Sorry, you need to enable JavaScript to visit this website.

കെ. സുധാകരൻ ഒരു സന്ദേശം

കെ സുധാകരനും സുധാകരനല്ലാത്തവരും തമ്മിൽ എന്താണ് വ്യത്യാസം? തോൽവിയിലും ഒരുമ പുലർത്താൻ കഴിയാത്ത ഒരു പാർട്ടിക്ക് ഉശിരേകാൻ എന്തു  വഴി എന്ന ചോദ്യം ഉടമയില്ലാതെ പറന്നു നടക്കുമ്പോൾ തിരിച്ചറിയേണ്ടതു തന്നെ ആ വ്യത്യാസം, സുധാകരനും സുധാകരനല്ലാത്തവരും തമ്മിലുള്ള വ്യത്യാസം.

വ്യായാമം നിർബന്ധമായും ചെയ്യുന്ന ആൾ എന്നു മാത്രമല്ല, രണ്ടു മണിക്കൂർ ദിവസേന ജിം ഉപയോഗിക്കുന്ന കോൺഗ്രസ് നേതാവു കൂടിയാണ് അദ്ദേഹം. കൈകാലുകളുടെ പേശികൾ ബലപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുന്ന ഒരു കെ. പി. സി. സി പ്രസിഡന്റ് ഉണ്ടായിക്കാണില്ല. അപകടത്തിൽ പെട്ട് അവയവങ്ങളുടെ സ്വാധീനം കുറഞ്ഞപ്പോൾ അതു വീണ്ടെടുക്കാൻ നീന്തൽ പതിവാക്കിയ ഒരാളുണ്ടായിരുന്നു - കെ കരുണാകരൻ. അതിനു വേണ്ടി ക്ലിഫ് ഹൗസിൽ ഒരു നീന്തൽക്കുളം ഉണ്ടാക്കിയപ്പോൾ അതും പൊല്ലാപ്പായി.

അതുകൊണ്ടാകാം, ശരീരത്തിന്റെ ശുദ്ധിയും ബലവും ലീഡർ സൂക്ഷിച്ചു സൂക്ഷിച്ചേ ഊന്നിപ്പറയാറുള്ളൂ. അതൊന്നും കൂസുന്ന കൂട്ടത്തിലല്ല സുധാകരൻ. ശരീരമാദ്യം ഖലൂ ധർമ്മസാധനം എന്ന മൊഴി അദ്ദേഹത്തിന്റെ വഴക്കമല്ല. സ്വാമി വിവേകാനന്ദനെ ലീഡർ അടിക്കടി ഉദ്ധരിക്കുമായിരുന്നു. 'നമുക്കു വേണ്ടത് ഇരുമ്പിന്റെ പേശികളും ഉരുക്കിന്റെ ഞരമ്പുകളുമാണ്. നാം ഏറെ കരഞ്ഞിരിക്കുന്നു. ഇനി കരയണ്ട. സ്വന്തം കാലിൽ നിൽക്കുന്ന ആണുങ്ങളാവണം നമ്മൾ.'

അറിയുമെങ്കിൽ അദ്ദേഹം വിവേകാനന്ദനെ എടുത്തു വീശുമായീരുന്നു. സാരസർവസ്വത്തിലേക്കൊന്നും പോകണ്ട. കായകൽപത്തിൽ കരുതലുള്ള കെ.പി.സി.സി ആകും തന്റേതെന്ന് നിയമനം വരുമ്പോഴേക്കും പത്രങ്ങളെക്കൊണ്ട് എഴുതിപ്പിച്ചു. വിലവിവരപ്പട്ടികയൊഴിച്ചുള്ള കാര്യങ്ങളൊക്കെ കൈയാളുകൾ പറഞ്ഞുകൊടുത്തു. വിയർത്തൊലിച്ചിട്ടും വീറു കുറയാതെ ജിമ്മിൽ രസിക്കുന്ന കെ.പി.സി.സി അധ്യക്ഷന്റെ ചിത്രത്തിന് വരിക്കാർ ഏറെയുണ്ടാകും. പാർട്ടിയുടെ കായകൽപം ജിമ്മിൽനിന്നു തന്നെ തുടങ്ങാം. 

