Sorry, you need to enable JavaScript to visit this website.

മരം മുറി ഉത്തരവിനായി മുൻ എം.എൽ.എ ശശീന്ദ്രൻ മുഖ്യമന്ത്രിക്ക് നൽകിയ കത്ത് പുറത്ത്

കൽപറ്റ എം.എൽ.എയായിരിക്കെ സി.കെ. ശശീന്ദ്രൻ  മുഖ്യമന്ത്രിക്കു അയച്ച കത്തിന്റെ പകർപ്പ്. 

കൽപറ്റ- വയനാട്ടിലെ റവന്യൂ പട്ടയഭൂമികളിലുള്ള ഈട്ടിമരങ്ങൾ കൈവശക്കാർക്ക് മുറിച്ചെടുക്കുന്നതിനു ഉതകുന്ന ഉത്തരവിനായി സി.പി.എം നേതാവായ കൽപറ്റ മുൻ എം.എൽ.എ സി.കെ. ശശീന്ദ്രൻ മുഖ്യമന്ത്രിക്കു നൽകിയ കത്ത് പുറത്ത്. വയനാട് റവന്യൂ പട്ടയഭൂമി സംരക്ഷണ സമിതിക്കായി പ്രസിഡന്റ് ടി.എം. ബേബി സമർപ്പിച്ച നിവേദനം ഉള്ളടക്കം ചെയ്തു 2020 ഫെബ്രുവരി 12 നാണ് എം.എൽ.എ കത്ത് നൽകിയത്. ഈട്ടിമരങ്ങൾ മുറിക്കുന്നതിനു പൊതുഫയലിൽ ഇല്ലാത്ത പാക്കേജായി ഉത്തരവിറക്കണമെന്ന ആവശ്യം അനുഭാവപൂർവം പരിഗണിക്കണമെന്ന് കത്തിൽ അഭ്യർഥിക്കുന്നു. 
റവന്യൂ പട്ടയഭൂമിയിലെ ഈട്ടി ഉൾപ്പെടെ എല്ലായിനം മരങ്ങളും മുറിച്ചെടുക്കാൻ കൈവശക്കാരെ അനുവദിക്കണമെന്ന് വർഷങ്ങളായി ആവശ്യപ്പെടുന്ന സംഘടനയാണ് വയനാട് റവന്യൂ പട്ടയഭൂമി സംരക്ഷണ സമിതി. സി.പി.എമ്മും സി.പി.ഐയുമടക്കം മിക്ക രാഷ്ട്രീയ പാർട്ടികളിലുമുള്ള കർഷകർ സമിതിയിൽ അംഗങ്ങളാണ്. സമിതി എം.എൽ.എ മുഖേന മുഖ്യമന്ത്രിക്കു നിവേദനം നൽകിയതിനു പിന്നാലെയാണ് റവന്യൂ പട്ടയഭൂമികളിലെ റിസർവ് മരങ്ങൾ മുറിക്കാൻ അനുമതി നൽകി 2020 മാർച്ചിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി സർക്കുലർ ഇറക്കിയത്. 
തൃശൂരിലെ വൺ ലൈഫ് വൺ എർത്ത് എന്ന പരിസ്ഥിതി സംഘടനയുടെ ഹരജിയിൽ ഹൈക്കോടതി ഉത്തരവിട്ടതനുസരിച്ചാണ് സർക്കാർ ഈ സർക്കുലർ മരവിപ്പിച്ചത്. പിന്നീട് 2020 ഒക്ടോബറിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിലാണ് ഇപ്പോൾ വിവാദമായ മരംമുറി നടന്നത്. റവന്യൂ വകുപ്പ് ഇറക്കിയ സർക്കുലറും ഉത്തരവും മുഖ്യമന്ത്രിയുടെയും ബന്ധപ്പെട്ട വകുപ്പു മന്ത്രിമാരുടെയും അറിവോടെയായിരുന്നുവെന്നു വ്യക്തമാക്കുന്നതാണ് സി.കെ. ശശീന്ദ്രന്റെ കത്ത്. 

 

Latest News