Sorry, you need to enable JavaScript to visit this website.

പാലത്തായി കേസ്: കുറ്റപത്രം വൈകുന്നതിൽ  ഒത്തുകളിയെന്ന് സംശയം -ജബീന ഇർഷാദ്

കോഴിക്കോട് - ബി.ജെ.പി.നേതാവ് പത്മരാജൻ നാലാം ക്ലാസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പാലത്തായി കേസിൽ വീണ്ടും ഒരു ഒത്തുകളി നടക്കുന്നതായി സംശയമുണ്ടെന്ന് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ്. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ബോധപൂർവ്വം വൈകിപ്പിക്കുന്നത് പ്രതിയെ സഹായിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് അവർ പറഞ്ഞു. 

കുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന മെഡിക്കൽ റിപ്പോർട്ട് മറച്ചുവെച്ചു കൊണ്ടാണ് കഴിഞ്ഞ തവണ ഭാഗിക കുറ്റപത്രമെന്ന പേരിൽ പോക്‌സോ ഒഴിവാക്കി സമർപ്പിച്ചത്. ഇപ്പോൾ പുതിയ അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയ രീതിയിലുള്ള അന്വേഷണത്തിന്റെ ഫോറൻസിക് റിപ്പോർട്ട് ഉൾപ്പടെ ലഭിച്ചിട്ടും കുറ്റപത്രം സമർപ്പിക്കാതെ നീട്ടിക്കൊണ്ട് പോവുകയാണ് ചെയ്യുന്നത്. പ്രതിക്കെതിരെയുള്ള മുഴുവൻ തെളിവും ലഭിച്ചിട്ടും കുറ്റപത്രം സമർപ്പിക്കാതെ നീട്ടിക്കൊണ്ട് പോകുന്നതിനെ കുറിച്ച് അന്വേഷണോദ്യോഗസ്ഥനോട് അന്വേഷിച്ചപ്പോൾ സാങ്കേതിക തടസ്സമെന്ന് ഒഴുക്കൻ മട്ടിൽ പറയുകയാണ് ചെയ്യുന്നത്.
ഇപ്പോൾ സി.ബി.ഐ.അന്വേഷണമാവശ്യപ്പെട്ട് പത്മരാജൻ ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ സർക്കാറിനോട് നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ആ കുഞ്ഞുമോൾക്ക് നീതി കിട്ടണമെന്നും പ്രതി ബി.ജെ.പി നേതാവ് പത്മരാജൻ ശിക്ഷിക്കപ്പെടണമെന്നും സർക്കാറിന് 
ആത്മാർത്ഥതയുണ്ടെങ്കിൽ എത്രയും പെട്ടെന്ന് പോക്‌സോ നിയമമനുസരിച്ച വകുപ്പുകൾ ചേർത്ത് കുറ്റപത്രം സമർപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും ജബീന ഇർഷാദ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 

Latest News