Sorry, you need to enable JavaScript to visit this website.

ടൂറിസത്തിലെ സാഹിത്യ വഴികൾ


കേരളത്തിലെ പുതിയ ഇടതുമുന്നണി സർക്കാരിന്റെ ആദ്യ ബജറ്റിൽ മലബാർ മേഖലക്ക് ലഭിച്ചത് ഏറെ സുപ്രധാനമായൊരു സമ്മാനമാണ്. തെക്കേ മലബാറിലെ സാഹിത്യ, സാംസ്‌കാരിക കേന്ദ്രങ്ങളെ കോർത്തിണക്കി പുതിയൊരു ടൂറിസം ശൃംഖല യാഥാർഥ്യമാക്കുമെന്നാണ് പുതിയ ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ തന്റെ കന്നി ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. മലബാർ ലിറ്റററി സർക്യൂട്ട് എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ പദ്ധതി യാഥാർഥ്യമാകുകയാണെങ്കിൽ അത് മലബാറിന്റെ ടൂറിസം മേഖലയിൽ വളർച്ചക്ക് സഹായിക്കും. ഒപ്പം കേരളത്തിലെ തന്നെ സാഹിത്യ രംഗത്തിന് പുതിയൊരുണർവം സമ്മാനിക്കും.

കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ സുപ്രധാനമായ സാഹിത്യ, സാംസ്‌കാരിക കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ബജറ്റിൽ വിഭാവനം ചെയ്തിരിക്കുന്നത്. മലയാള ഭാഷയുടെ പിതാവ് എഴുത്തച്ഛൻ മുതൽ മലയാളത്തിലെ എക്കാലത്തെയും പ്രഗൽഭരായ എഴുത്തുകാരായ വൈക്കം മുഹമ്മദ് ബഷീർ, ഉറൂബ്, എം.ടി. വാസുദേവൻ നായർ, ഒ.വി. വിജയൻ തുടങ്ങിയവരുടെ ജന്മസ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ഈ പദ്ധതി കേരളത്തിന്റെ ടൂറിസം, സാംസ്‌കാരിക മേഖലകളെ ഉയർന്ന നിലവാരത്തിന്റെ പുതിയ തലങ്ങളിലേക്ക് എത്തിക്കാൻ പ്രാപ്തമായ ഒന്നാകും. ഈ കേന്ദ്രങ്ങൾക്കൊപ്പം വള്ളുവനാടിന്റെ സംസ്‌കാര വാഹിനിയായ ഭാരതപ്പുഴയുടെ തീരങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പദ്ധതിയുടെ പൂർണരൂപം പിറവിയെടുക്കാനിരിക്കുന്നതേയുള്ളൂ. ആമുഖത്തിൽ പറഞ്ഞ സാഹിത്യ കേന്ദ്രങ്ങൾക്കൊപ്പം ഈ പ്രദേശങ്ങളിൽ പ്രഗൽഭരായ മറ്റു പല എഴുത്തുകാരുടെയും സാംസ്‌കാരിക നായകരുടെയും ജന്മസ്ഥലങ്ങളുണ്ട്. അവയെല്ലാം കൂട്ടിയിണക്കിയുള്ള വിപുലമായൊരു പദ്ധതിയാകും നടപ്പാകാനിരിക്കുന്നത് എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതിക്കും കൊല്ലം ജില്ല കേന്ദ്രീകരിച്ചുള്ള ജൈവ വൈവിധ്യ സർക്യൂട്ട് പദ്ധതിക്കുമായി അമ്പത് കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. രാജ്യത്ത് തന്നെ ആദ്യമായാണ് സാഹിത്യ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ടൂറിസം പദ്ധതി കൊണ്ടുവരുന്നത്.

സാംസ്‌കാരിക ടൂറിസം എന്ന ആശയം കേരളത്തിൽ പുതിയതല്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അറിയപ്പെടുന്ന എഴുത്തുകാരുടെ ജന്മസ്ഥലങ്ങളിൽ ഏറെ കാലമായി സാംസ്‌കാരിക നിലയങ്ങളും സാംസ്‌കാരികോൽസവങ്ങളും നടക്കുന്നുണ്ട്. മലബാറിൽ തന്നെ പെരിന്തൽമണ്ണയിലെ പൂന്താനം സാഹിത്യോൽസവം, കൊണ്ടോട്ടിയിലെ മോയിൻകുട്ടി വൈദ്യർ സ്മാരകം, കോഴിക്കോട്ടെ സാഹിത്യോൽസവം തുടങ്ങിയവ ഇത്തരത്തിൽ പ്രാദേശികമായി സാംസ്‌കാരിക ടൂറിസത്തെ പ്രോൽസാഹിപ്പിച്ചു വരുന്ന കേന്ദ്രങ്ങളോ വേദികളോ ആണ്. 

മലബാറിൽ ഇത്തരം കേന്ദ്രങ്ങൾക്ക് ഇനിയും സാധ്യതകൾ ഏറെയാണ്. സാഹിത്യത്തെയും വായനയെയും ഏറെ സ്‌നേഹിക്കുന്ന മലയാളിക്ക് എഴുത്തുകാരുടെ ജന്മസ്ഥലങ്ങൾ എന്നും വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ്. എഴുത്തുകാരുടെ വീടും അവരുടെ ഗ്രാമവും കാണുന്നതിന് ദൂരദിക്കുകളിൽ നിന്ന് പോലും സഞ്ചാരികൾ എത്താറുണ്ട്. പ്രാദേശിക ടൂറിസത്തെ ശക്തിപ്പെടുത്തുന്നതോടൊപ്പം അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്താനും മലബാർ ലിറ്റററി സർക്യൂട്ടിന് കഴിഞ്ഞേക്കാം.

