Sorry, you need to enable JavaScript to visit this website.
Monday , July   26, 2021
Monday , July   26, 2021

പ്രകൃതിയുടെ ദൃശ്യവിസ്മയം തേടി അൽ വഹ്ബയിലേക്ക് 

അൽ വഹ്ബ അഗ്‌നിപർവ്വത മുഖം. പ്രകൃതിയുടെ വശ്യമനോഹാരിത ആസ്വദിക്കുന്ന യാത്രകൾക്കിടയിൽ മനസ്സിലേക്കോടി വന്ന ചിത്രം അൽ വഹ്ബ ഗർത്തത്തിന്റേതായിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യാത്രകളും കൂടിച്ചേരലുകളും മറ്റെല്ലാ സംഗമങ്ങളും നിയന്ത്രവിധേയമാക്കപ്പെട്ടപ്പോൾ സൂക്ഷ്മത പാലിച്ചു കൊണ്ട്തന്നെ ഒരു ചെറുയാത്ര പോകാമെന്ന ചിന്തയിൽ നിന്നാണ് ഞങ്ങൾ നാലു സുഹൃത്തുക്കൾ മരുഭൂമിയിലെ വിസ്മയ കാഴ്ച കാണാനും ആവുന്ന വസ്തുതകൾ മനസ്സിലാക്കാനും ഒരു ദിവസം മാറ്റിവെച്ചത്.  സുഹൃത്തുക്കളായ കോയിസ്സൻ ബീരാൻകുട്ടി, ഹനീഫ കിഴിശ്ശേരി, സാജിദ്  കളത്തിങ്ങൽ എന്നിവരും ചെറുതെങ്കിലും  സാഹസയാത്രക്കായി എന്നോടൊപ്പമുണ്ടായിരുന്നു.  

ജിദ്ദയിൽനിന്നും വെള്ളിയാഴ്ച രാത്രി പുറപ്പെട്ടു തായിഫിലെത്തി. തായിഫിൽ സുഹൃത്ത് ഷറഫുദ്ദീൻ ഞങ്ങൾക്ക് തങ്ങാനുള്ള സംവിധാനങ്ങളൊരുക്കി കാത്തു നിൽക്കുന്നുണ്ടയിരുന്നു. പുലർച്ചെ പ്രാഥമിക കർമ്മങ്ങളും പ്രഭാത ഭക്ഷണവും കഴിച്ചു റൂട്ട്മാപ്പും നോക്കി അൽ വഹ്ബയിലേക്കു കാറിന്റെ ഗതി തിരിച്ചുവിട്ടു. 254 കിലോമീറ്റർ മുന്നോട്ടു പോകണം തായിഫിൽനിന്നും അവിടെയെത്താൻ. ചരിത്ര സ്മാരകങ്ങളും പ്രകൃതിയുടെ കാഴ്ചകളും ആസ്വദിക്കുകയെന്ന ഞങ്ങൾ നാലുപേരുടെയും അടങ്ങാത്ത ആഗ്രഹത്തിനു  മുന്നിൽ  ചൂടും തണുപ്പും പ്രതിബന്ധമാകാറില്ല. 


