കോട്ടയം- കോവിഡ് ഇളവുകളില്‍ ആരാധനാലയങ്ങള്‍ ഉള്‍പ്പെടുത്താത്തതിനെതിരെ എന്‍.എസ്.എസ്. സര്‍ക്കാര്‍ തീരുമാനം വിശ്വാസികളുടെ അവകാശത്തെ പൂര്‍ണമായും ഹനിക്കുന്നതാണ് എന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.
ആരാധനാലയങ്ങളില്‍ യഥാവിധി നടക്കേണ്ട ദൈനംദിന ചടങ്ങുകള്‍ക്കൊപ്പം നിയന്ത്രിതമായ രീതിയില്‍ വിശ്വാസികള്‍ക്ക് ദര്‍ശനം നടത്തുന്നതിന് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം എന്ന് സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അടിയന്തരമായ നടപടിയുണ്ടാകണമെന്നും എന്നും എന്‍.എസ്.എസ് ആവശ്യപ്പെടുന്നു.
ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ലോക്ക്ഡൗണിന്റെ ആരംഭകാലത്ത് ഇളവുകള്‍ ഉണ്ടായിരുന്നു എന്ന് എന്‍.എസ്.എസ് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ വിവിധ മേഖലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ച് വിവിധ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കുന്നുണ്ട്. അവിടെയും ആരാധനാലയങ്ങളില്‍ തഴയപ്പെടുന്നതായാണ് സുകുമാരന്‍ നായര്‍ പറയുന്നത്.
എന്‍.എസ്.എസ് വാര്‍ത്താക്കുറിപ്പ് ഇറക്കി ആവശ്യം മുന്നോട്ടു വെക്കുന്നതിനു മുന്‍പ് തന്നെ വിവിധ മുസ്്‌ലിം സംഘടനകള്‍ ആരാധനാലയങ്ങള്‍ തുറക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഓരോ മേഖലയിലെയും ഇളവുകള്‍ പരിഗണിച്ച് ആരാധനാലയങ്ങള്‍ക്കും ഇളവുകള്‍ വേണമെന്നായിരുന്നു ആവശ്യം. വിവിധ സാമുദായിക സംഘടനകള്‍ ആവശ്യം ശക്തമാക്കിയതോടെ സര്‍ക്കാര്‍ ഇനി തീരുമാനം മാറ്റുമോ എന്നാണ് അറിയാനുള്ളത്.