Sorry, you need to enable JavaScript to visit this website.

പവിഴദ്വീപുകൾ പങ്കിലമാക്കുന്നവർ

ലക്ഷദ്വീപുകൾ ശരിക്കും അത്ഭുത ദ്വീപുകളാണ്. അഗാധമായ അറബിക്കടലിൽ അങ്ങിങ്ങായി ചിന്നിച്ചിതറിക്കിടക്കുന്ന 36 പവിഴപ്പുറ്റുകളാണ് ലക്ഷദ്വീപ്. കടലിനടിയിൽ രൂപപ്പെട്ട വമ്പൻ മലകളുടെ മുകളിൽ പവിഴപ്പുറ്റുകളാൽ രൂപം കൊണ്ടതാണ് ഈ ദ്വീപുകൾ. അതുകൊണ്ട് തന്നെ 100 ശതമാനം പരിസ്ഥിതി ലോലപ്രദേശവുമാണ്. 36 ദ്വീപുകളിൽ പതിനൊന്ന് ദ്വീപുകളിൽ മാത്രമാണ് ജനവാസമുള്ളത് ബാക്കി 25 ദ്വീപുകൾ ജനവാസമില്ലാത്തത കൊണ്ട് മലിനമാക്കപ്പെടാതെ നിലനിൽക്കുന്നു. അമ്പരപ്പിക്കുന്ന ജൈവ വൈവിധ്യങ്ങളുടെ നാടാണ് ലക്ഷദ്വീപ്. വിവിധ തരം മൽസ്യങ്ങളും കടലാമകളും മറ്റു കടൽജീവികളും കടൽ സസ്യങ്ങളും കൊണ്ട് സമൃദ്ധമാണ് ലക്ഷദ്വീപിലെ സമുദ്രങ്ങളും ലഗൂണുകളും. വിവിധ ഇനം പക്ഷിക്കൂട്ടങ്ങളും ദ്വീപുകളിൽ കാണപ്പെടുന്നു. പിട്ടി എന്ന ദ്വീപിലാണ് Dr.Salim Ali National Bird Sanctury ഉള്ളത്. ഈ ദ്വീപ് പക്ഷിപിട്ടി എന്നും അറിയപ്പെടുന്നു. പക്ഷിപിട്ടിയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശന വിലക്കുണ്ട്. സങ്കീർണമായ ആവാസ വ്യവസ്ഥയുടെ കൂടി നാടാണ് ലക്ഷദ്വീപ്.


ലക്ഷദ്വീപിൽ വികസനം എങ്ങനെയായിരിക്കണം


Integrated Island Managment Plan (IIMP) നെപ്പറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി 2012 ൽ ജസ്റ്റിസ് രവീന്ദ്രൻ കമ്മിറ്റിയെ ചുമതലപ്പെടുത്തി. 2014 ൽ രവീന്ദ്രൻ കമ്മിറ്റി സുപ്രീം കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതി 2015 ൽ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത കമ്മിറ്റിയുടെ റിപ്പോർട്ടിൽ ചില കാര്യങ്ങൾ എടുത്തു പറയുന്നുണ്ട്. 

1. പരിസ്ഥിതി ലോലപ്രദേശം കണക്കിലെടുത്ത് ലക്ഷദ്വീപിലെ ഏതൊരു വികസന പദ്ധതിയും ദ്വീപിലെ തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ ഭരണകൂടവുമായി ആലോചിച്ച് മാത്രമേ നടപ്പിലാക്കാവൂ എന്നു പറയുന്നുണ്ട്. നിലവിലെ അഡ്മിനിസ്‌ട്രേറ്റർ നടപ്പിലാക്കാൻ പോകുന്ന പദ്ധതികളൊന്നും തന്നെ ഇത്തരം ചർച്ചകൾക്ക് വിധേയമായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

2. Drudging, Mining പോലുള്ള പരിസ്ഥിതി ആഘാത പ്രവൃത്തികൾ ദ്വീപുകളിൽ പാടില്ല എന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്. ലക്ഷദ്വീപ് ഭരണകൂടം ഇപ്പോൾ കൊണ്ടുവരുന്ന നിയമത്തിൽ  മൈനിംഗ് പോലുള്ള പരിസ്ഥിതി ആഘാത പ്രവർത്തനങ്ങൾ നടത്തുമെന്നതും പരിസ്ഥിതിയോടുള്ള വെല്ലുവിളിയാണ്.

