ജിദ്ദ - അൽറവാബി ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന സലൂണിനു മുന്നിൽ വെച്ച് പട്ടാപ്പകൽ യുവാവിനെ യുവതി ആക്രമിച്ചത് കുടുംബകലഹത്തെ തുടർന്നെന്ന് പോലീസ്. രക്തത്തിൽ കുളിച്ച് അനങ്ങാതെ കിടക്കുന്ന നിലയിൽ ഫുട്പാത്തിൽ കിടക്കുന്ന യുവാവിന്റെ ഫോട്ടോയും വീഡിയോയും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. യുവാവിനെ യുവതി കുത്തിക്കൊല്ലുകയായിരുന്നെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. യുവാവിനെ താൻ കുത്തിക്കൊന്നതായി യുവതി വിളിച്ചുപറയുകയും ചെയ്തിരുന്നു. കൂടാതെ പഴ്‌സിൽ നിന്ന് സ്വന്തം തിരിച്ചറിയൽ രേഖ പുറത്തെടുത്ത് ഇവർ സംഭവം ചിത്രീകരിച്ചയാളുടെ ക്യാമറക്കു മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
എന്നാൽ കുടുംബ കലത്തെ തുടർന്നാണ് യുവതി യുവാവിനെ ആക്രമിച്ചതെന്നും യുവാവിന്റെ ശിരസ്സിലാണ് പരിക്കെന്നും മക്ക പ്രവിശ്യ പോലീസ് പറഞ്ഞു. യുവാവിന്റെ ആരോഗ്യനില ഭദ്രമാണ്. നാൽപതിനടുത്ത് പ്രായമുള്ള സൗദി യുവാവിനെയും യുവതിയെയും സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഇരുവർക്കുമെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് അറിയിച്ചു.






