മുംബൈ- മുംബൈയിലെ കണ്ടീവാലിയില്‍ വ്യാജ വാക്സിന്‍ പണം വാങ്ങി വിതരണം ചെയ്തുവെന്ന് ആരോപണം. മെയ് 30നാണ് ഹിരനന്ദാനി എസ്റ്റേറ്റ് സൊസൈറ്റിയില്‍ വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ഈ മേഖലയിലെ 390 പേര്‍ക്കാണ് പണം വാങ്ങി കോവിഷീല്‍ഡ് വാക്സിന്‍ വിതരണം ചെയ്തത്.
1260 രൂപ വാങ്ങിയാണ് ഒരു ഡോസ് വാക്സിന്‍ കുത്തിവെച്ചത്. അംബാനി ആശുപത്രിയില്‍ നിന്നുള്ള സംവിധാനമാണെന്നാണ് ക്യാമ്പ് സംഘടിപ്പിച്ചയാള്‍ പറഞ്ഞത്. എന്നാല്‍ കുത്തിവെപ്പിനിടെ സെല്‍ഫിയോ മറ്റ് ദൃശ്യങ്ങളോ പകര്‍ത്താന്‍ അവര്‍ സമ്മതിച്ചില്ല. വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് സര്‍ക്കാരിന്റേതായി ഒരു സന്ദേശവും ഫോണിലേക്ക് ലഭിച്ചിട്ടില്ല. വാക്സിന്‍ സ്വീകരിച്ചവരാര്‍ക്കും സ്വാഭാവികമായി ഉണ്ടാവേണ്ട ശാരീരിക അസ്വസ്ഥതകളോ പ്രശ്നങ്ങളോ ഇല്ലാതിരുന്നതും സംശയം വര്‍ധിപ്പിക്കുന്നു.
വാക്സിന്‍ സ്വീകരിച്ച് 10-15 ദിവസങ്ങള്‍ക്ക് ശേഷമാണ് സര്‍ട്ടിഫിക്കറ്റ് എന്ന പേരില്‍ പേപ്പര്‍ ലഭിച്ചതെന്നും വാക്സിന്‍ സ്വീകരിച്ചവര്‍ പറയുന്നു. ലൈഫ്ലൈന്‍, നാനാവതി, നെസ്‌കോ ബിഎംസി തുടങ്ങിയ മുംബൈയിലെ വിവിധ ആശുപത്രികളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ആണ് ഇവര്‍ക്ക് ലഭിച്ചത്. എന്നാല്‍ ആശുപത്രിയില്‍ അന്വേഷിച്ചപ്പോള്‍ ഹൗസിംഗ് കോളനിയില്‍ വാക്സിന്‍ വിതരണം ചെയ്തില്ലെന്നാണ് അധികൃതര്‍ പറയുന്നത്. കോകിലാബെന്‍ അംബാനി ആശുപത്രിയും വാക്സിന്‍ വിതരണ ക്യാമ്പ് നടത്തിയെന്ന വിവരം നിഷേധിച്ചു.
ഹൗസിംഗ് സൊസൈറ്റിയില്‍ നിന്ന് ആകെ അഞ്ച് ലക്ഷം രൂപയാണ് ക്യാമ്പ് സംഘടിപ്പിച്ചവര്‍ക്ക് നല്‍കിയത്. യഥാര്‍ഥ വാക്സിന്‍ തന്നെയാണോ നല്‍കിയതെന്ന ആശങ്കയിലാണ് ജനങ്ങള്‍.
സൊസൈറ്റിയുടെ പരാതിയില്‍ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ടു പേരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.