Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മരംമുറിയും വ്യാജനും ഹവാലയും

ഉർവശീശാപം ഉപകരമായി. മന്ത്രി എ.കെ. ശശീന്ദ്രന്റെ യോഗം എന്നു പറയാം. കഴിഞ്ഞ മന്ത്രിസഭയിൽ ഏറ്റവുമധികം ദാരിദ്ര്യ ദുഃഖം അനുഭവിച്ച സാധു മനുഷ്യൻ. ഒരു തവണ 'ഹണിട്രാപ്പിലും' വീണിട്ടുണ്ട്. തേൻ കുടിച്ചില്ല, ചീത്തപ്പേര് കിട്ടുകയും ചെയ്തു. അക്കാലത്ത് ഓരോ മാസവും ഗതാഗത വകുപ്പു ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ വേണ്ടി അദ്ദേഹം കൈനീട്ടാത്ത സ്ഥാപനങ്ങളില്ല. ദയാപരനായ പിണറായി സഖാവ് എവിടെയും അദ്ദേഹത്തെ കാത്തു. ആശ്രിത വാത്സല്യം ധർമടത്തു പൊതുവെയും പിണറായിയിൽ പ്രത്യേകിച്ചും ഏവർക്കും കൂടപ്പിറപ്പാണ്. ഇപ്പോൾ പുറത്തു പ്രചരിപ്പിക്കുന്ന സി.എ.ജി റിപ്പോർട്ട് പ്രകാരം 2056 കോടിയാണ് ഗതാഗത വകുപ്പിന്റെ നികുതി കുടിശ്ശിക. അക്കാലത്ത് നിറകണ്ണുകളും നെടുവീർപ്പുകളുമായി മാത്രമാണ് ശശീന്ദ്രൻ മന്ത്രി ചാനലുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. പ്രേക്ഷകരുടെ കണ്ണുനിറയാതിരുന്നത്, അവർക്കു കരയാൻ ധാരാളം സീരിയലുകൾ ഉണ്ടായിരുന്നതുകൊണ്ടു മാത്രം. അതൊരു 'മുൻകൂർ ജാമ്യ' പരിപാടി ആയിരുന്നവോ, വിദ്യ ഓതിക്കൊടുത്തത് സുഹൃത്തായ മുഖ്യൻ സഖാവ് തന്നെ ആയിരുന്നുവോ എന്നീ കാര്യങ്ങൾ നിർബന്ധമാണെങ്കിൽ വി. മുരളീധരൻ മന്ത്രിക്ക് അന്വേഷിക്കാം; സമയമുണ്ട്. കോൺഗ്രസിനു തീരെ സമയമില്ല. സതീശൻ ഏറ്റുപിടിച്ചിട്ടുള്ള പുലിവാലുകൾ തന്നെ പത്തു പതിനഞ്ചു കൊല്ലക്കാലത്തെ ഗവേഷണത്തിനുള്ള വകയുണ്ട്.

 

ചെന്നിത്തല മിടുമിടുക്കനും ഏതു തുടക്കാപ്രശ്‌നവും ഹൈഡ്രജൻ ബലൂണാക്കി മാറ്റുന്നതിൽ വിരുതനുമായിരുന്നു. പക്ഷേ, ഹൈക്കമാന്റിൽ നിന്നുള്ള തിക്താനുഭവങ്ങളാൽ നൈരാശ്യം പൂണ്ട് ജഗതിയിൽ മൗനവ്രതത്തിലാണ്. ഏതായാലും ശുദ്ധ വങ്കന്മാരായ പൊതുജനം ധരിച്ചത് ഇത്തവണ എ.കെ. ശശീന്ദ്രനെ മൂലയ്ക്ക് ഇരുത്തി എന്നത്രേ! എന്നാൽ ഭാവിയിൽ വന്നു ചേരാനിടയുള്ള വിപത്തുകളിൽ നിന്നും അദ്ദേഹത്തെ കരുണാമയനായ വിജയൻ കാത്തുരക്ഷിക്കുകയായിരുന്നു. അപ്രധാന വകുപ്പെന്ന് ശശീന്ദ്രൻ ശങ്കിച്ച വനം ഇന്ന് പഴയ ഗതാഗത വകുപ്പുപോലെ തന്നെ അദ്ദേഹത്തെ ചാനൽ ലൈറ്റുകൾക്കു മുന്നിൽ എത്തിച്ചപ്പോഴാണ് തന്റെ രക്ഷകന്റെ മഹത്വം അദ്ദേഹം മുഖ്യനിൽ തിരിച്ചറിഞ്ഞത്. 'വനംകൊള്ള' എന്ന വലിയ വിന എത്ര വേഗമാണ് 'പട്ടയ ഭൂമിയിലെ മരം മുറി'യായി ഒഴിഞ്ഞു പോയത്! കഴിഞ്ഞ ഒക്‌ടോബർ 24 ന് സർക്കാർ വിജ്ഞാപനം ഇറക്കുന്ന കാലത്തെ റവന്യൂ മന്ത്രി ചന്ദ്രശേഖരൻ ഇന്നു കാസർകോട്ടെ വീട്ടിൽ മണിക്കൂർ ഇടവിട്ടു വെള്ളം കുടിച്ചു കഴിയുന്നു. 'തട്ടിൽ മരംമുറി' കേസിൽ  വിപ്ലവകരമായ ഒരു പരീക്ഷണം നടത്താനും ഇന്നത്തെ വനം ഭരണാധിപൻ മടിച്ചില്ല.