വിവേകാനന്ദന്റെ വാക്കുകൾ സുധാകരനു വേണ്ടി ഒരുക്കി വെച്ചതാണെന്നു തോന്നും. നമ്മൾ മോങ്ങിക്കൂടാ, നമ്മുടെ പേശികൾ ഇരുമ്പുകൊണ്ടാകട്ടെ, ഞരമ്പുകൾ ഉരുക്കുകൊണ്ടും. സത്യഗ്രഹം കൊണ്ടും സഹനശീലം കൊണ്ടും അതു സാധിക്കില്ല.  പട്ടിണി കിടന്നും അടിയേൽക്കാൻ മറ്റേ കവിൾ കാണിച്ചും രൂപപ്പെട്ട കോൺഗ്രസിന്റെ പാരമ്പര്യം തകർച്ചയുടെ തുമ്പിൽ എത്തിച്ചതേയുള്ളൂ. അങ്ങനെ തകർക്കാൻ നോക്കുന്നവർക്ക് ഉരുക്കുമുഷ്ടികളും ഇരുമ്പുഞരമ്പുകളും കാണിച്ചുകൊടുക്കൂ.. 

കണ്ണൂരിൽ തഴച്ചു വളർന്ന സുധാകരൻ അനുഭവിച്ചത് അവിടത്തെ ശാരീരികതയും ഭക്ഷ്യവും തന്നെ.  കൈയൂക്ക് എന്തിനും കാരണവും കാര്യവും ആകുമെന്ന കമ്യൂണിസ്റ്റ് സിദ്ധാന്തം അദ്ദേഹത്തിന്റെ പേശികളിൽ എന്നും ഉൾച്ചേർന്നിരുന്നു. ഭാവത്തിലും ഭാഷയിലും കമ്യൂണിസത്തിനു മറുനിറമാകാനായിരുന്നു അദ്ദേഹത്തിന്റെ യോഗവും  താൽപര്യവും. അതുകൊണ്ടാണല്ലോ  കമ്യൂണിസമല്ലാതെ ഒന്നും വേരുറക്കുകയില്ലെന്ന് അതിന്റെ പതാകാവാഹകർ പാടിപ്പുകഴ്ത്തിയിരുന്ന കൊത്തളങ്ങളിൽ സുധാകരന്റെ പ്രസ്ഥാനമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബലാബലം നിൽക്കാറായതും. കമ്യൂണിസത്തിനെതിരെ അതിന്റെ തന്നെ ആവനാഴി തുറന്നെറിയുകയായിരുന്നു സുധാകരൻ.

സുധാകരൻ കണ്ണൂരിൽ പരാക്രമം തുടങ്ങുന്നതിനുമെത്രയോ മുമ്പ് അത്ര തന്നെ തീവ്രമല്ലാതെ സഖാക്കളെ നേരിട്ടു കണ്ടിരുന്നു ലീഡർ. വടക്കുന്നാഥന്റെ ക്ഷേത്രമിരുളാൻ തുടങ്ങിയപ്പോൾ തെരുവുകളിൽ ഉറച്ച ശബ്ദത്തിൽ ഉയിരിന്റെ ഈണത്തിൽ മുദ്രാവാക്യങ്ങൾ ഉയരുന്നു. ആളെണ്ണം കുറഞ്ഞ കരുണാകരന്റെ യൂനിയനിൽപെട്ട ഒരാൾ ഗൗനിക്കപ്പെട്ടില്ല. നീണ്ടുകുറുകിയ ആ മനുഷ്യൻ സ്വിച്ച് ഊരുന്നു, നഗരം ഇരുളിൽ ആഴുന്നു. അത്ര കൊണ്ടായില്ല. ആരോ ഒരാൾ ഒരു ജാഥക്കാരന്റെ കവിളത്തൊന്നു പൂശുന്നു, പിന്നെ കൂട്ടത്തല്ലായി. പിറ്റേന്നു രാവിലെ പത്രങ്ങൾ ഘോഷിച്ചു, ജാഥാംഗങ്ങൾ തമ്മിലടിച്ച് പിരിഞ്ഞു. ചിരിക്കാനും കണ്ണിറുക്കാനും കരുണാകരനു വകയായി.