റൂട്ട് മാപ്പ്  നോക്കിയപ്പോൾ തായിഫിൽനിന്നും റിയാദ് റോഡിലൂടെയാണ് പോകേണ്ടതെന്നു മൊബൈലിൽ ലൊക്കേഷൻ കാണിക്കുന്നുണ്ട്. യാത്രക്ക് വേണ്ട എല്ലാ മുൻകരുതലുകളും വാഹനത്തിൽ സജ്ജീകരിച്ചിരുന്നു. തായിഫ് നഗരം കഴിഞ്ഞു ഗ്രാമങ്ങളും  ഏകദേശം കാർഷികമേഖലകളും കടന്നു പിന്നീട്  നോക്കെത്താ ദൂരം പരന്നു കിടക്കുന്ന മരുഭൂമിയിലൂടെയുള്ള യാത്ര. ഇടക്കൊക്കെ ഒട്ടക കൂട്ടങ്ങളെ കാണാമായിരുന്നു. വളരെ ദൂരം യാത്ര ചെയ്തു നിംറാൻ എന്ന സ്ഥലത്തെത്തി. അവിടെ നിന്നും വാഹനത്തിനുള്ള ഇന്ധനവും നിറച്ചു കിട്ടിയ സൗകര്യം പ്രയോജനപ്പെടുത്തി യാത്രക്കുള്ള ഊർജ്ജം പകർന്നു, ഇനിയധികമില്ല, ആശ്വാസമായി. അൽ വഹ്ബയിലേക്കടുക്കും തോറും പ്രകൃതിയുടെ രൂപത്തിലും ഭാവത്തിലും വ്യത്യാസം കണ്ടു തുടങ്ങിയിരുന്നു. കുറച്ചു മുന്നേ മണ്ണും കല്ലും നിറഞ്ഞ പ്രദേശങ്ങളായിരുന്നു യാത്രക്കിടെ കണ്ടിരുന്നതെങ്കിൽ നമ്മുടെ ലക്ഷ്യസ്ഥാനമായ ഹഫർ കശ്ബ് പ്രദേശത്തേക്കടുക്കുന്തോറും കറുത്ത പാറക്കൂട്ടങ്ങൾ ദൃശ്യമായിക്കൊണ്ടിരുന്നു. എന്നാലും ശരാശരി സമതല പ്രദേശങ്ങളിലൂടെത്തന്നെയാണ് യാത്ര. വിശാലമായതും എന്നാൽ സാമാന്യം മിനുത്തതുമായ ടാറിട്ട റോഡായിരുന്നതിനാൽ യാത്രക്ക് മുഷിപ്പ്  തോന്നിയതുമില്ല. അഗ്‌നിപർവ്വത മുഖത്തേക്കാണ് യാത്ര എന്ന് ഇടയ്ക്കിടെ ഓർമ്മിക്കുമ്പോഴും അത് തെളിയിക്കുന്ന വിധമാണ്  അവിടങ്ങളിലെ പരിസരങ്ങളിൽ കാണാനിടയായ പരന്നുകിടക്കുന്ന കറുത്ത പാറക്കൂട്ടങ്ങളും ഞങ്ങളെ വരവേറ്റിരുന്നത്. എടുത്തെറിഞ്ഞു പൊട്ടിച്ചിതറിയ പോലെയാണ്  കറുത്ത പാറക്കഷണങ്ങൾ വിശാലമായ മരുഭൂമിയിൽ കിടക്കുന്നത്. നിമ്‌റാനിൽ എത്തുന്നതു വരെയും വളരെ ചുരുക്കം ഗ്രാമങ്ങൾ മാത്രമാണ്  ജനവാസമുള്ളതായി കാണാൻ കഴിഞ്ഞിരുന്നത്.  നിമ്‌റാനിൽ നിന്നും ഇടതു തിരിഞ്ഞു ഹഫർ കശ്ബിലേക്കുള്ള യാത്രയിൽ വലത്തോട്ട്  തിരിഞ്ഞാൽ മദീന മുനവ്വറയിലേക്കുള്ള ഒരു റോഡും കാണാനാകും. അവിടെനിന്നും ഹഫർ കശ്ബ് റോഡിലൂടെ ഏകദേശം പത്തുകിലോമീറ്ററോളം മുന്നോട്ടു പോയി വലത്തോട്ടു തിരിഞ്ഞാണ്  മഖ്‌ല തമിയ്യ എന്ന് അറബിയിൽ എഴുതി വെച്ചിട്ടുള്ള അഗ്‌നിപർവ്വത മുഖത്തിലേക്കുള്ള റോഡ്. ജനവാസം നന്നേ കുറവുള്ള പ്രദേശം.  നല്ല ചൂടനുഭവപ്പെടുന്നുണ്ട്. അങ്ങനെ ഞങ്ങൾ ലക്ഷ്യസ്ഥാനത്തോടടുത്തു. അൽ വഹ്ബ ക്രയ്റ്റർ അഥവാ അൽ വഹ്ബ അഗ്‌നിപർവ്വത മുഖം വൃത്താകാരമായ ഒരു ഭൗമഗർത്തമാണ്. ഗർത്തിന്റെ താഴ്ഭാഗം വെളുത്ത നിറത്തിലുള്ള സോഡിയം ഫോസ്‌ഫേറ്റ് ക്രിസ്റ്റൽ രൂപത്തിൽ മൂടപ്പെട്ടിരിക്കുന്നു.


