര്‍ധിക്കുന്നതിനിടയിലാണ് ഫ്രാന്‍സില്‍ കേസുകള്‍ കുറയുന്നത്. പ്രതിരോധ കുത്തിവെപ്പില്‍ ബ്രിട്ടനേക്കാള്‍ പിറകിലുള്ള ഫ്രാന്‍സ് വാക്‌സിനേഷന്‍ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലുമാണ്.
വേനല്‍ക്കാലത്തിന്റെ അവസാനത്തോടെ 35 ദശലക്ഷം ആളുകള്‍ക്ക് പൂര്‍ണ്ണമായും പ്രതിരോധ കുത്തിവെപ്പ് നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കാസ്‌റ്റെക്‌സ് പറഞ്ഞു. ഇതുവരെ 16.5 ദശലക്ഷം ആളുകള്‍ക്ക് രണ്ട് ഡോസും പ്രതിരോധ കുത്തിവെപ്പ് നല്‍കിയിട്ടുണ്ട്.

 

 

Latest News