ന്യൂദൽഹി- പൗരത്വഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മുസ്ലിംലീഗ് നൽകിയ ഹർജി പരിഗണിക്കുന്നത് സുപ്രിംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി. മുസ്ലിംലീഗിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഇന്നലെ നൽകിയ കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ രണ്ടാഴ്ച സമയം ആവശ്യപ്പെടുകയായിരുന്നു. ഈ ആവശ്യം കോടതി അംഗീകരിച്ചു. കേന്ദ്ര സർക്കാറിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അറ്റോണി ജനറൽ കെ.കെ വേണുഗോപാലുമാണ് ഹാജരായത്. സി.എ.എ നടപ്പാക്കാനായി മെയ് 28ന് പുറത്തിറക്കിയ വിജ്ഞാപനം ചോദ്യം ചെയ്ത് മുസ്ലിംലീഗ് നൽകിയ ഹർജി പരിഗണിക്കാനിരിക്കെ സുപ്രിം കോടതിയിൽ കേന്ദ്രം മറുപടി സത്യവാങ്മൂലം നൽകുകയായിരുന്നു. സി.എ.എയിൽ പരാമർശിക്കുന്ന ആറ് സമുദായത്തിൽപെട്ട അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകില്ലെന്നും സാധുവായ പാസ്‌പോർട്ടും റസിഡൻഷ്യൽ പെർമിറ്റ് ഉള്ളവർക്കും മാത്രമേ 28.05.2021 പ്രകാരമുള്ള ഉത്തരവ് പ്രകാരം പൗരത്വത്തിനായുള്ള അപേക്ഷ നൽകാൻ കഴിയുകയുള്ളൂവെന്നും കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു.
പൗരത്വ നിയമത്തിനെതിരായ പോരാട്ടം തുടരുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്രത്തിന് വിശദമായ മറുപടി നൽകാനാണ് സമയം ചോദിച്ചത്. പൗരത്വ നിയമത്തിനെതിരെ പ്രസംഗിച്ച കേരള സർക്കാർ ഉൾപ്പെടെ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്നില്ല. ഇനിയുള്ള ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരും. കേന്ദ്രം പറയുന്നതൊന്നും മുഖവിലക്കെടുക്കാനാവില്ല. വളരെ ഗൗരവത്തോടെ കേസുമായി മുന്നോട്ടു പോകും. പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പൗരത്വ നിയമത്തിനെതിരെ മുസ്ലിം ലീഗ് നടത്തുന്ന നിയമ പോരാട്ടം ശക്തമായി തുടരുമെന്ന് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പിയും പറഞ്ഞു. ഇന്നലെ മാത്രമാണ് ഞങ്ങൾക്ക് സർക്കാരിന്റെ സത്യവാങ്മൂലം കിട്ടിയത്. ഉടനെ തന്നെ ഞങ്ങൾ സുപ്രീം കോടതിയിൽ കേസിന് നേതൃത്വം കൊടുക്കുന്ന ഡ്വ. കപിൽ സിപൽ , അഡ്വ. ഹാരിസ് ബീരാൻ, ലോയേഴ്‌സ് ഫോറത്തിന്റെ അധ്യക്ഷൻ അഡ്വ. മുഹമ്മദ് ഷാ എന്നിവരുമായി വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തി. ഗവണ്മെന്റ് കൊടുത്തിട്ടുള്ള അഫിഡവിറ്റ് വളരെ വിചിത്രമാണ്. അത് വസ്തുതകളെ വളച്ചൊടിക്കുന്നതാണ്. സി.എ.എ ഒളിവിൽ നടപ്പിലാക്കാൻ വേണ്ടിയുള്ള കുബുദ്ധിയാണ് ഗവണ്മെന്റ് ഇതിൽ കാണിച്ചിട്ടുള്ളത്. കൗണ്ടർ അഫിഡവിറ്റിൽ ഇക്കാര്യങ്ങളെല്ലാം വിശദമായി സമർപ്പിക്കും. അദ്ദേഹം വിശദീകരിച്ചു.






