മലപ്പുറം- വാട്‌സാപ്പ് വഴിയുള്ള വ്യാജ വാർത്താ പ്രചാരണം വീണ്ടും. കാസർക്കോട് കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ മകളുടെ ചിത്രം ഉപയോഗിച്ചാണ് വ്യാജപ്രചാരണം.
പരപ്പനങ്ങാടി കടപ്പുറത്ത് നാടോടി സ്ത്രീ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞുവെന്നും കുട്ടിയെ പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിൽ ഏൽപ്പിച്ചുവെന്നുമാണ് വ്യാജ പ്രചാരണം. ഈ കുഞ്ഞിനെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ താലോലിക്കുന്ന ചിത്രമെടുത്താണ് ശൂരനാട് അലി എന്ന പേരിൽ വാട്‌സാപ്പിൽ പ്രചാരണം നടക്കുന്നത്.
സുഹൃത്തുക്കളെ, ഞാൻ ശൂരനാട് അലി. കഴിഞ്ഞദിവസം പരപ്പനങ്ങാടി കടപ്പുറത്ത് ആളുകളെ കണ്ടപ്പോൾ നാടോടി സ്ത്രീ ഉപേക്ഷിച്ചുപോയ വെളുത്ത നിറമുള്ള കുട്ടിയാണിതെന്നും പാണക്കാട് മുനവറലി തങ്ങളുടെ നിർദ്ദേശപ്രകാരം പരപ്പനങ്ങാടി പോലീസ് കേസ് അന്വേഷിക്കുന്നുവെന്നുമാണ് പ്രചാരണം.
എന്നാൽ ഇങ്ങിനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷൻ അധികൃതർ അറിയിച്ചു. രണ്ടു ദിവസം മുമ്പ് ഇത്തരം പ്രചാരണം ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും പോലീസ് മലയാളം ന്യൂസിനോട് പറഞ്ഞു.
വ്യാജപ്രചാരണമാണെന്ന് പാണക്കാട് മുനവറലി തങ്ങളും മലയാളം ന്യൂസിനോട് പറഞ്ഞു. റിയാസ് മൗലവിയുടെ മകളാണ് തനിക്കൊപ്പമുള്ളതെന്നും അദ്ദേഹം പറഞ്ഞു.