Sorry, you need to enable JavaScript to visit this website.

മലയാളത്തിന്റെ മഹത്വം

മലയാളി നഴ്‌സുമാർ ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെയാകെ അഭിമാനമായി സേവനമനുഷ്ഠിക്കുന്നു. അതിനിടയിൽ സങ്കുചിത മനസ്‌കരായ മേലുദ്യോഗസ്ഥരും ഭരണാധികാരികളും മലയാള ഭാഷയെയും സംസ്‌കാരത്തെയും അപമാനിക്കാൻ തുനിയരുത്.  

ന്യൂദൽഹി ജി.ബി. പന്ത് ആശുപത്രി നഴ്‌സിംഗ് മേലധികാരിയുടെ സർക്കുലർ: മലയാളം സംസാരിച്ചാൽ നടപടി നേരിടും. ആശുപത്രിയിൽ പരസ്പരം മലയാളം സംസാരിച്ച നഴ്‌സുമാർക്കെതിരെയുള്ള ഈ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയർന്നപ്പോൾ സർക്കുലർ പിൻവലിക്കേണ്ടി വന്നു. ചില തൊടുന്യായങ്ങളും പുറത്ത് വന്നു.
ഏത് രാജ്യത്തായാലും ആ നാടിന്റെ ഭാഷയാണ് ആരും സംസാരിക്കുക. ചൈനയടക്കം പല വിദേശ രാജ്യങ്ങളിലും പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾ അതാത് രാജ്യങ്ങളുടെ ഭാഷ പഠിച്ചിരിക്കണം. അവിടെ ഓരോരുത്തരുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് ഈണപ്പെടുത്തി മാതൃഭാഷയെന്ന പേരിൽ ഔദ്ധത്യം നേടുന്നത് നന്നല്ല. മാതൃരാജ്യത്തുള്ള ഒരാശുപത്രിയിൽ ആ രാജ്യത്തുള്ള ഭാഷ സംസാരിച്ചാൽ അത് രാജ്യദ്രോഹ കുറ്റമൊന്നുമല്ല.  അതിന്റെ പേരിൽ നടപടി നേരിടുമെന്ന് പറഞ്ഞാൽ ആരിലാണത് ആത്മസംഘർഷമുണ്ടാക്കാത്തത്? ഇങ്ങനെ പൊന്തിവരുന്ന മുടന്തൻ കാഴ്ചപ്പാട് സമൂഹത്തിൽ നാശം വിതക്കുമെന്നുള്ളത് ആർക്കാണ് അറിയാത്തത്? മലയാള ഭാഷ 'പന്ത് ആശുപതി'യിൽ പന്തുപോലെ തട്ടിക്കളിക്കാനുള്ളതല്ല. 


ലോകത്തിന്റെ ഏത് ഭാഗത്താത്തായിരിന്നാലും മലയാള മണ്ണിന്റെ ചൂരും ചുവയുമുള്ള മലയാളിയിൽ കുടികൊള്ളുന്ന വികാരമാണ്, അനുഭൂതിയാണ്  അവരുടെ മാതൃഭാഷ. അവസരം കിട്ടിയാൽ അതിന്റെ തനത് ഭാവത്തോടെ മലയാളത്തനിമ ചോർന്നുപോകാതെ സംസാരിക്കും. അത് മലയാളി മാത്രമല്ല, ബ്രിട്ടീഷുകാരനും ഏത് രാജ്യക്കാരനും സ്വന്തം ഭാഷ സംസാരിക്കും.  ഗൾഫ് രാജ്യങ്ങളിലെ  ജോലി സ്ഥലങ്ങളിൽ മലയാളം സംസാരിക്കാറുണ്ട്. മലയാളികൾ അറബി പഠിച്ചു പാസായിട്ടല്ല അവിടെ ജോലി ചെയ്യുന്നത്. അവിടെയുള്ള മലയാളികൾ തന്നെയാണ് അവരുടെ സംരക്ഷകരായി വരുന്നത്. അതിൽ അറബികൾക്ക് വിരോധമൊന്നുമില്ല. തീർത്തും വ്യക്തിഗതമായ കാര്യമെങ്കിലും പന്ത് ആശുപത്രി എന്നല്ല ഏത് ആശുപതിയായാലും അവരുടെ വ്യവഹാര ഭാഷ ഹിന്ദിയും ഇംഗ്ലീഷുമായിരിക്കേ മറ്റൊരു ഭാഷ രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം സംസാരിക്കുന്നത് മനുഷ്യ മനസ്സിനെ സങ്കീർണതയിലേക്ക് വഴി നടത്തുമെന്നുള്ളത് തള്ളിക്കളയാൻ സാധിക്കില്ല.  അതിന്റെ പേരിൽ നഴ്സിംഗ് അധികാരി പുറത്തുവിട്ട ഭീഷണിയുടെ സ്വരം ശരിയായില്ല. 