 

കൈക്കൂലി വാങ്ങാത്തവനും കൊള്ളക്കാരൻ സ്വന്തം കൈകാലുകൾ ഒടിഞ്ഞവനുമായ ഡി.എ.എഫ് ധനേഷ് കുമാറിനെ മരംമുറി അന്വേഷണ സംഘത്തിൽനിന്നും മുറിച്ചുമാറ്റി. പിന്നീട് ആർക്കോ (മുഖ്യനോ?) ഉൾവിളിയുണ്ടായതിന്റെ പേരിൽ വീണ്ടും ഒട്ടിച്ചു ചേർക്കുകയും ചെയ്തു. അന്വേഷണ സംഘത്തലവൻ ശ്രീജിത്ത് കുറേക്കാലം കഷണ്ടിത്തല തടവി നടക്കേണ്ടിവരുമെന്നാണ് പൊതുസംസാരം. 'മഞ്ഞുമലയുടെ അറ്റം' എന്നാൽ 'മഞ്ഞുമൂടിയ'മലയുടെ അറ്റം എന്നാണ് ഇവിടെ അർഥം കാണേണ്ടത്. അതാകട്ടെ, കേരളമൊട്ടുക്ക് ഉണ്ടുതാനും! 'മല പോലെ മലർ പോലെ പോയി' എന്ന രീതിയിൽ അവസാനിക്കാതിരുന്നാൽ മതി!


*****                                       *****                                                  ****


ആർ. ബിന്ദു എന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസറോ, ഡോക്ടറോ എന്നന്വേഷിച്ചു നടക്കുകയാണ്, തൃശൂർ ജില്ലയിലെ സംഘപരിവാരങ്ങൾ! എൽ.ഡി.എഫ് കൺവീനർ വിജയരാഘവന്റെ ധർമപത്‌നി ആയതിനാൽ പ്രഥമദൃഷ്ട്യാ തന്നെ അവർ നോട്ടപ്പുള്ളിയാണ്. ഇംഗ്ലീഷ് ഭാഷയിൽ ഡി.ലിറ്റും പി.എച്ച്.ഡിയുമുണ്ടെങ്കിലും അവരെ വെറുതെ വിടാൻ തൃശൂർ നേതാവ് ഗോപാലകൃഷ്ണനും കൂട്ടരും തയാറല്ല. ജാതിസങ്കരം ലോകാവസാനത്തിന്റെ ആരംഭം കുറിക്കുമെന്ന ഭയവും വക്കീലിനെയും കൂട്ടരെയും പിടികൂടിയിരിക്കുന്നു. 'പ്രൊഫസർ' എന്നു കൂടി ചേർത്ത് ബിന്ദു ആർ മന്ത്രിയായി പ്രത്യപ്രതിജ്ഞ ചെയ്തുവെന്നതാണ് കുറ്റകൃത്യം! ഇന്ത്യൻ പീനൽ കോഡ് മുഴുവൻ തപ്പിനോക്കിയിട്ടും അവരെ രണ്ടു ദിവസം അഴിയെണ്ണിക്കാനോ, ആറു കൊല്ലത്തേക്ക് അയോഗ്യയാക്കാനോ ശേഷിയുള്ള വകുപ്പൊന്നും കിട്ടിയില്ല.

