വാക്‌സിനേഷന് കോവിന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ലെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂദല്‍ഹി- കോവിഡ് 19 വാക്‌സിന്‍ ലഭിക്കുന്നതിന് കോവിന്‍ പ്ലാറ്റ്‌ഫോമില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വാക്‌സിനേഷന്‍ സെന്ററിലേക്ക് നേരിട്ട് ചെന്ന് അവിടെ രജിസ്റ്റര്‍ ചെയ്ത് ഇതേദിവസം തന്നെ വാക്‌സിന്‍ സ്വീകരിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ ഒരുക്കിയ ഓണ്‍ലൈന്‍ സംവിധാനമായ കോവിന്‍ പ്ലാറ്റ്‌ഫോം വിവിധ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ സംവിധാനങ്ങളില്‍ ഒന്ന് മാത്രമാണെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ആരോഗ്യ പ്രവര്‍ത്തകരും ആശ വര്‍ക്കര്‍മാരും ഗ്രാമീണ മേഖലകളിലും നഗരങ്ങളിലെ ചേരിപ്രദേശങ്ങളിലും നേരിട്ടെത്തി ഓണ്‍സൈറ്റ് രജിസ്‌ട്രേഷന്‍ നടത്തും. 

കോവിനില്‍ രജിസ്റ്റര്‍ ചെയ്ത 28.36 കോടി ആളുകളില്‍ 16.45 കോടി ഗുണഭോക്താക്കളും (58 ശതമാനം) ഓണ്‍സൈറ്റ് ആയാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. കോവിനില്‍ രേഖപ്പെടുത്തിയ 24.84 കോടി വാക്‌സിന്‍ ഡോസുകളില്‍ 80 ശതമാനത്തോളം ഡോസുകളും (19.84 കോടി) വിതരണം ചെയ്തത് ഓണ്‍സൈറ്റ് രജിസ്‌ട്രേഷനനിലൂടെയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ 71 ശതമാനവും ഗ്രാമീണ മേഖലകളിലാണെന്നും കുറിപ്പില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
 

Latest News