ബേപ്പൂർ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ബേപ്പൂരിലെ വീട് എല്ലാ കാലത്തും സാഹിത്യ കുതുകികളുടെ ഇഷ്ടസന്ദർശന കേന്ദ്രമാണ്. തിരൂരിൽ ഭാഷാപിതാവിന്റെ പേരിലുള്ള തുഞ്ചൻ പറമ്പിൽ സാഹിത്യ വിദ്യാർഥികൾ മാത്രമല്ല, സാധാരണക്കാരായ ആളുകൾ വരെ സഞ്ചാരികളായി എത്തുന്ന പതിവുണ്ട്. ജ്ഞാനപീഠ ജേതാവ് എം.ടി. വാസുദേവൻ നായരുടെ ജന്മനാടായ പാലക്കാട്-മലപ്പുറം ജില്ലകളുടെ അതിർത്തിയിലുള്ള കൂടല്ലൂരിലും സാഹിത്യ പ്രേമികളും കൗതുകത്തോടെ എത്തുന്നു. ഒ.വി. വിജയന്റെ തസ്രാക്ക്, വി.കെ.എന്നിന്റെ തിരുവില്വാമല തുടങ്ങിയ സ്ഥലങ്ങളും മലയാളി വായനക്കാർക്ക് എക്കാലത്തും പ്രിയപ്പെട്ട സ്ഥലങ്ങൾ തന്നെ. 

മേൽപറഞ്ഞ സ്ഥലങ്ങളിൽ ചിലതെല്ലാം സന്ദർശിച്ചവരായിരിക്കും ഒട്ടുമിക്ക സാഹിത്യ പ്രേമികളും. ഇവർക്ക് എല്ലാ സ്ഥലങ്ങളും ഒരു യാത്രയിൽ കാണുന്നതിനുള്ള പ്രത്യേക സംവിധാനങ്ങൾ പുതിയ പദ്ധതിയുടെ ഭാഗമായി വരും. പശ്ചിമഘട്ടം മുതൽ പൊന്നാനി വരെ നീണ്ടുകിടക്കുന്ന നിളാനദിയോരത്തെ കൂടി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നിളാ സംരക്ഷണവും നിളയോര ടൂറിസം വികസനവും ലക്ഷ്യമിട്ട് ഒട്ടേറെ പദ്ധതികൾ ടൂറിസം വകുപ്പിന് കീഴിൽ കഴിഞ്ഞ സർക്കാർ വിഭാവനം ചെയ്തിരുന്നു. അവക്കൊന്നും തുടക്കമായിട്ടില്ല. പുതിയ ലിറ്റററി സർക്യൂട്ട് പദ്ധതിയുമായി ചേർത്ത് ആ പദ്ധതികൾ കൂടി വിപുലമായി നടപ്പാക്കാനും പുതിയ ആശയത്തിലൂടെ സാധിക്കും. 

ടൂറിസം മേഖലക്ക് വളർച്ചയും വരുമാനവും വർധിപ്പിക്കുക എന്നതിനൊപ്പം വലിയൊരു സാംസ്‌കാരിക ധർമം ഈ പദ്ധതിക്ക് നിർവഹിക്കാനാകും. മലയാളിയുടെ ബൗദ്ധികമായുള്ള നിലവാരം വർധിപ്പിക്കുന്നതിന് ഈ പദ്ധതി പ്രയോജനകരമാകും. വരുംതലമുറയിലെ കുട്ടികളിൽ യാത്രകളെ കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റിയെടുക്കാനും ഇത് ഉപകരിക്കും. വാണിജ്യവൽക്കരിക്കപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങൾക്കപ്പുറത്ത് ലളിതവും വിജ്ഞാനദായകവും സ്വത്വപ്രോജ്വലവുമായ മറ്റൊരു ടൂറിസ്റ്റ് സംസ്‌കാരം കൂടിയുണ്ടെന്ന തിരിച്ചറിവുണ്ടാക്കുന്നതിൽ ലിറ്റററി ടൂറിസം പദ്ധതിക്ക് നിർണായ പങ്ക് വഹിക്കാനുണ്ട്.
അമൂർത്തമായൊരു രൂപരേഖ മാത്രമാണ് ഇപ്പോൾ ഈ പദ്ധതിക്കുള്ളത്. മലബാറിന്റെ സാഹിത്യ, സാംസ്‌കാരിക ചരിത്രത്തോടും യാഥാർഥ്യങ്ങളോടും നീതിപുലർത്തുന്ന രീതിയിൽ അതിനെ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ നടപ്പാക്കാവുന്ന ഒരു പദ്ധതിയല്ല. ഏറെ ഗവേഷണങ്ങളും ചർച്ചകളും പരിഗണനകളും ഇക്കാര്യത്തിൽ ആവശ്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി സഹകരണം പദ്ധതിയിൽ ഉപയോഗപ്പെടുത്തിയാൽ നിർദിഷ്ട മേഖലകളിലെ സുപ്രധാന സാഹിത്യ, സാംസ്‌കാരിക കേന്ദ്രങ്ങളെ കൂടി സർക്യൂട്ടിൽ വിളക്കിച്ചേർക്കാം. ഒരു പരീക്ഷണമെന്ന നിലയിൽ ഈ പദ്ധതി കേരളത്തിന് മുന്നിൽ വലിയ സാധ്യതകൾ തുറക്കുന്നുണ്ട്. മലബാർ ലിറ്റററി സർക്യൂട്ട് വിജയിക്കുകയാണെങ്കിൽ വടക്കേ മലബാറിലും കേരളത്തിന്റെ ഇതര മേഖലകളിലും പദ്ധതി വ്യപിപ്പിക്കാനുമാകും.

Latest News