റിപ്പോര്‍ട്ട് നല്‍കി, ബി.ജെ.പി സെക്രട്ടറിയെ തള്ളി സി.വി ആനന്ദബോസ്

ന്യൂദല്‍ഹി- കേരള ബി.ജെ.പിയിലെ പ്രശ്‌നങ്ങളും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനവും സംബന്ധിച്ച് പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയെന്ന് സൂചിപ്പിച്ച് സി.വി ആനന്ദബോസ്. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഒരു സംഘത്തെയും കേന്ദ്രനേതൃത്വം നിയോഗിച്ചിട്ടില്ലെന്ന ബി.ജെ.പി ദേശീയ ജനറല്‍സെക്രട്ടറി അരുണ്‍സിംഗിന്റെ പ്രസ്താവന്ക്ക് പിന്നാലെയാണ് അനന്ദബോസിന്റെ പ്രതികരണം.

ഉത്തരവാദിത്തപ്പെട്ടവര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ താന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു എന്നാണ് ആനന്ദബോസ് വ്യക്തമാക്കിയത്. അതേസമയം ഈ ഉത്തരവാദിത്തപ്പെട്ടവര്‍ ആരാണെന്ന് പരസ്യമായി പറയാന്‍ ആനന്ദബോസ് തയാറായിട്ടില്ല. പ്രധാനമന്ത്രി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നാണ് സൂചന. കേന്ദനേതൃത്വം ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സി.വി ആനന്ദ ബോസ്, ജോക്കബ് തോമസ്, ഇ. ശ്രീധരന്‍ എന്നിവര്‍ പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയെന്ന വാര്‍ത്തയാണ് നേരത്തെ പുറത്തുവന്നിരുന്നത്. അതേസമയം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ഈ വാര്‍ത്ത നേരത്തെ നിഷേധിച്ചിരുന്നു.

 

Latest News