ട്വിറ്റര്‍ ഉദ്യോഗസ്ഥര്‍ക്ക് വിശദീകരണം നല്‍കാന്‍ അവസരം; ശശി തരൂരുമായി കൂടിക്കാഴ്ച 18-ന്

ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിരിക്കെ, ട്വിറ്ററിന്റെ ഉന്നത ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ നേതൃത്വം നല്‍കുന്ന പാര്‍ലമെന്ററി സമതി വിളിപ്പിച്ചു. സോഷ്യല്‍ മീഡിയ ദുരുപയോഗം തടയുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുന്നതിന് 18ന് വെള്ളിയാഴ്ച ഹാജരാകണമെന്നാണ് ട്വിറ്റര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പുതിയ ഐ.ടി. നിയമങ്ങള്‍ അനുസരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ട്വിറ്ററിന് അവസാനത്തെ നോട്ടീസ് നല്‍കിയിരുന്നു.
പൗരാവകാശങ്ങളുടെ സംരക്ഷണവും സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം തടയുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഫേസ്ബുക്ക്  അടക്കമുള്ള സോഷ്യല്‍ മീഡിയക ഉദ്യോഗസ്ഥരെ ഇന്‍ഫര്‍മേഷന്‍ ആന്റ് ടെക്‌നോളജിയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി നേരത്തെ വിളിപ്പിച്ചിരുന്നു.
പുതിയ നിയമങ്ങളെ കുറിച്ചും സോഷ്യല്‍ മീഡിയ ദുരുപയോഗം തടയുന്നതിനായി സ്വീകരിക്കുന്ന നടപടികളെ കുറിച്ചും വിശദീകരണം നല്‍കുന്നതിന് അവസരം നല്‍കുകയാണ് 18 ന് നിശ്ചയിച്ച കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്ന് ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച നോട്ടീസില്‍ പറയുന്നു.

 

Latest News