ഇടതുപക്ഷം എന്നാൽ കമ്യൂണിസം മാത്രമല്ല എന്നു സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ ശ്രമത്തിനിടയിൽനിന്ന് അദ്ദേഹം ചികഞ്ഞെടുത്ത ഒരു കൊച്ചുകഥ കൂടി ഓർക്കാം.  തൃശൂരിലെ അന്തിക്കാടിന് ഒരു കാലത്ത് മോസ്‌കോ എന്നോ ബീജിംഗ് എന്നോ പേരു വിളിക്കാമായിരുന്നു. ഏകഛത്രാധിപത്യത്തിന്റെ അക്കാലത്ത് അവിടെയൊന്നും ചെങ്കൊടിയല്ലാതെ ഒരു നിറം പറക്കുമായിരുന്നില്ല. നിറം മാറിയ ഒരു ബൂത്ത് ആപ്പീസ് കെട്ടാൻ നോക്കിയാൽ നോക്കിയവൻ ഓടും, കണ്ടതൊക്കെ കീറും. ചങ്കൂറ്റം കാട്ടിയ ഒരു പോലിസ് ഇൻസ്‌പെക്ടറുടെ തല അരിഞ്ഞ് സ്റ്റേഷനിൽ കെട്ടിത്തൂക്കിയതാണ് പ്രദേശം. അവിടെ തെരഞ്ഞെടുപ്പ് സംഘടിപ്പിക്കാൻ കരുണാകരന് ചുമതലയായി.

ഒരു ദിവസം ചായപ്പീടികയിൽ ഇരുന്നിരുന്നവരും വഴി നടന്നിരുന്നവരും തെങ്ങിൽ കയറിയിരുന്നവരും നിശ്ചലമാകുന്നു, ചിത്രാർപ്പിതാരംഭമിവാവതസ്ഥേ എന്നു പറഞ്ഞ പോലെ. ആരെന്തു ചെയ്തിരുന്നുവോ ആ സ്ഥിതിയിൽ ഇളകാതെ നിൽക്കുക. അത്ഭുതം അന്തിക്കാട്ട് വാ പൊളിച്ചുനിന്നു. കോൺഗ്രസിന്റെ മുദ്രാവാക്യം വിളിച്ചുകൊണ്ട് പത്തു പതിനഞ്ച് ആളുകൾ ജാഥ നയിക്കുന്നു. ഒരു ജാഥയല്ല, പല ഭാഗങ്ങളിൽ പല പല ജാഥകൾ.

അങ്ങനെ തോന്നിയെന്നേയുള്ളൂ. ജാഥാംഗങ്ങൾ എല്ലാം ഒരു കൂട്ടർ തന്നെയായിരുന്നു. പച്ചക്കറിച്ചന്തയിലെ ചുമട്ടുകാരെ തൃശൂർനിന്നു പറഞ്ഞുവിട്ടതായിരുന്നു. ഒരിടത്തെ ജാഥ കഴിഞ്ഞാൽ ധീരതയും വീരതയും വഴിഞ്ഞൊഴുകുന്ന മറ്റൊരു ജാഥ പുറപ്പെടുകയായി, മറ്റൊരു മുനമ്പിൽനിന്ന്. ലീഡർ പറയുന്നു: സംഗതി ഫലിച്ചു. കോൺഗ്രസിന്റെ കൊടി കെട്ടിയാലും പറക്കുമെന്ന് അന്തിക്കാട്ടുകാർക്ക് മനസ്സിലായി. പിന്നെ തെരഞ്ഞെടുപ്പ് പ്രവർത്തനം അസാധ്യമല്ലെന്നായി.

