കൊച്ചി - പരാതി നൽകാൻ സ്ത്രീകൾ നേരിട്ട് പോലീസ് സ്റ്റേഷനിലെത്തേണ്ട. നഗരത്തിലെ കിയോസ്‌കുകളിലുള്ള കംപ്യൂട്ടറിൽ വിരലൊന്നമർത്തിയാൽ പരാതി കേൾക്കാൻ വനിതാ പൊലീസ് ഓഫീസർമാർ റെഡി. മിത്രം സ്മാർട്ട് പോലീസ് കിയോസ്‌കാണ് സ്ത്രീകൾക്ക് കൂട്ടിനുള്ളത്. അടിയന്തര ഘട്ടങ്ങളിൽ പോലീസ് സഹായത്തിനും ഈ കിയോസ്‌ക് തയാർ. കിയോസ്‌കിലെ ടച്ച് സ്‌ക്രീനിൽ വിരൽ തൊട്ട് കൺട്രോൾ സെന്ററിലെ വനിതാ പോലീസ് ഓഫീസറുമായി സ്ത്രീകൾക്ക് നേരിട്ട് പരാതി പറയാം. അവിടെവെച്ചു പരാതി രേഖാമൂലം കൺട്രോൾ സെന്ററിലേക്കു നൽകാനുമാകും. നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന കിയോസ്‌കുകളിലെ കംപ്യൂട്ടറിനെ സ്മാർട്ട് പോലീസ് കിയോസ്‌ക് കൺട്രോൾ സെന്ററുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
ഹൈക്കോടതിക്ക് സമീപത്തെ പോലീസ് ക്ലബിന് മുന്നിൽ സ്ഥാപിച്ച കിയോസ്‌കിന്റെ ഉദ്ഘടനം ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വീഡിയോ കോൺഫെറൻസിംഗിലൂടെ നിർവഹിച്ചു. കമ്മീഷണർ സി.എച്ച് നാഗരാജു, അഡീഷനൽ ഡി.സി.പി കെ.പി. ഫിലിപ്, ഡി.സി.പി ഐശ്വര്യ ദോങ്‌റെ എന്നിവരും പങ്കെടുത്തു.