ദമാം- ദമാമിലും പരിസര പ്രദേശങ്ങളിലും നൂറുകണക്കിന് വീടുകൾ കൊള്ളയടിച്ചു വിലപിടിപ്പുള്ള സാധനങ്ങൾ അപഹരിക്കുന്നതായി പരാതി. ഇരകളാവുന്നവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരടക്കമുള്ള വിദേശികളാണ്. കോവിഡ് മഹാമാരി കാരണം പ്രയാസകരമായ ഈ ദുരിത കാലത്തും മോഷണത്തിനും പിടിച്ചു പറിക്കും ഒരു കുറവുമില്ലെന്നതാണ് ഏറെ ശ്രദ്ധേയം. കഴിഞ്ഞ ദിവസം ദമാം ഷറാാട്ടൻ ഹോട്ടലിന് സമീപം താമസിക്കുന്ന തൃശൂർ സ്വദേശി കുടുംബവുമായി വൈകുന്നേരം നടക്കാനിറങ്ങി തിരിച്ചെത്തിയപ്പോഴേക്കും വീട്ടിലുള്ള വിലപിടിപ്പുള്ള വീട്ടുപകരണങ്ങളടക്കം നിരവധി സാധനങ്ങളാണ് മോഷ്ടാക്കൾ കവർന്നത്. ടെലിവിഷൻ, ലാപ്പ്ടോപ്പ്, ഫ്രിഡ്ജ്. വാഷിംഗ് മെഷിൻ, തുടങ്ങിയവക്ക് പുറമേ അഞ്ചു പവൻ സ്വർണ്ണവും നഷ്ടമായി. അടുത്ത വീട്ടിലെ കാമറ പരിശോധിച്ചപ്പോൾ നമ്പർ പ്ലേറ്റില്ലാത്ത ഒരു പിക്കപ്പിലാണ് സാധനങ്ങൾ കടത്തിയതെന്ന്്് മനസ്സിലായി. കാമറയിൽ കൂടുതൽ വ്യക്തതയില്ലാതതിനാൾ ആളുകളെ തിരിച്ചറിയാൻ ഏറെ പ്രയസകരമാണെങ്കിലും തോപ്പ് ധരിച്ച നാല് പേരാണ് മോഷ്ടാക്കൾ എന്ന് തിരിച്ചറിഞ്ഞു. പോലീസിൽ പരാതി നൽകിയെങ്കിലും നാലു ദിവസമായിട്ടും ആരെയും പിടിച്ചില്ല.
ഇതിനു സമാനമായി തന്നെയാണ് ദമാം ഇന്ത്യൻ സ്‌കൂൾ അദ്ധ്യാപകൻ കോതമംഗലം സ്വദേശി ഷിയാസ് താമസിക്കുന്ന വീട് കൊള്ളയടിച്ചു ലാപ്‌ടോപ്പും മൊബൈലും പണവും നഷ്ടമായത്. കഴിഞ്ഞ പത്തു വർഷമായി ദമാം ഇന്ത്യൻ സ്‌കൂളിൽ എക്കണോമികസ് അധ്യാപകനായ ഇദ്ദേഹം ശനിയാഴ്ച രാവിലെ ബാഡ്മിന്റൻ കളിക്കായി പുറത്തു പോയി ഒന്നര മണിക്കൂറിനു ശേഷം തിരിച്ചെത്തിയപ്പോഴേക്കും പുറത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. വീടിനകത്തുള്ള അലമാരകളും മറ്റും വാരി വിതറി അരിച്ചുപെറുക്കി കയ്യിൽ കിട്ടിയതെല്ലാം തകർത്താണ് മോഷ്ടാക്കൾ സ്ഥലം വിട്ടത്. നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസ്സുകൾക്ക്് വേണ്ട ഡാറ്റകൾ സൂക്ഷിച്ചിരുന്ന ലാപ്പ് ടോപ്പ് നഷ്ടമായതും നിരവധി കോണ്ടാക്ട് നമ്പറുകൾ സൂക്ഷിച്ചിരുന്ന മൊബൈലും നഷ്ടമായതിൽ ഏറെ വിഷമത്തിലാണ് അദ്ദേഹം. തലേ ദിവസം വെള്ളിയാഴ്ച