ബി.ജെ.പി നേതാവ് രാധാകൃഷ്ണന്റെ ഭീഷണി ഗൗരവത്തോടെയുള്ളത്-മുഖ്യമന്ത്രി

തിരുവനന്തപുരം- കെ. സുരേന്ദ്രന് എതിരായ അന്വേഷണം തുടർന്നാൽ മുഖ്യമന്ത്രിയെ വീട്ടിൽ കിടന്നുറങ്ങാൻ അനുവദിക്കില്ലെന്നും മക്കളെ ജയിലിൽ പോയി കാണേണ്ടി വരുമെന്നമുള്ള ബി.ജെ.പി നേതാവ് രാധാകൃഷ്ണന്റെ വാക്കുകൾ ഭീഷണിപ്പെടുത്തലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി. 
ചോദ്യത്തെ പൊട്ടിച്ചിരിയോടെയാണ് മുഖ്യമന്ത്രി നേരിട്ടത്. കുറച്ചുനേരം ചിരിച്ച ശേഷം മറുപടി തുടങ്ങിയ മുഖ്യമന്ത്രി രാധാകൃഷ്ണന്റെ ഭീഷണി ഗൗരവത്തോടെ എടുക്കണമെന്നും മുന്നറിയിപ്പ് നൽകി.
മുഖ്യമന്ത്രിയുടെ വാക്കുകൾ:
രാധാകൃഷ്ണന്റെ ആളുകൾ ഇതിലും വലിയ ഭീഷണി നേരത്തെ തന്നെ പറയുന്നതാണ്. ജയിലിൽ കിടത്തും എന്നതല്ല. അതിലും വലുത്. എന്നിട്ടും ഞാൻ വീട്ടിൽ കിടന്നിട്ടുണ്ട്. രാധാകൃഷ്ണൻ ഓർക്കേണ്ട കാര്യം, നമ്മളൊന്നും മറ്റൊരാളുടെ വിധി കർത്താക്കളാകരുത് എന്നാണ്. എന്തെല്ലാം മോഹങ്ങളായിരുന്നു. എന്നിട്ട് വല്ലതും നടന്നോ. മക്കളെ ജയിലിൽ പോയി കാണേണ്ടി വരും എന്നതിന്റെ ഉദ്ദേശമെന്താണ്. ഒരു കേസിന്റെ അന്വേഷണം നടക്കുന്നുണ്ട്. അതിൽ എന്തെങ്കിലും അമിത താൽപര്യത്തോടെ സർക്കാർ ഇടപെട്ടുവെന്ന് ഇതേവരെ ആക്ഷേപം ഉയർന്നിട്ടില്ല. എന്റെ ഭാഗത്ത്‌നിന്ന് ആ കേസുമായി ബന്ധപ്പെട്ട് വല്ലതും സംഭവിച്ചുവെന്ന് ആക്ഷേപമില്ല. എന്നാൽ നിങ്ങൾ ഈ കേസ് അന്വേഷിക്കുകയാണെങ്കിൽ ഭരണത്തിന് നേതൃത്വം നൽകുന്നവരെ കുടുക്കും എന്നാണ് ഭീഷണി. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നേരെയുള്ള ഭീഷണിയായാണ് ഇത് വരുന്നത്. നിങ്ങൾക്ക് വീട്ടിൽ കിടന്നുറങ്ങാൻ പറ്റില്ല, കുട്ടികളെ ജയിലിൽ പോയി കാണേണ്ടി വരും എന്ന് പറയുന്നത് ഈ അന്വേഷണം അവസാനിപ്പിക്കണം എന്നതിന്റെ ഭീഷണിയാണ്. ഈ അന്വേഷണം സർക്കാർ ഇടപെട്ട് അവസാനിപ്പിക്കണം, അല്ലെങ്കിൽ വരുന്ന ഭവിഷ്യത്ത് ഇതാണ് എന്നാണ് മുന്നറിയിപ്പ്. എന്റെ കാര്യം. ഞാൻ ഇമ്മാതിരിയുള്ള ഭീഷണികൾ എങ്ങിനെ എടുക്കും എന്ന് പറയേണ്ട കാര്യമില്ല. ഈ സംരക്ഷണം ഒന്നുമില്ലാത്ത കാലം കടന്നുവന്നതാണ്. ഞാൻ ആ ഭീഷണിക്ക് വിധേയനാകുമോ ഇല്ലയോ എന്നതല്ല. അന്വേഷണം തുടരാൻ പാടില്ലെന്ന ഭീഷണിയാണ് രാധാകൃഷ്ണൻ പറയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 
 

Latest News