ഷെറിന്റെ മരണം: മലയാളി ദമ്പതികള്‍ക്ക് എതിരെ കൊലക്കുറ്റം ചുമത്തിയേക്കും 

ഹൂസ്റ്റണ്‍-മൂന്നു വയസ്സുകാരി ഷെറിന്റെ മരണവുമായി ബന്ധപ്പെട്ട് യു.എസിലെ മലയാളി ദമ്പതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കും. കൊലപ്പെടുത്താനുദ്ദേശിച്ച് നടത്തിയ മര്‍ദനമാണ് മരണ കാരണണെന്ന് മൃതദേഹ പരിശോധനാ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചതായി ഹൂസ്റ്റണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു. 
മരണ കാരണം ഫോറന്‍സിക് വിദഗ്ധര്‍ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട് ഔദ്യോഗികമായി സ്ഥരീകരിച്ചിരിക്കെ ദമ്പതികള്‍ക്കെതിരായ കുറ്റം കൊലപാതകത്തിലേക്ക് ഉയര്‍ത്തുമോ എന്നാണ് ഇനി അറിയാനുള്ളത്. പാല്‍ കുടിക്കുമ്പോള്‍ ശ്വാസകോശത്തില്‍ കുടുങ്ങി ശ്വാസംമുട്ടി കുഞ്ഞ് മരിച്ചെന്നായിരുന്നു രക്ഷിതാക്കളുടെ മൊഴി.

റിച്ചാര്‍ഡ്‌സനിലെ വസതിയില്‍നിന്നു കാണാതായെന്നു വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസ് പരാതിപ്പെട്ട് 15 ദിവസത്തിനുശേഷം, 2017 ഒക്ടോബര്‍ 22നാണ് ഷെറിന്റെ മൃതദേഹം വീടിന് അര കിലോമീറ്റര്‍ അകലെ കലുങ്കിനടിയില്‍ കണ്ടെത്തിയത്. പാലു കുടിക്കാന്‍ വിസമ്മതിച്ചതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു വീടിനു പുറത്തു നിര്‍ത്തിയ കുഞ്ഞിനെ കാണാതായെന്നായിരുന്നു വെസ്‌ലി പോലീസിനോട് പറഞ്ഞത്. പാല്‍ കുടിക്കുമ്പോള്‍ ശ്വാസകോശത്തില്‍ കുടുങ്ങി ശ്വാസംമുട്ടി കുഞ്ഞ് മരിച്ചെന്നും മൃതദേഹം കലുങ്കിനടിയില്‍ ഒളിപ്പിച്ചെന്നും പിന്നീടു മൊഴിമാറ്റി. 

സംഭവത്തില്‍ വെസ്‌ലിയും ഭാര്യ സിനി മാത്യൂസും അറസ്റ്റിലായി ജയിലിലാണ്. ഷെറിന്റെ ശരീരത്തില്‍ ഒടിവുകളും മുറിവുകള്‍ കരിഞ്ഞ പാടും ഉണ്ടായിരുന്നതായി പരിശോധിച്ച ഡോക്ടര്‍ കോടതിയെ അറിയിച്ചിരുന്നു. വീട്ടില്‍ തനിച്ചാക്കി കുട്ടിയുടെ ജീവന്‍ അപകടത്തിലാക്കിയെന്നാണ് ആദ്യം വെസ്്‌ലിക്കെതിരെ കുറ്റം ചുമത്തിയിരുന്നതെങ്കിലും പിന്നീടത് കുട്ടിക്ക് പരിക്കേല്‍പിച്ചുവെന്ന് മാറ്റിയിരുന്നു.   
കുട്ടിയെ കാണാതാകുമ്പോള്‍ താന്‍ ഉറക്കത്തിലായിരുന്നെന്നാണു സിനി പോലീസിനു നല്‍കിയ മൊഴി. ഭര്‍ത്താവും കുട്ടിയും തമ്മിലുണ്ടായ പ്രശ്‌നങ്ങളൊന്നും താന്‍ അറിഞ്ഞിരുന്നില്ലെന്നും പറഞ്ഞിരുന്നു. ദമ്പതികള്‍ക്കെതിരായ കുറ്റം ഇനിയും ഉയര്‍ത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നതെങ്കിലും കൊലപാതകം നടത്തിയതിന് തന്റെ കക്ഷിക്കെതിരെ തെളിവില്ലെന്നാണ് സിനി മാത്യൂസിന്റെ അറ്റോര്‍ണി റിച്ച് നോള്‍ട്ടെയുടെ അഭിപ്രായം. കുട്ടിയുടെ മരണത്തില്‍ എന്തെങ്കിലും പങ്കുവഹിച്ചതായി സിനി മാത്യൂസിനെതിരെ മൃതദേഹ പരിശോധനാ റിപ്പോര്‍ട്ടില്‍ ഇല്ലെന്നും നോള്‍ട്ടെ പറഞ്ഞു. രണ്ടു വര്‍ഷം മുമ്പാണ് ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍നിന്ന് ദമ്പതികള്‍ ഷെറിനെ ദത്തെടുത്തിരുന്നത്. 


 

Latest News