യുപിയില്‍ 9 ബിഎസ്പി എംഎല്‍എമാര്‍ സമാജ് വാദി പാർട്ടിയിലേക്ക്

ലഖ്‌നൗ- ആറു മാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശില്‍ നേതാക്കളുടെ രാഷ്ട്രീയ കളംമാറ്റങ്ങള്‍ സജീവമാകുന്നു. ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) പുറത്താക്കിയ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ള ഒമ്പത് എംഎല്‍എമാര്‍ ബദ്ധവൈരികളായ സമാജ്‌വാദി പാര്‍ട്ടി (എസ്.പി) അധ്യക്ഷന്‍ അഖിലേഷ് യാദവിനെ സന്ദര്‍ശിച്ചു. ഇതോടെ ഇവര്‍ എസ്പിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ശക്തമായി. 

2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിഎസ്പിക്ക് വെറും 19 എംഎല്‍എമാരെയാണ് ലഭിച്ചത്. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് നഷ്ടമായി. നിലവില്‍ 18 അംഗങ്ങളുണ്ട്. ഇവരില്‍ 11 പേരെ ബിഎസ്പി അധ്യക്ഷ മായാവതി പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് പലപ്പോഴായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഏറ്റവും ഒടുവില്‍ രണ്ടു മുതിര്‍ന്ന എംഎല്‍എമാരേ പുറത്താക്കിയിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിമതസ്വരമുയര്‍ത്തിയ ഏഴു പേരേയും പുറത്താക്കിയിരുന്നു. ഇതോടെ ബിഎസ്പിക്ക് ഇപ്പോള്‍ വെറും എഴ് എംഎല്‍എമാര്‍ മാത്രമെ ബാക്കിയുള്ളൂ.
 

Latest News