ജീവകാരുണ്യ മേഖലയിൽ നിസ്വാർത്ഥ സേവനം നടത്തുന്ന കേരളത്തിലെ നഴ്‌സുമാരെന്ന മാലാഖമാരെ ഭീഷണിപ്പെടുത്താൻ ഇടയായ സാഹചര്യം അന്വഷിക്കേണ്ടതാണ്. ഇന്ത്യൻ ജനാധിപത്യത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഈ വരേണ്യത, നശീകരണ പ്രവണതയായി കാണുന്നു.  ഇവരുടെ ശരീര കോശങ്ങളിൽ കാൻസർ പോലെ കിടക്കുന്നത് ജാതിമതമാണോ അതോ വെറുപ്പോ? എത്രയോ നൂറ്റാണ്ടുകളായി കേരളത്തിൽ നിന്ന് മെഡിക്കൽ രംഗത്തുള്ളവർ ദൽഹിയിൽ ജോലി ചെയ്യുന്നു. ആരും വൈകാരികമായി ഇങ്ങനെ ഇടപെട്ടിട്ടില്ല. ജാതി മതം പോലെ ഭാഷയെ വേർതിരിച്ചെടുക്കാനുള്ള ശ്രമമാണോ? അങ്ങനെയെങ്കിൽ അവരെ ആട്ടിയോടിക്കാൻ സമൂഹത്തിന് മുന്നിൽ പാറപോലെ എഴുത്തുകാർ ഉറച്ചു നിൽക്കും.  ഒരു പൗരന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ സാധിക്കാത്ത ഭരണാധികാരികളെയല്ല വേണ്ടത്. തലസ്ഥാന നഗരിയിലെ ആശുപത്രികളിൽ നഴ്‌സുമാർ നേരിടുന്ന മറ്റ് ജീവൽപ്രധാനമായ പ്രതിസന്ധികൾ പഠിക്കാനുള്ള കമ്മിറ്റികൾ ആവശ്യമാണ്. ഒരാശുപത്രിയിൽ ഹിന്ദി, ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നത് നിലവിലുള്ളപ്പോൾ ഒരു നഴ്‌സ് സ്വന്തം ഭാഷ അതേ നാട്ടുകാരിയോട് പറയുന്നത് പാതകമൊന്നുമല്ല. ആ ഭാഷ ഒരു രോഗിയോട് ഒരിക്കലും പറയില്ല. അങ്ങനെ പരാതിയുണ്ടെങ്കിൽ അവരുടെ സൂപ്പർവൈസർ തലത്തിൽ തീർക്കാവുന്നതാണ്. അത് നടന്നില്ല. സ്നേഹാർദ്രമായ വാക്കുകളിൽ തീർക്കാവുന്ന ഒരു പ്രശ്‌നമാണ് സമൂഹത്തിൽ കത്തിച്ചുവിട്ടത്.  വിദേശ ഭാഷയായ ഇംഗ്ലീഷ് സംസാരിക്കാം. സ്വദേശ ഭാഷ ശബ്ദിച്ചുപോകരുത്. ഓരോ ഭാഷയും മനുഷ്യനെപ്പോലെ അടിമത്തം അനുഭവിക്കുന്ന ദുരവസ്ഥ. 
മാതൃഭാഷ ആർക്കും മാനസിക സംതൃപ്തി നൽകുന്നതാണ്. 


ഞാനും ലുധിയാന ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ ഡയറക്ടർ, മെഡിക്കൽ, ജനറൽ  സൂപ്രണ്ടിന്റെ ഓഫീസുകളിൽ ജോലി ചെയ്തിട്ടുണ്ട്.  ആശുപതി ഉന്നത അധികാരികളുടെ അനുവാദമില്ലതെ ഇതുപോലൊരു സർക്കുലർ നഴ്സിംഗ്   സൂപ്രണ്ടിന് ഇറക്കാൻ സാധിക്കില്ല.  ഇത് വെളിപ്പെടുത്തുന്നത് നഴ്സിംഗ് മേഖലയിൽ ഉന്നത നിലവാരം പുലർത്തുന്ന മലയാളി  നഴ്സുമാരോട് ഉള്ളിൽ മുളച്ചുപൊന്തുന്ന അസൂയയാണ്. ഇതുപോലുള്ള സമീപനം ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്നവരെ ദുർബലപ്പെടുത്തുമെന്ന് ആശുപതി അധികാരികൾ തെറ്റിദ്ധരിക്കേണ്ടതില്ല. അധികാരത്തിന്റെ തണലിൽ സമൂഹത്തിൽ നിസ്സഹായരായ മനുഷ്യരെ ചുഷണം ചെയ്യുന്നതുപോലെ ആശുപത്രിക്കുള്ളിൽ വെറുപ്പുണ്ടാക്കുന്നവരെ ശിക്ഷിക്കാൻ തയാറാകണം. മലയാളി നഴ്‌സുമാർ ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെയാകെ അഭിമാനമായി സേവനമനുഷ്ഠിക്കുന്നു. അതിനിടയിൽ സങ്കുചിത മനസ്‌കരായ മേലുദ്യോഗസ്ഥരും ഭരണാധികാരികളും മലയാള ഭാഷയെയും സംസ്‌കാരത്തെയും അപമാനിക്കാൻ തുനിയരുത്.  

Latest News