സിയോന ചന മരിച്ചിട്ടില്ലെന്ന വാദവുമായി കുടുംബം; ലോകത്തെ ഏറ്റവും വലിയ കുടുംബനാഥന്റെ സംസ്‌കാരം വൈകി

ഐസോള്‍- മിസോറാം തലസ്ഥാനമായ ഐസോളിലെ ആശുപത്രിയില്‍ ഞായറാഴ്ച മരിച്ച ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിലെ ഗൃഹനാഥന്‍ സിയോന ചന മരിച്ചിട്ടില്ലെന്ന അവകാശവാദവുമായി കുടുംബം. ട്രിനിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സിയോനയ്ക്ക് ഇപ്പോഴും ജീവനുണ്ടെന്ന് വിശ്വസിച്ച് കുടുംബ സംസ്‌ക്കാരം വൈകിപ്പിച്ചിരിക്കുകയാണ്. മരിച്ച നിലയിലാണ് ഞായറാഴ്ച വൈകീട്ട് ആശുപത്രിയിലെത്തിച്ചതെന്നും മരണ സാക്ഷ്യപത്രം നല്‍കിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ സിയോനയുടെ 39 ഭാര്യമാരില്‍ ഏറെ പേരും അദ്ദേഹം മരിച്ചിട്ടില്ലെന്നാണ് വിശ്വസിക്കുന്നത്. ഓക്‌സിമീറ്റല്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ പള്‍സ് ഉള്ളതായും ശരീരം ചൂടുള്ളതായും അനുഭവപ്പെടുന്നുവെന്നാണ് സിനോയ ചന ഉള്‍പ്പെടുന്ന ക്രിസ്തീയ സഭയുടെ സെക്രട്ടറി സൈറ്റിന്‍ഖുമ പറയുന്നത്. 

ഈ അവസ്ഥയില്‍ സംസ്‌ക്കാരം നടത്തുന്നത് ശരിയല്ലെന്ന് കണ്ട് കുടുംബാംഗങ്ങള്‍ ചടങ്ങ് മാറ്റിവെക്കുകയായിരുന്നു. ശരീരത്തില്‍ ചൂടും പള്‍സും ഉള്ളതിനാല്‍ സംസ്‌ക്കാരം എപ്പോള്‍ നടത്തണമെന്ന് ഇപ്പോള്‍ തീരുമാനിക്കാനാവില്ലെന്നാണ് സൈറ്റിന്‍ഖുമ പറയുന്നത്. സിയോനയുടെ മരിച്ചതായി ഡോക്ടര്‍മാര്‍ ഉറപ്പു പറയുന്നുണ്ടെങ്കിലും അംഗീകരിക്കാന്‍ കുടുംബാംഗങ്ങളും സമുദായ നേതാക്കളും ഇവരുടെ ക്രിസ്തീയ സഭയും തയാറായിട്ടില്ല.

Latest News