Sorry, you need to enable JavaScript to visit this website.

ദളിത് പ്രതിഷേധം: പൂനെയില്‍ പ്രസംഗിച്ച ജിഗ്നേഷ് മേവാനിക്കും ഉമര്‍ ഖാലിദിനുമെതിരെ കേസ് 

പൂനെ- ദളിതരുടെ ഭീമ കൊറെഗാവ് യുദ്ധ വിജയാഘോഷത്തില്‍ പ്രകോപനപരമായി പ്രസംഗിച്ചുവെന്ന പരാതിയില്‍ ഗുജറാത്തിലെ ദളിത് നേതാവും എംഎല്‍എയുമായി ജിഗ്നേഷ് മേവാനിക്കും ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനുമെതിരെ മഹാരാഷ്ട്ര പോലീസ് കേസെടുത്തു.

സാമുദായിക ശത്രുത പ്രോത്സാഹിപ്പിക്കുകുയം ജനങ്ങളെ ഇളക്കിവിടുകയും ചെയ്യുന്ന തരത്തില്‍ ഇരുവരും പ്രസംഗിച്ചുവെന്ന് കാണിച്ച് രണ്ടു യുവാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ബുധനാഴ്ച രാത്രി വൈകി പോലീസ് കേസെടുത്തത്. ഭീമ കൊറെഗാവ് യുദ്ധവിജയത്തിന്റെ 200-ാം വാര്‍ഷികം ആഘോഷത്തിന്റെ ഭാഗമായി പൂനെയിലെ ശനിവാര്‍വാഡയില്‍ സംഘടിപ്പിച്ച പരിപാടിയിലെ പ്രസംഗത്തിന്റെ പേരിലാണ് കേസ്.

ജിഗ്നേഷിന്റേയും ഉമറിന്റേയും പ്രസംഗങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.  ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ ഒന്നിലേറെ വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരേ ചുമത്തിയിട്ടുള്ളത്. 

1818-ല്‍ ഭീമ കൊറെഗാവില്‍ ബ്രാഹ്മണ രാജാവിനെ തോല്‍പ്പിച്ച ദളിതരുടെ യുദ്ധവിജയാഘോഷത്തിന്റെ 200-ാം വാര്‍ഷികമായിരുന്നു ഇത്തവണ. പൂനെയില്‍ നടന്ന എല്‍ഗാര്‍ പരിഷത്തില്‍ ജിഗ്നേഷിനേയും ഉമറിനേയും കൂടാതെ രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല, ബി ആര്‍ അംബേദ്കറുടെ പൗത്രന്‍ പ്രകാശ് അംബേദ്കര്‍, ആദിവാസി ആക്ടിവിസ്റ്റ് സോണി സോറി, ഭീം ആര്‍മി നേതാവ് രതന്‍ സിങ് എന്നിവരും പങ്കെടുത്തിരുന്നു. 

 

 

 

Latest News