സൗദി അധികൃതർ ഈ പ്രദേശത്തെ സംരക്ഷിത മേഖലയാക്കിയതിന്റെ അടയാളങ്ങൾ അവിടെ കാണാൻ സാധിക്കും. വരണ്ടുണങ്ങിയ വിശാലമായ ഒരു തടാകം കണക്കെ കിടക്കുന്ന ഒരു ഗർത്തം. കരിമ്പാറ കൊണ്ടുള്ള ബലവത്തായ ചുറ്റുമതിലുകളും ഇടയ്ക്കിടെ ഗർത്തം വീക്ഷിക്കാനുള്ള പോയിന്റുകളും സ്ഥാപിച്ചിട്ടുണ്ട്. മുകളിൽ നിന്നും ഗർത്തത്തിന്റെ മനോഹരവും പൂർണ്ണവുമായ കാഴ്ച വലതു ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള പോയിന്റിൽ നിന്നും ദൃശ്യമാകുന്നതാണ്. സന്ദർശകരെ സ്വീകരിക്കുന്നതിനായി ഓഫീസ് കെട്ടിടവും അത്യാവശ്യം  സൗകര്യങ്ങളും സൗദി അധികൃതർ അവിടെ ഒരുക്കിയിട്ടുണ്ട്.
ഗർത്തത്തിന്റെ ചുറ്റുമായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന പാർശ്വഭിത്തിയുടെ ചിലഭാഗങ്ങൾ കാണുമ്പോൾ കരിമ്പാറ പൊട്ടിച്ചെടുത്ത ക്വാറിയാണെന്നുതോന്നും.  വിശാലമായികിടക്കുന്ന ഗർത്തത്തിന്റെ ഏകദേശ താഴ്ച 250 മീറ്ററാണെന്നു കണക്കാക്കിയിട്ടുണ്ട്. അതായത് 820 അടിയോളം വരും. ഒറ്റ നോട്ടത്തിൽ വലിയ താഴ്ചയായി തോന്നില്ലെങ്കിലും താഴെനിന്നും മുകളിലോട്ടു നോക്കുമ്പോഴാണ്  ഇത്രത്തോളം താഴ്ചയുണ്ടോ ഈ ഗർത്തത്തിനെന്ന്   ചിന്തിച്ചു പോവുക. രണ്ടു കിലോമീറ്ററിലധികം വ്യാസമുള്ള ഏകദേശം വൃത്താകാരത്തിലാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. വിശാലമായ താഴെ പ്രതലത്തിൽ വെളുത്ത നിറത്തിലുള്ള മണൽത്തരി പരന്നു കിടക്കുന്ന പോലെ തോന്നും. ഭൂഗർഭ ജലവും മാഗ്മയും ഭൂമിക്കടിയിൽ വെച്ച് ഇടകലരുക വഴിയുണ്ടായ  ഭൂഗർഭ അഗ്‌നിപർവ്വത പ്രവർത്തനം മൂലം രൂപം കൊണ്ട മാർ ക്രയ്റ്റർ ആണ് അൽ വഹ്ബ എന്നാണു ആധുനിക ഭൗമ ശാസ്ത്രജ്ഞർ പൊതുവെ കരുതന്നത്. ജലത്തിന്റേയും മാഗ്മയുടെയും പ്രതിപ്രവർത്തനം വഴി ശക്തമായ വാതക പ്രസരണം ഉണ്ടാവുകയും അതുവഴി ഗർത്തം രൂപം കൊള്ളുകയുമായിരുന്നു എന്നും കരുതപ്പെടുന്നു. സോഡിയം ഫോസ്‌ഫേറ്റ് വെളുത്ത നിറത്തിൽ അടിഞ്ഞു കൂടിയിരിക്കുന്നത് മുകളിൽനിന്ന് നോക്കുമ്പോൾ ചുറ്റുഭാഗത്തു നിന്നും ഒലിച്ചിറങ്ങിയ മണൽപ്പരപ്പാണെന്നേ തോന്നൂ.
അതോടൊപ്പം തന്നെ ഗർത്തത്തിന്റെ മറ്റു ചിലഭാഗങ്ങളിൽ അഗ്‌നി പർവ്വതത്തിൽ നിന്നുമുണ്ടാകുന്ന ലാവയുടെ അവശിഷ്ടങ്ങളും ഒലിച്ചിറങ്ങി കറുത്ത പ്രതലമായി കിടക്കുന്നതു കാണാവുന്നതാണ്. ഗർത്തത്തിന്റെ താഴേക്കിറങ്ങാൻ കൈവഴി പോലെ കല്ലു കൊണ്ട്  കെട്ടിയുണ്ടാക്കിയിട്ടുണ്ട്.  സാഹസപ്പെട്ടു മാത്രമേ താഴേക്കിറങ്ങാൻ കഴിയുകയുള്ളൂ. ഏകദേശം രണ്ടായിരം വർഷങ്ങൾക്ക് മുമ്പുണ്ടായതാണ് ഈ അഗ്‌നിപർവ്വത മുഖമെന്നു പഠനങ്ങളിലൂടെ പറയപ്പെടുന്നു. അതേസമയം ഉൽക്ക പതിച്ചാണ് ഈ ഭൂഗർത്തം ഉണ്ടായതെന്നും പറയപ്പെടുന്നു.