അതിനാൽ അവർ 'ഡോക്ടർ' ആയി ഒന്നുകൂടി സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് മണ്ടൻ തിരുമനസ്സുകളുടെ പെറ്റിഷൻ! ഭരണഘടനയ്‌ക്കോ, വോട്ട് ചെയ്ത നിരപരാധികൾക്കോ യാതൊരു ഗുണവും ദോഷവുമില്ലാത്തതാണ് ആ ചടങ്ങ്. ധൈര്യമായും പ്രതിജ്ഞ പുതുക്കാം. പഴയ കാർന്നോന്മാര് പറയുന്നതുപോലെ, ഉണ്ണിയപ്പത്തിന് ലേശം നെയ്യ് കൂടിപ്പോയതുകൊണ്ട് ഒരു ദോഷവും ഉണ്ടാകാനില്ല. കേരള വർമ കോളേജിലെ മുൻ ഇംഗ്ലീഷ് വിഭാഗം മേധാവിയും വൈസ് പ്രിൻസിപ്പലുമായ ബിന്ദുവിനെ വിട്ട്, പെരുങ്കള്ളന്മാർക്കിടയിലേക്ക് ചെല്ലാൻ പരിവാര നേതാക്കൾക്ക് കഴിയുമോ എന്നതാണ് പ്രശ്‌നം. ആയിരത്തോളം 'സർവ'കലാശാലകളുണ്ട് ഇന്ത്യയിൽ. അത്രയൊക്കെ 'വാട്‌സ് ആപ്' യൂനിവേഴ്‌സിറ്റികളും. പലതും ഒറ്റമൂലികളായി ഗോമൂത്രം, ഗോ ചാണകം തുടങ്ങിയവ ഉപദേശിച്ച് ചികിത്സ നടത്തുന്ന മഹാവിദ്യാലയങ്ങൾ! ഇരുപതിനായിരം രൂപ കൊടുത്താൽ ഏതു വിഷയത്തിലും ഡോക്ടറാകാൻ സഹായിക്കുന്ന 'ഡീംഡ്' യൂനിവേഴ്‌സിറ്റികൾ വേറെയും! അന്വേഷിപ്പിൻ കണ്ടെത്തും, വ്യാജന്മാരെ ചിലപ്പോൾ സ്വന്തം കൂടാരങ്ങളിൽ തന്നെ! ബിന്ദുവിന്റെ അക്കാദമിക് യോഗ്യതയെ 'ആൾമാറാട്ട'ത്തിനോടുപമിച്ച വാർത്ത കണ്ടിട്ട് അങ്ങനെ തോന്നാത്തവർ ചുരുക്കം!


****                            ****                                            ****


മിന്നുന്നതെല്ലാം പൊന്നല്ല. വെളുത്തുകാണുന്നതെല്ലാം പാലല്ല- അക്കാര്യം ഇലക്ഷൻ ചൂടിൽ കെ. സുരേന്ദ്രൻ മറന്നുപോയി. അല്ലെങ്കിൽ കാസർകോട്ടെ 'സുന്ദര' എന്ന സ്ഥാനാർഥിക്ക് 'രണ്ടര' കൊടുക്കുമായിരുന്നോ? പേരു പോലെയല്ല കക്ഷി എന്നു ചാനലിൽ കണ്ടവർ നിശ്ചയമായും പറയും. ജാതിയും മതവുമൊക്കെ കൂട്ടിക്കുഴച്ച് മറ്റു ചിലതും ചേർത്ത് സുരേഷ് ഗോപിയുടെ സിനിമാ ഭാഷയിൽ 'അണ്ണാക്കിലേക്ക് കുത്തിക്കയറ്റാൻ' പാടുപെട്ടതിന്റെ ഫലം കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ കേരള നേതാവ് ഇന്ന് അനുഭവിക്കുന്നു.


