Sorry, you need to enable JavaScript to visit this website.

അപ്പനും അമ്മയും വിവാഹ ചെലവ് 14 ലക്ഷമായി കുറച്ചു,  ഒളിച്ചോടിപ്പോകുമെന്ന് വധുവിന്റെ ഭീഷണി

വാഷിംഗ്ടണ്‍- വിവാഹത്തിന് മാതാപിതാക്കള്‍ ചെലവഴിക്കാമെന്ന് പറഞ്ഞ തുക കുറഞ്ഞതിന്റെ വിഷമത്തിലാണ് യു.എസിലെ ഒരു യുവതി.നേരത്തെ നല്‍കിയ വാക്ക് തെറ്റിച്ച് വിവാഹത്തിന്റെ ബജറ്റ് വെറും 20,000 ഡോളറാക്കി(ഏകദേശം 14.66 ലക്ഷം) വെട്ടിച്ചുരുക്കിയതിലാണ് യുവതിയുടെ പ്രതിഷേധം. ഈ നിലപാട് തുടരുകയാണെങ്കില്‍ താന്‍ ഒളിച്ചോടി പോകുമെന്ന് യുവതി ഭീഷണി മുഴക്കുകയും ചെയ്തിട്ടുണ്ട്.
സാമൂഹികമാധ്യമമായ റെഡ്ഡിറ്റിലാണ് പ്രതിശ്രുത വധുവായ യുവതിയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 
'അടുത്തിടെയാണ് എന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. തുടര്‍ന്ന് ഞാന്‍ വിവാഹത്തിനുള്ള മുന്നൊരുക്കങ്ങളും ആരംഭിച്ചു. എന്റെ മാതാപിതാക്കളുടെ ഒരേയൊരു മകളാണ് ഞാന്‍. നാലര ലക്ഷം ഡോളറോളം അവര്‍ ഒരു വര്‍ഷം സമ്പാദിക്കുന്നുണ്ട്. എന്റെ വിവാഹത്തിന് പണം ചെലവഴിക്കാമെന്ന് അവര്‍ എല്ലായ്‌പ്പോഴും പറയുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹം ഉറപ്പിച്ചതോടെ ഞാന്‍ തന്നെ വിവാഹത്തിനുള്ള ബജറ്റ് തയ്യാറാക്കി. ഏകദേശം 25,000 ഡോളറായിരുന്നു എന്റെ ബജറ്റ്. അപ്പോള്‍ പിതാവ് പറഞ്ഞു, വിവാഹത്തിന് വേണ്ടി കരുതിയ ബജറ്റ് 40,000 ഡോളറാണെന്ന്.
ഇതോടെ എല്ലാം ഞാന്‍ തന്നെ ചെയ്യുന്നതില്‍നിന്ന് എനിക്ക് ആശ്വാസം ലഭിച്ചു. എന്നാല്‍ ഇതിനിടെയാണ് മാതാവ് ഒരു വാഗ്ദാനം മുന്നോട്ടുവെച്ചത്. വിവാഹചെലവുകളില്‍ കുറവുവരുത്തിയാല്‍ കുറച്ച് പണം എനിക്ക് സമ്മാനമായി നല്‍കാമെന്നായിരുന്നു അവരുടെ വാഗ്ദാനം. എന്നാല്‍, ഞാനും എന്റെ പ്രതിശ്രുത വരനും അത് വേണ്ടെന്നുവെച്ചു. ഇതിനുപുറമേ മാതാവ് അവരുടെ സുഹൃത്തുക്കള്‍ മക്കളുടെ വിവാഹത്തിന് വേണ്ടി ചെലവഴിച്ച പണത്തിന്റെ കണക്കുകളും ശേഖരിച്ചു. (അതെല്ലാം 25,000 ഡോളറിന് മുകളിലായിരുന്നു). ഇതോടെയാണ് സാമ്പത്തികകാര്യത്തില്‍ അല്‍്പം മാറ്റംവരുത്താമെന്ന് അവര്‍ തീരുമാനിച്ചത്.
തുടര്‍ന്ന് നേരത്തെയുള്ള രണ്ട് ബജറ്റുകളും തള്ളിക്കളഞ്ഞ മാതാപിതാക്കള്‍ വെറും 20,000 ഡോളറിന്റെ വിവാഹബജറ്റാണ് എനിക്ക് അനുവദിച്ചത്. തുടക്കത്തിലേ ഇതാണ് ബജറ്റെന്ന് പറഞ്ഞിരുന്നെങ്കില്‍ ഇത്രയും വിഷമം ഉണ്ടാകുമായിരുന്നില്ല. ഇതിപ്പോള്‍ 3000 ഡോളറിന്റെ വിവാഹവസ്ത്രം വാങ്ങിയതിന് ശേഷമാണ് പുതിയ ബജറ്റ് ഉണ്ടാക്കിയിരിക്കുന്നത്. അതിനാല്‍ ഇനി വെറും 17,000 ഡോളര്‍ മാത്രമേ ബാക്കിയുള്ളൂവെന്നും യുവതി പറയുന്നു.
തന്റെ വിവാഹബജറ്റ് വെട്ടിച്ചുരുക്കിയ മാതാപിതാക്കള്‍ മറ്റു കാര്യങ്ങള്‍ക്കായി ധാരാളം പണം ചെലവഴിക്കുന്നതിനെക്കുറിച്ചും യുവതി വിശദീകരിച്ചിട്ടുണ്ട്. ബേസ്‌ബോള്‍ മത്സരത്തിന് 200 ഡോളറിന്റെ ടിക്കറ്റ് വാങ്ങാനും മിക്ക ദിവസങ്ങളിലും അത്താഴത്തിന് 100 ഡോളറിലേറെ ചെലവഴിക്കാനും അവര്‍ക്ക് പ്രശ്‌നമില്ലെന്നാണ് യുവതി പറയുന്നത്. ജൂനിയര്‍ കോളേജ് വിദ്യാര്‍ഥിയായ ഇളയ സഹോദരന് കാര്‍ വാങ്ങി നല്‍കിയതും യുവതിയെ ചൊടിപ്പിച്ചിട്ടുണ്ട്. ഒളിച്ചോടുമെന്ന് പറഞ്ഞപ്പോള്‍ മാതാവ് അതിന് അനുവദിക്കുന്നില്ലെന്നും അതും അവര്‍ക്ക് പ്രശ്‌നമാണെന്നും യുവതി പറയുന്നു. എന്തായാലും മാതാപിതാക്കളുമായി വിവാഹബജറ്റിനെചൊല്ലി വഴക്കിടുന്നതിന് പകരം താനിഷ്ടപ്പെടുന്നയാളെ വിവാഹം കഴിക്കാനാണ് തനിക്ക് താത്പര്യമെന്ന് പറഞ്ഞാണ് യുവതിയുടെ കുറിപ്പ് അവസാനിക്കുന്നത്.
 

Latest News