3. കടലാക്രമണം മൂലം വീടോ ഭൂമിയോ നഷ്ടപ്പെടുന്നവർക്ക് ഉചിതമായ രീതിയിൽ സാമ്പത്തിക നഷ്ടപരിഹാരം നൽകുകയോ അവരെ പുനരധിവസിപ്പിക്കുകയോ വേണമെന്നും ശുപാർശ ഉണ്ട്. പക്ഷേ മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകളെല്ലാം തീരദേശ സംരക്ഷണത്തിന്റെ പേര് പറഞ്ഞ് തകർക്കപ്പെടുന്ന കഴ്ചകളാണ് കണ്ടത്.
ജസ്റ്റിസ് രവീന്ദ്രൻ കമ്മിറ്റി റിപ്പോർട്ടിൽ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ജനവാസമില്ലാത്ത ദ്വീപുകളിലോ അല്ലെങ്കിൽ ജനവാസമുള്ള ദ്വീപുകളിലെ ഒഴിഞ്ഞു കിടക്കുന്ന പ്രദേശത്തോ നിയന്ത്രിതമായി മാത്രമേ ടൂറിസം പദ്ധതികൾ നടപ്പിലാക്കാവൂ എന്ന് രവീന്ദ്രൻ കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. അനിയന്ത്രിതമായി ടൂറിസ്റ്റുകളെ കൊണ്ടുവരുന്നത് ദ്വീപിലെ സാമൂഹിക, സാംസ്‌കാരിക പൈതൃകത്തിന് കോട്ടം ഉണ്ടാക്കുമെന്നതിന് തർക്കമില്ല. ദ്വീപുകളിൽ waste management ബുദ്ധിമുട്ടുണ്ടാക്കും. Waste കൾ കടലിലേക്ക് ഒഴുക്കിക്കളയേണ്ട അവസ്ഥയുണ്ടാകും. ഇത് കടലിലെ ആവാസ വ്യവസ്ഥക്ക് വൻ ഭീഷണിയാണ് ഉണ്ടാക്കുക. നിലവിലുള്ള Entry Permit  System തന്നെ അനിയന്ത്രിതമായി വരുന്ന ടൂറിസ്റ്റുകളെ നിയന്ത്രിക്കാനുള്ളതാണ്.

2.4 ചതുരശ്ര കി.മീ വിസ്തീർണവും പരമാവധി 10 കി.മീ നീളവുമുള്ള ദ്വീപുകളിൽ വൻകിട പദ്ധതികൾക്ക് അത് ടൂറിസമായാലും വ്യവസായമായാലും പരിമിതികളുണ്ട്. ദ്വീപിനെ മാലിദ്വീപാക്കി മാറ്റാം എന്ന തെറ്റിദ്ധാരണ ആദ്യം മാറ്റിവെക്കണം. മാലിദ്വീപും ലക്ഷദ്വീപും തമ്മിൽ വലിയ അന്തരം ഉണ്ട്. മാലിദ്വീപിൽ 1200 ദ്വീപുകളുണ്ട്. അതിൽ 1000 ദ്വീപുകളിലും ജനവാസമില്ലാത്തതാണ്. മാലിദ്വീപിലെ ടൂറിസ വികസനം കൊണ്ട് വൻകിട കുത്തകക്കാരാണ് നേട്ടം ഉണ്ടാക്കിയത്. മാലിദ്വീപ് ഒരു രാജ്യവും ആ രാജ്യത്തിന്റെ മുഖ്യ വരുമാനം ടൂറിസത്തിൽ നിന്നുമാണ്. ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ പ്രദേശമാണ് ലക്ഷദ്വീപ്. ഇത്തരം പ്രദേശത്ത് വികസനം കൊണ്ടുവരുമ്പോൾ അത് അവിടത്തെ ജനതയേയും പരിസ്ഥിതിയേയും ദോഷകരമായി ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് മുൻകാലങ്ങളിൽ ദ്വീപിലെ ജനങ്ങൾ അവിടന്ന് ലഭിച്ചിരുന്ന നാടൻ കല്ലുകൾ ഉപയോഗിച്ചാണ് വീടുകളും കെട്ടിടങ്ങളും നിർമിച്ചിരുന്നത്. ദ്വീപിൽ നിന്നും അനിയന്ത്രിതമായി ഇത്തരം കല്ലുകൾ എടുത്തു മാറ്റുന്നത് ദ്വീപിന്റെ പരിസ്ഥിതിക്ക് കോട്ടം ഉണ്ടാക്കുമെന്ന് പഠനങ്ങളിൽ നിന്നും മനസ്സിലാക്കിയ മുൻ അഡ്മിനിസ്‌ട്രേറ്റർമാർ Lakshadweep Housing Board രൂപീകരിക്കുകയും അതുവഴി കെട്ടിട നിർമാണ സാധനങ്ങൾ ചുരുങ്ങിയ വിലക്ക് ജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്തിരുന്നു. നിലവിലെ അഡ്മിനിസ്‌ട്രേറ്റർ Lakshadweep Housing Board നിർത്തലാക്കിയത് കാരണം ജനങ്ങൾ വീണ്ടും പരിസ്ഥിതി ആഘാത പ്രവൃത്തിയിലേക്ക് നീങ്ങുമോയെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.

