എമർജൻസി ചികിത്സക്ക് ഇൻഷുറൻസ് കമ്പനികളുടെ അപ്രൂവൽ ആവശ്യമില്ല

റിയാദ് - ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് എമർജൻസി സാഹചര്യങ്ങളിൽ ചികിത്സ നൽകുന്നതിന് ഇൻഷുറൻസ് കമ്പനികളുടെ അപ്രൂവലിന് കാത്തിരിക്കേണ്ട ആവശ്യമില്ലെന്നും കമ്പനികളുടെ അപ്രൂവലില്ലാതെ തന്നെ ഇത്തരം സന്ദർഭങ്ങളിൽ രോഗികൾക്ക് ചികിത്സ നൽകുന്നതിന് ആശുപത്രികൾ ബാധ്യസ്ഥമാണെന്നും കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് വ്യക്തമാക്കി. എമർജൻസി സാഹചര്യങ്ങളിൽ രോഗികളെ സ്വീകരിച്ച് ചികിത്സ നൽകുകയും അക്കാര്യം ഇരുപത്തിനാലു മണിക്കൂറിനകം ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനിയെ അറിയിക്കുകയുമാണ് വേണ്ടത്. ഇൻഷുറൻസ് പരിരക്ഷയുള്ളവർ ചികിത്സാ ഫീസ് ആയി അധിക പണമൊന്നും നൽകേണ്ടതില്ല. ഇൻഷുറൻസ് കമ്പനിയുമായുണ്ടാക്കുന്ന ധാരണ പ്രകാരം ചികിത്സാ ചെലവ് ഇനത്തിൽ വഹിക്കേണ്ട നിശ്ചിത അനുപാതം മാത്രം ഉപയോക്താക്കൾ അടച്ചാൽ മതി. അടിയന്തിര സാഹചര്യങ്ങളിൽ രോഗികളെയും ഗർഭിണികളെയും തൊട്ടടുത്ത അനുയോജ്യമായ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നതിനുള്ള ചെലവ് ഇൻഷുറൻസ് പോളിസി കവർ ചെയ്യും. 

ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് പ്രതിവർഷം പരമാവധി അഞ്ചു ലക്ഷം റിയാലിന്റെ ചികിത്സാ കവറേജാണ് ലഭിക്കുക. പരിശോധന, രോഗനിർണയം, ചികിത്സ, മരുന്നുകൾ, കിടത്തി ചികിത്സിക്കൽ, ദന്തരോഗം എന്നിവക്കുള്ള മുഴുവൻ ചെലവുകളും ഇൻഷുറൻസ് കമ്പനികൾ വഹിക്കും. കോസ്‌മെറ്റിക് സർജറി, കരുതിക്കൂട്ടി സ്വയം ഏൽപിക്കുന്ന പരിക്കുകൾ, കൃത്രിമ പല്ലുകൾ വെച്ചുപിടിപ്പിക്കൽ, ദന്തക്രമീകരണം, മരുന്നുകളുടെ ദുരുപയോഗം മൂലമുണ്ടാകുന്ന രോഗങ്ങൾ, മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതിന്റെ ഫലമായി പിടിപെടുന്ന രോഗങ്ങൾ എന്നിവക്കുള്ള ചികിത്സാ ചെലവ് ആരോഗ്യ ഇൻഷുറൻസ് പോളിസി കവർ ചെയ്യില്ല. 
ആരോഗ്യ ഇൻഷുറൻസ് പ്രകാരമുള്ള അവകാശങ്ങളെ കുറിച്ച് ഉപയോക്താക്കൾ ബോധവാന്മാരാകണമെന്ന് കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് വക്താവ് യാസിർ അൽമആരിക് ആവശ്യപ്പെട്ടു. ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട സംശയ നിവാരങ്ങൾക്കും അന്വേഷണങ്ങൾക്കും പരാതികൾക്കും ഏകീകൃത നമ്പറായ 920001177 ഉം കൗൺസിൽ ഇ-മെയിലും ആപ്ലിക്കേഷനും സാമൂഹികമാധ്യമങ്ങളിലെ ഒഫീഷ്യൽ പേജുകളും ഉപയോഗപ്പെടുത്താവുന്നതാണെന്നും യാസിർ അൽമആരിക് പറഞ്ഞു.
 

Latest News