ആയുധമെടുത്ത് അടരാടാൻ ആഹ്വാനം ചെയ്തിരുന്ന കോൺഗ്രസ് നേതാവായിരുന്നില്ല ലീഡർ. പക്ഷേ അടി വാങ്ങാൻ ഇരുകവിളുകളും കാട്ടിക്കൊടുക്കാനും അദ്ദേഹം തയാറായിരുന്നില്ല. തല്ലാനും കൊല്ലാനും മുറവിളി കൂട്ടുമായിരുന്നില്ല എന്നേയുള്ളൂ. ആ മുറവിളി കണ്ണൂരിലെ കമ്യൂണിസ്റ്റുകാർ പണ്ടേ മുഴക്കിയതായിരുന്നു.  കായിക ബലത്തിന്റെയും ജനക്കൂട്ടത്തിന്റെയും ഇടിമുഴക്കം ഏറ്റെടുത്തുകൊണ്ട് കോടിയേരി ബാലകൃഷ്ണൻ ഒരിക്കൽ പറഞ്ഞില്ലേ: വയലിൽ പണിതാൽ, വരമ്പത്ത് കൂലി. ആ മൊഴിയിലെ ഊറ്റം പലയിടത്തും കേൾക്കായി. ജി. സുധാകരൻ കേൾവിക്കാരോട് പറഞ്ഞു: സൂക്ഷിക്കണം; ചെങ്കൊടി പിടിച്ച് തഴമ്പിച്ചതാണ് ഞങ്ങളുടെ കൈകൾ. തല്ലു കൊള്ളുമെന്നർഥം. ആ ഭീഷണിയുടെ, മുന്നറിയിപ്പിന്റെ, അംശാവതാരം ഉൾക്കൊള്ളുന്നതാണ് സുധാകരൻ ഉയർത്തുന്ന മുദ്രാവാക്യങ്ങളും. 

ഉപവാസത്തിന്റെയും ഉപനയനത്തിന്റെയും പാർട്ടിയാണ് കോൺഗ്രസ്. അതിന്റെ ഭടന്മാർ അറസ്റ്റ് വരിക്കയേ ഉള്ളൂ, പോലീസിനെ കൈയേറില്ല. ജയിലിൽ പോയതിന് താമ്രപത്രം വാങ്ങും. കൊലക്കയർ അണിയുകയില്ല. കവിഞ്ഞാൽ കോൺഗ്രസുകാർ അടിപിടിക്കേസിൽ കുടുങ്ങും. കൊലക്കേസിൽ കോൺഗ്രസുകാർ പെട്ടുപോകാറില്ല. കരുണാകരന്റെ കാലമായപ്പോഴേക്കും ലാത്തിയെ പുല്ലാങ്കുഴലായി ഉൽപ്രേക്ഷിക്കുന്ന സ്ഥിതിയായി. കൊലക്കേസിൽ അദ്ദേഹത്തെ കുരുക്കാൻ നോക്കി. ആര്യാടൻ മുഹമ്മദും ഒരിക്കൽ കൊലക്കേസിൽ പെട്ടു. അതൊന്നും പക്ഷേ വരന്തരപ്പിള്ളി ഗർജിക്കുന്നു തുടങ്ങിയ പ്രാദേശിക കൊലകളുടെ കമ്യൂണിസ്റ്റ് കഥകളോളം എത്തിയില്ല. സായുധ വിപ്ലവം ഓർമയായെങ്കിലും കൊണ്ടുനടക്കുന്ന രാഷ്ട്രീയ പൈതൃകം സഖാക്കൾക്കു തന്നെ. 