സുരേന്ദ്രന്റെ വിക്രിയകൾ പഠിക്കാനുള്ള സുവർണാവസരമാണ് കേന്ദ്ര നേതാക്കൾ പാഴാക്കിയത്. ഓൺലൈൻ ക്ലാസ് പോലെ, ദില്ലിയിൽ മുറിക്കകത്തിരുന്നു തന്നെ സ്വന്തം പാർട്ടിയെ പഠിക്കാമായിരുന്നു. അത്രയും സമയം ലക്ഷദ്വീപിലെ കുട്ടികൾ എന്തൊക്കെ ആഹാരം കഴിക്കാൻ പാടില്ല എന്നു തീട്ടൂരം ഇറക്കാനായിരുന്നു ചെലവഴിച്ചത്. അങ്ങനെ ഒരു ജനതയുടെ കൂടി ശത്രുത സമ്പാദിച്ചു.
35 സീറ്റ് നേടി ഭരിക്കാൻ തയാറെടുത്ത സുരേന്ദ്രനെ നമ്പിയവർ 'ഹവാല'യിൽ കുടങ്ങി 'എലിപ്പത്തായ'ത്തിനുള്ളിലായി. ഇനി എത്ര തെരഞ്ഞെടുപ്പു കഴിഞ്ഞാലും സുന്ദരയും ഹവാലയും അവരുടെ ഒപ്പം ഉണ്ടാകുമെന്ന സംശയം വോട്ടറന്മാർക്കു ബാക്കി! ലക്ഷദ്വീപും ഹവാലയും സുന്ദരയും എന്നാൽ 'ചക്കിനു വെച്ചതു കൊക്കിനു കൊണ്ടു എന്നർഥം!


****                                   ****                             ****


ഏഴാം കടലിനക്കരെയുണ്ടാരോഴിലം പാല' എന്നു തുടങ്ങുന്ന നാടക ഗാനം മുതൽ 'ഏഴാം കടൽ' ഏവർക്കും പരിചിതം. ഇനി 'ഗ്രൂപ്പില്ലാത്ത യു.ഡി.എഫ് കൺവീനർ എന്ന വാർത്ത കണ്ടവർ മേൽപറഞ്ഞ കടലിനെ ഓർത്തുപോകും. അതേ, അവിടെ നിന്നെങ്ങാനും ഒരു 'കൺവീനറെ' കൊണ്ടുവരണം; മറ്റു വഴിയില്ല. കാരണം, ഗ്രൂപ്പില്ലാത്ത പ്രതിപക്ഷ നേതാവിനെയും കെ.പി.സി.സി പ്രസിഡന്റിനെയും കൊണ്ടിരുത്തിയതോടെ തളർന്നവശായ ഹൈക്കമാന്റും ദൂതനും വൈദ്യനുമായ താരിഖ് അൻവറും വിശ്രമത്തിനും ചികിത്സയ്ക്കുമായി പതുങ്ങിക്കഴിയുകയാണ്. കണ്ണൂരിലെ നടാലിൽ നിന്നും തലസ്ഥാനത്തെ കവറടിമുക്കിൽ താമസമാക്കിയ കെ. സുധാകരന് ഏതു നിമിഷവും ഗ്രൂപ്പുണ്ടാക്കിക്കൊടുക്കുവാൻ സജ്ജരായി റോഡിന് ഇരുവശവും ആൾക്കാർ 'റെഡി'യാണ്.

പ്രതിപക്ഷ നേതാവ് സതീശൻ തലയൊന്നു വെറുതെ കുതിച്ചാൽ പെരുന്നയിൽനിന്നും ഒരു പുതുപുത്തൻ പട തന്നെ ഗ്രൂപ്പായി കുതിച്ചെത്താൻ തയാർ. കക്ഷി ചെറുപ്പമായതിനാൽ അതു മനസ്സിലാക്കുന്നില്ലെന്നേയുള്ളൂ. ഇനി യു.ഡി.എഫ് കൺവീനറെ നിശ്ചയിക്കുന്നതു ഹൈക്കമാന്റാണോ അതോ ലീഗിന്റെ കുഞ്ഞാപ്പയും കൂടിയാണോ എന്നൊക്കെ കാണാനിരിക്കുന്നതേയുള്ളൂ. ഏറ്റവും പ്രധാനം  പി.സി. ചാക്കോയും ലതികാ സുഭാഷുമൊക്കെ ഇന്ദിരാ ഭവനു ചുറ്റും കറങ്ങി നടക്കുന്നുണ്ടോ എന്നു ചാരവശാൽ ശ്രദ്ധിക്കുകയാണ്. വടക്ക് ജിതിൻ പ്രസാദ വരെ കാലുമാറി. ഇവിടെയും കാലുള്ളവരാണ് യു.ഡി.എഫും കോൺഗ്രസും നിറയെ.അങ്ങേപ്പുറം
 

Latest News