Sorry, you need to enable JavaScript to visit this website.

കാടിന്റെ മക്കളുടെ മൃഗസ്‌നേഹം


രണ്ടായിരത്തിനാലിൽ  ആണ് സംഭവം. അട്ടപ്പാടി ഹിൽസ് ഏരിയാ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ (അഹാഡ്സ്)  നിർവഹണ പ്രവർത്തനങ്ങൾ ഘടനാപരമായിത്തന്നെ  ആദിവാസി സ്ത്രീകൾക്ക്  കൂടുതൽ  അവസരം നൽകുന്നതാണ്. അങ്ങനെ സംയുക്ത വനപരിപാലന സമിതിയുടെ ഭരണ സമിതി അംഗം ചീരക്കടവ്  ഊരിലെ ശ്രീമതി നഞ്ചിയായിരുന്നു. വളരെ നന്നായി വനപരിപാലന പ്രവർത്തനങ്ങൾ നടത്തി വരികയായിരുന്നു. അപ്പോഴാണ് നഗരത്തിലെ കോളേജിൽ നിന്നൊരു സംഘം ഈ പ്രവർത്തനങ്ങൾ കാണാനായി വന്നത്. വന്യമൃഗങ്ങളെ വിരട്ടുന്ന കൗതുകങ്ങൾ ആ കുട്ടികളുടെ മനസ്സിൽ ഉണ്ടായിരിക്കണം. അവരിലൊരാൾ ചോദിച്ചു: നഞ്ചിച്ചേച്ചി, ഈ കാട് വളർത്തി ആടും മാനും നിറഞ്ഞു അവർ നിങ്ങളുടെ കൃഷിയിടങ്ങളിലേക്ക് കടന്നു വരുമ്പോൾ, നിങ്ങളുടെ താമസ സ്ഥലത്തേക്ക് വരുമ്പോൾ ആളുകൾ നിങ്ങളെ കുറ്റം പറയില്ലേ? നഞ്ചി ചേച്ചിയുടെ മറുപടി പെട്ടെന്നായിരുന്നു: എന്തിന് ? അതും ഒരു ഉയിര് തേ. 
അതെ,  അതും ഒരു ജീവനാണ്. എത്ര ഋജുവായ മറുപടി. കുട്ടികൾക്ക് ആ ജീവിത ദർശനം മനസ്സിലായിട്ടുണ്ടാവണം. അവിടെ കുറച്ചു നേരം ഒരു നിശ്ശബ്ദതയായിരുന്നു. രണ്ടു തരം ജീവിത ദർശനങ്ങൾ തമ്മിൽ അന്യോന്യം ബഹുമാനിക്കും പോലെ.

 

സാംബാർകോട് ഊരിൽ വന്ന പീലാണ്ടിയുടെ കഥ അതിനേക്കാൾ ശ്രദ്ധേയമാണ്. പീലാണ്ടി ഒരൊറ്റയാനായിരുന്നു. അവിടെയെല്ലാം കറങ്ങി നടക്കും., വിളവുകൾ തിന്നു തീർക്കും. ഊരുകാർ രാത്രി കാവലിരുന്ന് ക്ഷീണിച്ചു. ഇടക്ക് വേറെ സ്ഥലത്തേക്കൊന്നു പോകും. അധികം താമസിയാതെ തിരിച്ചു വരും. അങ്ങനെയിരിക്കേ ഒരാൾ പീലാണ്ടിയാൽ കൊല്ലപ്പെട്ടു. തുടർന്ന് വലിയ പരാതികളും പ്രതിഷേധങ്ങളും ഉണ്ടായി. വനം വകുപ്പ് പീലാണ്ടിയെ മയക്കിപ്പിടിച്ചു. തുടർന്ന് കോടനാട്ടെ ആന വളർത്തു കേന്ദ്രത്തിലേക്ക് കൊണ്ടുപൊന്നു. ഒരു വർഷം കഴിഞ്ഞിട്ടുണ്ടാവില്ല. ഊരിൽ നിന്ന് ആളുകൾ പഴവും ശർക്കരയുമായി പ്രത്യേക  ബസ് പിടിച്ചു കോടനാട്ടേക്ക് വന്നു. പീലാണ്ടിയെക്കണ്ടു. പക്ഷേ ഒരു കാര്യം മാത്രം ഇഷ്ടമായില്ല. ചന്ദ്രശേഖരൻ എന്ന പേര്.
അവനു പീലാണ്ടിയെന്ന പേര് മാത്രമേ ചേരൂ.