ലക്ഷദ്വീപിനെ മാലിദ്വീപാക്കാനുള്ള മോഹവുമായി നടക്കുന്നവർ മാലിദ്വീപിലെ ടൂറിസത്തിന്റെ കോട്ടങ്ങളെപ്പറ്റിയും പഠിക്കണം. വളരെ ചെറിയ വിസ്തീർണമുള്ള ദ്വീപുകളിൽ ടൂറിസത്തിന്റെ പേരിൽ ധാരാളം വാഹനങ്ങൾ കൊണ്ടുവന്നത് കാരണം രൂക്ഷമായ വായു മലിനീകരണമാണ് നേരിട്ടത്. റിസോർട്ടുകളും എയർപോർട്ടുകളും നിർമിക്കുവാൻ വേണ്ടി വലിയ തോതിൽ വൃക്ഷങ്ങളും തെങ്ങുകളും മുറിച്ചുമാറ്റപ്പെട്ടപ്പോൾ കടലാക്രമണം രൂക്ഷമാവുകയും ദീപുകളുടെ നാശത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. മാലിദ്വീപിലെ റിസോർട്ടുകളിൽ വലിയ പങ്കും വിദേശ കമ്പനികളുടെ അധീനതയിലാണ് ഉള്ളത്. അവിടത്തെ ജനങ്ങൾക്ക് പ്രത്യേകിച്ച് ഒരു നേട്ടവും അതുകൊണ്ട് ഉണ്ടായിട്ടില്ല.


മാലിന്യ നിർമാർജനമാണ് ടൂറിസം കൊണ്ട് മാലിദ്വീപ് നേരിടുന്ന മറ്റൊരു വലിയ പ്രശ്‌നം. അഴുക്കുവെള്ളവും മാലിന്യങ്ങളും ലഗൂണുകളിലേക്ക് ഒഴിക്കി വിടുന്നതുകൊണ്ട് സുന്ദരമായ ലഗൂണുകൾ മലിനീകരിക്കപ്പെടുകയും അതിനാൽ കടലിലെ ആവാസ വ്യവസ്ഥക്ക് നാശം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.. മാലിദ്വീപിൽ Rubbish Island എന്ന് അറിയപ്പെടുന്ന ഒരു ദ്വീപ് തന്നെ ഉണ്ട്. ഇവിടെയാണ് നൂറുകണക്കിന് ടൺ മാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുന്നത്. 16 വർഷം മുമ്പ് വരെ ഈ ദ്വീപ് മലിനമാക്കപ്പെടാത്ത സുന്ദര ദ്വീപായിരുന്നു. ഈ മാലിന്യ കൂമ്പാരത്തിൽ നിന്നും Mercury, Cadmium പോലുള്ള രാസവസ്തുക്കൾ കടലിൽ എത്തിയതിനാൽ കടലിലെ ജീവജാലങ്ങളുടെ നിലനിൽപിന് ഭീഷണിയായി നില നിൽക്കുന്നുണ്ട്.
ലക്ഷദ്വീപിൽ നിയന്ത്രിതമായ രീതിയിലുള്ള ടൂറിസവും ദ്വീപിന്റെ തനതായ ചെറുകിട വ്യവസായങ്ങളുമാണ് പ്രോത്സാഹിക്കപ്പെടേണ്ടത്. മറിച്ചാണെങ്കിൽ ലക്ഷദ്വീപുകൾ മാലിദ്വീപിന് പകരം  മലിന ദ്വീപുകളായി മാറുമെന്നതിന് സംശയമില്ല. ദ്വീപിൽ അശാന്തി വിതയ്ക്കുന്നവർക്കെതിരെ കനത്ത പ്രതിരോധമാണ് കാലം ആവശ്യപ്പെടുന്നത്. 

Latest News