കൊണ്ടോട്ടി- കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് യാത്രക്കാരില്‍നിന്ന് 71 ലക്ഷത്തിന്റെ 1.546 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ്് പിടികൂടി. ദുബായില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ മലപ്പുറം കോട്ടക്കല്‍ സ്വദേശിയില്‍നിന്ന് 951 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കണ്ടെത്തിയത്. ശരീരത്തിനുളളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു. ഇതില്‍ 44 ലക്ഷത്തിന്റെ 874 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു.
ജിദ്ദയില്‍നിന്നുളള സ്‌പൈസ്‌ജെറ്റിലെത്തിയ എടപ്പാള്‍ സ്വദേശിയില്‍നിന്നും 15 ലക്ഷത്തിന്റെ 302 ഗ്രാമും മലപ്പുറം സ്വദേശിയില്‍നിന്നും 17 ലക്ഷത്തിന്റെ 350 ഗ്രാമുമാണ് പിടിച്ചത്. ദണ്ഡ് രൂപത്തിലാക്കി എമര്‍ജന്‍സി ലാംപിനുളളിലും കളിപ്പാട്ടങ്ങള്‍ക്കുള്ളിലുമാണ് സ്വര്‍ണം ഒളിപ്പിച്ചത്.
ജോയന്റ കമീഷണര്‍ വൈഗേഷ് കുമാര്‍ സിംഗ്, സൂപ്രണ്ടുമാരായ കെ.പി. മനോജ്, എം. ഉമാദേവി, സൗരഭ് കുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ ടി.എസ്. അഭിലാഷ് തുടങ്ങിയ സംഘമാണ് സ്വര്‍ണം പിടിച്ചത്.