ആ പൈതൃക സങ്കൽപത്തിന് സുധാകരൻ മാറ്റം വരുത്തുന്നു. എഴുപത്തിനാലിൽ എത്തുമ്പോൾ ഞരമ്പിൽ ഇരുമ്പും പേശിയിൽ ഉശിരും കരുതിവെക്കുന്നതാണ് പുതിയ കെ.പി.സി.സിയുടെ ദൗത്യം. അത് നേരത്തേ കൈയാളാൻ കഴിഞ്ഞില്ലല്ലോ എന്നതാണ് പരമമായ ഖേദം. ലാളിത്യവും വിനയവും അഹിംസയുമായിരുന്നു ഒരു കാലത്ത് അതിന്റെ ലക്ഷണം. ചിലർ അതിനു വേണ്ടി മാധ്യമങ്ങളുടെ സാക്ഷ്യപത്രം തേടിയിറങ്ങി. പുതിയ ഖദർ ഷർട്ടിന്റെ കാണാവുന്ന ഭാഗം കീറിയിട്ട് അശ്രദ്ധയും ലാളിത്യവും വിളംബരം ചെയ്യുന്നവരെ നമുക്കറിയാം. സുധാകരന് ഖദർ ഒരു കുപ്പായത്തിന്റെ തുണിയേ  ആകുന്നുള്ളൂ. ഒരു രാഷ്ട്രീയ സംസ്‌കൃതിയുടെ ബിംബമാവുന്നില്ല.  ഭൗതികവും അഭൗതികവുമായ വിഭവങ്ങൾ കൊണ്ട് അധികാരത്തിനു വേണ്ടി ബലാബലം നടത്തുമ്പോൾ ഖദറും രാംധുനും മുഷിഞ്ഞ ഓർമകൾ അടയാളപ്പെടുത്താൻ ഉപകരിക്കുമെന്നു മാത്രം.

സുധാകരന്റെ കോൺഗ്രസ് നിയോഗം തുടങ്ങുന്ന കാലത്ത് പാർട്ടിയുടെ പതനം തുടങ്ങിയിരുന്നു. അടിക്കടി തോൽവി പിണഞ്ഞപ്പോൾ അണികൾ നേതൃത്വത്തെ പഴിച്ചു. നേതൃത്വം അണികളെച്ചൊല്ലി അതൃപ്തരായി. നെഹ്‌റു തന്നെ രോഗാതുരനും ക്ഷീണിതനുമായിരുന്നു. സ്ഥാനമൊഴിയണമെന്ന ആവശ്യം അവിടവിടെ കേൾക്കായി. ചെവി വട്ടം പിടിച്ച് വിദൂരതയിലേക്ക് നോക്കുകയായിരുന്നു ഹൈക്കമാണ്ട്. 

കോൺഗ്രസ് സംസ്‌കാരം വീണ്ടെടുക്കണമെന്നായിരുന്നു ഒരു കൂട്ടരുടെ ആവശ്യം. മറ്റൊരു കൂട്ടർ മുൻ കോൺഗസുകാരെ മുഴുവൻ തിരികെ കൊണ്ടുവരണമെന്നു വാദിച്ചു. മുൻ കോൺഗ്രസുകാർ എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞാൽ ഇ.എം. എസിനെ കൂടി ഉൾപ്പെടുത്തേണ്ടി വരും. കോൺഗ്രസ് സംസ്‌കാരം ഇനിയും നിർവചിക്കപ്പെട്ടിട്ടില്ല. കരുണാകരനും ആന്റണിയും ശ്വസിച്ചുപോന്നത് കോൺഗ്രസ് വായു. തുടുത്തു മുറുകുന്ന സുധാകരന്റെ പേശികളിൽ ത്രസിക്കുന്നതും കോൺഗ്രസ് വായു തന്നെ. പക്ഷേ കോൺഗ്രസ്ര് ഇപ്പോൾ എന്തിനു വേണ്ടി നിലകൊള്ളുന്നുവെന്ന് സുധാകരൻ തെളിയിക്കേണ്ടിവരും.  അതാകും കെ.പി.സി.സിയുടെ പുതിയ സന്ദേശവും സംഘഗാനവും.

 

Latest News