സൗദി അറേബ്യയിൽ തന്നെ റിയാദ് നഗരത്തിനടുത്ത അൽ ഖർജിലാണ് ഉൽക്ക പതിച്ചുള്ള ഗർത്തങ്ങൾ കാണാനാവുക.  ഉൽക്ക പതിച്ചുണ്ടായ ആഴമേറിയ ഗർത്തങ്ങളാണ് അവിടെയുള്ളത്.
ഹഫർ കശ്ബിൽ അൽ വഹ്ബ കൂടാതെ വേറെയും ധാരാളം അഗ്‌നിപർവ്വതാവശിഷ്ടങ്ങളുണ്ട്. തായിഫ് യൂണിവേഴ്‌സിറ്റിയിലെ ഭൗമ ശാസ്ത്ര ഗവേഷണ വിഭാഗവും ഈജിപ്ത്, യു.കെ. തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഭൂഗർഭ ശാസ്ത്രജ്ഞരും അൽ വഹ്ബ ക്രയ്റ്ററിനെയും അവിടത്തെ രാസ മൂലകങ്ങളെയും കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്ക് പ്രകൃതിയുടെ കാഴ്ചകൾ കാണാനും പ്രപഞ്ച സൃഷ്ടിപ്പിന്റെ വൈവിധ്യങ്ങൾ മനസ്സിലാക്കാനും അൽവഹ്ബയിലേക്കുള്ള വിനോദ യാത്ര ഉപകാരപ്പാടുമെന്ന കാര്യത്തിൽ സംശയമില്ല. ഭൗമ ശാസ്ത്ര വിദ്യാർത്ഥികൾക്ക് ഭൂമിയിലെ കൗതുകമുണർത്തുന്ന കാഴ്ചകൾ പഠനവിധേയമാക്കാനും അങ്ങോട്ടുള്ള യാത്ര ഉപകരിക്കും. 

Latest News