ജോബ് ഫെയറുകള്‍ മുടങ്ങി, ഉദ്യോഗാര്‍ഥികളുടെ മുന്നില്‍ ഇനി ക്ലബ് ഹൗസും

ചെന്നൈ-ഭൂമിക്കു താഴെയുള്ള സകല വിഷയങ്ങളിലും ചര്‍ച്ച തുടരുന്ന ക്ലബ് ഹൗസ് തൊഴിലന്വേഷകര്‍ക്കു മുന്നിലും വഴി തുറക്കുന്നു.
ക്ലബ് ഹൗസ് ശ്രോതാക്കളായി മാറിയതിലൂടെ ചെന്നൈയിലെ ഒരു കൂട്ടം യുവാക്കള്‍ തൊഴില്‍ കരസ്ഥമാക്കി.  സ്റ്റാര്‍ട്ട് അപ്പ് ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ അഞ്ചു കമ്പനികളാണ് ഉദ്യോഗാര്‍ഥികളെ ക്ലബ് ഹൗസിലൂടെ ക്ഷണിച്ചത്.


ശനിയാഴ്ചയാണ് ഓഡിയോ സോഷ്യല്‍ നെറ്റ്‌വര്‍ക്കിലൂടെ കമ്പനികള്‍ ഉദ്യോഗാര്‍ഥികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചത്. ആദ്യ 15 മിനിറ്റില്‍ മാത്രം 'ഗിഗ് ഹയറിങ്' എന്ന ഗ്രൂപ്പില്‍ 100ലധികം പേരാണ് കയറിയത്. നൂറിലേറെ ജോലികളാണ് ഈ കമ്പനികള്‍ മുന്നോട്ടുവെച്ചത്.


പലരും ജോലി അന്വേഷിക്കുന്ന സമയമായതിനാലാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് കമ്പനികളുടെ പ്രതികരണം. കമ്പനിയുടെ ഉടമസ്ഥരും അവരുടെ എച്ച്.ആര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് ക്ലബ്ഹൗസില്‍ കയറി ജോലി ഒഴിവുകള്‍ സംബന്ധിച്ച് വിവരിക്കുകയായിരുന്നു. ശ്രോതാക്കള്‍ക്ക് സംശയങ്ങള്‍  ചോദിക്കുന്നതിനും അവസരം നല്‍കി. ഇതില്‍നിന്ന് താല്‍പ്പര്യമുള്ളവരെ അടുത്തഘട്ടത്തിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു.

കോവിഡ് പ്രതിസന്ധിയില്‍ ജോബ് ഫെയറുകളും കാംപസ് റിക്രൂട്ട്‌മെന്റുകളും നടത്താന്‍ സാധിക്കാത്തതിനാലാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് ടെണ്ടര്‍കട്ട്‌സ് സി.ഇ.ഒയും സ്ഥാപകനുമായ നിഷാന്ത് ചന്ദ്രന്‍ പറഞ്ഞു. ക്ലബ് ഹൗസ് എന്ന പുതിയ മാര്‍ഗത്തിലൂടെ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News