പുലർച്ച നാല് മണിക്ക് പോലീസ് വേഷത്തിൽ മൂന്ന് പേർ ഇദ്ദേഹത്തെ വീട്ടിലെ വാതിൽ തട്ടി വിളിക്കുകയും വീടിനകത്ത് ഒരു ബംഗാളി പെണ്ണുണ്ടെന്ന വിവരമുണ്ടെന്നും അവളെവിടെ എന്ന ചോദ്യവുമായാണ് അവർ എത്തിയതെന്നും ഷിയാസ് പറഞ്ഞു. ഇവിടെ തനിച്ചാണ് താമസിക്കുന്നതെന്ന വിവരം പറഞ്ഞിട്ടും വിശ്വസിക്കാതെ അവർ മൂന്നു പേരും വീടിനകത്ത് പരിശോധിച്ച് തിരിച്ചു പോയെന്നും ഇദ്ദേഹം പറയുന്നു. മോഷണവുമായി ഈ സംഭവത്തിന് ബന്ധമുണ്ടോയെന്നും തലേ ദിവസം വന്നത് പോലീസുകാർ തന്നെയാണോ എന്നും സംശയിക്കുന്നതായി അദ്ദേഹം പറയുന്നു. ഏതായാലും ഇക്കാര്യങ്ങളെല്ലാം പരാമർശിച്ചു പോലീസിനു പരാതി നൽകിയിട്ടുണ്ട്.
ദമാം ഗുർനാത്ത, അദാമ, മസ്രോഇയ അൽ കോബാർ, തുഖ്ബ, റാക്ക എന്നിവിടങ്ങളിൽ വിദേശികൾ താമസിക്കുന്ന വിവിധ സ്ഥലങ്ങളിൽ ഇതിനു സമാനമായ ഭവനഭേദനങ്ങൾ നടന്നതായി റിപ്പോർട്ടുകൾ ഉണ്ട്. നിലവിലെ സാഹചര്യത്തിൽ അവധിക്കു നാട്ടിൽ പോയി തിരിച്ചു വരാൻ കഴിയാതെ കുടുങ്ങിക്കിടക്കുന്നവരുടെ വീടുകൾ പലതും കൊള്ളയടിച്ചതായും പരാതികളുണ്ട്. കുടുംബവുമായി താമസിക്കുന്ന വീടുകൾ നോക്കി വെച്ച് വീട്ടുകാർ പുറത്തു പോകുന്ന അവസരം നോക്കിയാണ് മോഷ്ടാക്കൾ കൊള്ളയടിക്കുന്നത്. ഒരാഴ്ച മുമ്പ് ദമാം അൽ റാബിയിൽ സുഡാനി താമസിക്കുന്ന വീട്ടിൽ കയറിയ മോഷ്ടടാക്കളെ നേരിട്ട വീട്ടുടമ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാജ ഐ ഡി യും യുനിഫോമും ഉപയോഗിച്ച് വിദേശികൾ താമസിക്കുന്ന വീടുകളിൽ എത്തി പരിശോധന നടത്തി മോഷണം നടത്തുന്ന കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
രാത്രി കാലങ്ങളിലും മറ്റു അസാധാരണ സമയത്തും അപരിചിതർ വിളിക്കുമ്പോൾ വാതിലുകൾ തുറക്കരുതെന്നും പരിശോധനയുടെ പേര് പറഞ്ഞു സമീപിക്കുമ്പോൾ ഐ ഡി ആവശ്യപ്പെടുകയും അത് ശരിയാണെന്ന് ഉറപ്പു വരുത്തി മാത്രമേ അനുമതി നൽകാവൂ എന്നും സാമൂഹ്യ പ്രവർത്തകർ പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകുന്നു. സംശയകരമായ സാഹചര്യത്തിൽ പോലീസിന്റെ സഹായം തേടണമെന്നും അടുത്ത സുഹൃത്തുക്കളെയും വിവരങ്ങൾ യഥാ സമയം അറിയിക്കണമെന്നും ഇവർ അറിയിച്ചു.