നോയ്ഡ- പിണങ്ങിക്കഴിയുന്ന ഭാര്യയ്ക്ക് പണികൊടുക്കാനായി അവരുടെ നഗ്നചിത്രങ്ങള്‍ വ്യാജ പ്രൊഫൈലുണ്ടാക്കി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിനെ നോയ്ഡ പോലീസ് അറസ്റ്റ് ചെയ്തു. അപകീര്‍ത്തിപ്പെടുത്തുന്ന കുറിപ്പിനൊപ്പം പലചിത്രങ്ങളും ഇയാള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചിരുന്നു. ഗുഡ്ഗാവ് സ്വദേശിയായ 32കാരനാണ് പിടിയിലായത്. ഇയാള്‍ പവന്‍ ധഖന്‍ എന്ന വ്യാജപേരില്‍ പ്രൊഫൈലുണ്ടാക്കിയാണ് സ്വന്തം ഭാര്യയെ അപകീര്‍ത്തിപ്പെടുത്തിയത്. 2010ലാണ് ഇവരുടെ വിവാഹം നടന്നത്. ഇവര്‍ക്ക് രണ്ടു കുട്ടികളുമുണ്ട്. ഇതിനിടെ ബന്ധം വഷളായതോടെ യുവാവ് ഭാര്യയെ സ്ഥിരമായി മര്‍ദിച്ചു. ഒടുവില്‍ ഭാര്യ വീടുപേക്ഷിച്ച് നോയ്ഡയിലേക്കു പോകുകയായിരുന്നു. ഇവിടെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്തു വരുന്ന വിവരം അറഞ്ഞ ഭര്‍ത്താവ് പ്രതികാരമായി ഫെയ്‌സ്ബുക്കില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി യുവതിയെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പവന്‍ ധഖന്‍ എന്നയാള്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതായി മേയ് 21നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ ഭര്‍ത്താവ് തന്നെയാണ് ഇതിനു പിന്നിലെന്ന് പോലീസ് സംശയിച്ചത്. അന്വേഷണത്തിലൂടെ ഇത് സ്ഥിരീകരിക്കുകയായിരുന്നു. ചൊവ്വാഴ്ച ഗുഡ്ഗാവില്‍ നിന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ജോലി ചെയ്യാതെ മദ്യത്തിനടിമയായി കഴിയുന്ന യുവാവിപ്പോള്‍ കസ്റ്റഡിയിലാണ്.