രണ്ടായിരത്തിയെട്ടിൽ അട്ടപ്പാടിയിൽ അഹാഡ്സിന്റെ ആഭിമുഖ്യത്തിൽ  പരിസ്ഥിതി സാക്ഷരതാ ക്ളാസുകൾ നടക്കുന്ന കാലം. വണ്ണാന്തറ  ഊരിൽ അവിടത്തെ നിരക്ഷരരായ എല്ലാവരും തന്നെ ക്ളാസിൽ എത്താറുണ്ടായിരുന്നു. അവരുടെ സാധാരണ ജോലികൾ എല്ലാം തീർത്ത്  അവർ എത്ര ക്ഷീണിതരായാലും ക്ളാസിൽ എത്തുമായിരുന്നു. എത്ര തണുപ്പിലും ആ ഒത്തുകൂടലിൽ അവർ വലിയ ആഹ്‌ളാദമുള്ളവരായിരുന്നു . ഏറെയും സ്ത്രീകളായിരുന്നു. മധ്യവയസ്സിൽ ഉള്ള രണ്ടു സഹോദരിമാർ വളരെ ഊർജസ്വലരായിരുന്നു. പെട്ടെന്നൊരു ദിവസം അവരിൽ ഒരാളെ കാണാതായി. അപ്പോഴാണ് പറഞ്ഞത്, അവരുടെ ഒരു ആട്  പ്രസവിച്ചു. അവർ രണ്ടു പേരും ക്ലാസിനു വന്ന സമയത്തായിരുന്നു പ്രസവം. അടുത്തുണ്ടായിരുന്ന ഒരു നായ ആടിനെ നക്കി അതിന്റെ കാലിനു ചെറിയ പരിക്ക് പറ്റി. അതിനാൽ അതിനെ നോക്കാനായി കാവലിരിക്കുകയാണ്  സഹോദരിമാരിലൊരാൾ. ഒരാൾ ഒരു ദിവസം. അടുത്ത ദിവസം അടുത്തയാൾ .അങ്ങനെ ഊഴമിട്ട് അവർ ആടിന്റെ കുഞ്ഞിന്റെ ശൈശവത്തിനു കാവലിരുന്നു. കുറച്ചു  വലുതായപ്പോഴാണ് മനസ്സിലായത് ആടിന്റെ കാലിനു ചെറിയ മുടന്തു സംഭവിച്ചു പോയിട്ടുണ്ട്. നീളക്കുറവ്  കാരണം ആടിന് നടക്കാൻ വിഷമമായി. അതിനാൽ പിന്നീട് അവർ ആടിനെയും കൊണ്ടാണ് ക്ലാസിൽ വന്നിരുന്നത്. ഒരു ദിവസം ആടിനെക്കുറിച്ചു  സംസാരമുണ്ടായി. സഹോദരിമാർ പറഞ്ഞു: ആടിനിപ്പോൾ മനുഷ്യന്റെ 'നായമേ' അറിയൂ. (നായം  എന്നാൽ  അവർക്ക് 'ഭാഷ ' യാണ്). പിന്നെ അവർ വിശദീകരിച്ചു. ആടിന് ഇപ്പോൾ മറ്റു ആടുകളോട് ആശയവിനിമയം നടത്താൻ കഴിയുന്നില്ല\. അത് ഇവർ ക്ലാസിലേക്ക് വരുമ്പോൾ കരഞ്ഞു കൂടെ വരുന്നു. ഇത് ഒരു തിരിച്ചറിവായിരുന്നു. പിന്നെയും ഏറെ നാൾ കാലു വയ്യാത്ത ആ ആടിനെ അവർ പരിപാലിച്ചു പോന്നിരുന്നു. അതിനെ കൊന്നു തിന്നില്ല . അവഗണിച്ചില്ല .


2019 ൽ ഞാൻ അട്ടപ്പാടിയിൽ തന്നെ മറ്റൊരു സംഭവത്തിന് സാക്ഷിയായി. ഞങ്ങൾ ഒരു കാർഷിക പദ്ധതിയുടെ പ്രവർത്തനത്തിന്റെ ഭാഗമായി പോയതായിരുന്നു. വീടിന്റെ ഭാഗമായി കെട്ടിയുണ്ടാക്കിയ അടുക്കളയിൽ അടുപ്പിന്റെ അടുത്ത് ഭാര്യയും ഭർത്താവും ഒന്നിച്ചു എന്തോ ചെയ്യുന്നുണ്ടായിരുന്നു. പെട്ടെന്ന് ഭർത്താവ് എന്തോ മറച്ചുപിടിച്ചു. ഒരു കൗതുകം കൊണ്ട് ഞാൻ ചോദിച്ചു എന്താ മറച്ചുപിടിച്ചതെന്ന്? അപ്പോൾ ഒരു പുഞ്ചിരിയോടെ കാണിച്ചു തന്നു. അതൊരു പാൽക്കുപ്പിയയായിരുന്നു. അവർക്ക് വലിയ മക്കളേ ഉണ്ടായിരുന്നുള്ളു. അപ്പോൾ ഈ കുപ്പിയിൽ ഇനി ആർക്കു പാലു കൊടുക്കാൻ പോകുന്നുവെന്ന് ഞാൻ അത്ഭുതപ്പെട്ടു. അവർ അപ്പോഴേക്കും വിശദീകരിച്ചു. ആട് പ്രസവിച്ചു. നാലു കുട്ടികളായിപ്പോയി.  എല്ലാവർക്കും കൂടി നോക്കുമ്പോൾ പാൽ കുറവാണ്. അതുകൊണ്ട് സൊസൈറ്റിയിൽ നിന്ന്  പൽ വാങ്ങി കൊണ്ടുവന്നു കൊടുക്കുകയാണ്. ഇപ്പോൾ കുഴപ്പമില്ല. ആടിന്റെ കുഞ്ഞുങ്ങൾക്ക് പാൽ  വാങ്ങിക്കൊടുക്കുന്നത് ഒരു സ്വാഭാവിക പ്രവർത്തനം എന്ന് തന്നെയേ  അവർ കാണുന്നുള്ളൂ. മൃഗങ്ങളുടെ  ജീവിതം മനുഷ്യ ജീവനോളം തന്നെ പ്രാധാന്യം ഉള്ളതാണെന്ന ജീവിത ദർശനമാണ് അവരുടേത് എന്ന് കാണാം 

 

അതേ വർഷം - 2019 ൽ, പട്ടിക വർഗ വകുപ്പ് കൃഷി വികസനത്തിനായുള്ള ഒരു പ്രോജക്റ്റിന്റെ ഭാഗമായി കാരയൂര്  ഊരിൽ നല്ല കൃഷി ഉണ്ടായിരുന്നു. ഏറെ വർഷങ്ങൾക്കു ശേഷമാണ് ആ സ്ഥലത്തു റാഗിയും ചാമയും അമരയും വിളയിക്കുന്നത്. റാഗി വിളയാൻ ഒരാഴ്ച കൂടിയേ ആവശ്യമുണ്ടായിരുന്നുള്ളൂ. പക്ഷെ ആനക്കൂട്ടം ഇറങ്ങി എല്ലാം തിന്നും ചവിട്ടിയും നശിപ്പിച്ചു. കാണാൻ പോകുമ്പോൾ അവിടത്തെ സ്ത്രീകൾ എല്ലാം വന്നു. അവരോട് എന്ത് പറയും എന്ന് വിഷമിച്ചു ഞാൻ നിൽക്കുമ്പോൾ അവർ പറഞ്ഞു: 'ചേച്ചി വിഷമിക്കണ്ട ഞങ്ങൾ ഇനിയും അടുത്ത വർഷവും കൃഷി ചെയ്യും. അവർക്കും ജീവിക്കണ്ടേ? കുറച്ചു അവരും തിന്നട്ടെ കൂടുതൽ ചെയ്യാം ഇനി അവർക്ക് കൂടിയുള്ളത്.' പടക്കം  പൊട്ടിക്കുന്ന കാര്യം പറഞ്ഞപ്പോൾ അവർ പറഞ്ഞു: രാജയുടെ              (രാജ അവർക്ക് ആനയാണ് ) കൂടെ കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് അബദ്ധത്തിൽ അവർക്ക് ഏറ്റാലോ, കുട്ടികൾ ഉള്ളപ്പോൾ നമ്മൾ ഒന്നും ചെയ്യാൻ പാടില്ല. മനുഷ്യൻ എന്നു പറയുന്നത് ആവാസ വ്യവസ്ഥയിൽ ഒന്ന് മാത്രം. മറ്റു ജീവികളെ ജീവിക്കാൻ അനുവദിക്കേണ്ട ഉത്തരവാദിത്തം കൂടി മനുഷ്യനുണ്ട് എന്നു കാടിന്റെ മക്കൾ ജീവിതത്തിലൂടെ കാണിച്ചു തരുന്നു.

Latest News