Sorry, you need to enable JavaScript to visit this website.

നവ മാധ്യമ കൂട്ടായ്മ പുതിയ ചരിത്രമെഴുതുന്നു

കണ്ണൂര്‍ - സമൂഹത്തിലെ വിവിധ വിഷയങ്ങളില്‍ സജീവമായി ഇടപെട്ട് വ്യത്യസ്ത ചരിത്രമെഴുതി പ്രവാസികളടക്കമുള്ളവരുടെ നവ മാധ്യമ കൂട്ടായ്മ. ചരിത്രമുറങ്ങുന്ന വളപട്ടണത്ത് രൂപം കൊണ്ട ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയായ പ്രതികരണ വേദിയാണ് സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും ദേശ പരിമിതികളില്ലാതെ പൊതു പ്രശ്‌നങ്ങളില്‍ ഇടപെടുകയും പരിഹാരമുണ്ടാക്കുകയും ചെയ്ത് പുതിയ ചരിത്രമെഴുതുന്നത്. നവ മാധ്യമങ്ങള്‍ കേവലം വിനോദത്തിനായി മാത്രം ഉപയോഗിക്കുന്ന പുതു തലമുറക്കു പുതിയ സന്ദേശം നല്‍കുക കൂടിയാണ് ഈ കൂട്ടായ്മ.
 വളപട്ടണത്തിന്റെ പ്രശസ്ത കലാകാരന്‍ പ്രേം സൂറത്ത് പ്രസിഡണ്ടും ടി.പി.മുജീബ് റഹ് മാന്‍ സെക്രട്ടറിയുമായി 1988 ല്‍ രൂപം കൊണ്ട പ്രതികരണ വേദിയാണ് മൂന്നു പതിറ്റാണ്ടിനിപ്പുറം സമൂഹ മാധ്യമങ്ങളില്‍ പുതിയ രൂപത്തില്‍ സജീവമാകുന്നത്. പ്രതികരണ വേദിക്കു ആദ്യ കാലത്ത് ചിറക്കല്‍, പുഴാതി പഞ്ചായത്തുകളില്‍ യൂനിറ്റുകളുണ്ടാവുകയും ദേശത്തിന്റെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട് പരിഹാരം കാണുകയും ചെയ്തിരുന്നു. ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ പലരും ജോലി ആവശ്യാര്‍ഥവും മറ്റും വിദേശങ്ങളിലേക്കടക്കം പോയതോടെ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി. വര്‍ഷങ്ങള്‍ക്കിപ്പുറം, സമൂഹ മാധ്യമങ്ങള്‍ പൊതു രംഗത്തു സജീവമായതോടെയാണ് ഈ കൂട്ടായ്മ വീണ്ടും ഉണര്‍ന്നത്. സാഹിത്യകാരന്മാരായ നാസര്‍ കൂടാളി, ഇയ്യ വളപട്ടണം, സാബിര്‍ വളപട്ടണം, മൊയ്തു മായിച്ചാന്‍ കുന്ന് തുടങ്ങിയവരുടെ ഉപദേശ നിര്‍ദ്ദേശങ്ങളോടെ ടി.പി.മുജീബ് റഹ്മാന്‍ അഡ്മിനായി പ്രതികരണ വേദി എന്ന പേരില്‍ സ്വതന്ത്ര ഫേസ് ബുക്ക് കൂട്ടായ്മ രൂപം കൊണ്ടു. വളപട്ടണത്തെ പൊതു രംഗത്ത് ഒറ്റയാള്‍ ഇടപെടലുകള്‍ നടത്തിയിരുന്ന ഹാരിസ് ടി.പി, അലി സയ്യിദ്, വി.കെ.മൂസാന്‍ കുട്ടി, വി.കെ.അസീസ്, കെ.പി.അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവരെ ഈ കൂട്ടായ്മയുടെ ഭാഗമാക്കുകയും ജനങ്ങള്‍ സജീവമായി ഇടപെടുകയും ചെയ്തതോടെ കൂട്ടായ്മ ഉണര്‍ന്നു പ്രവര്‍ത്തിച്ചു തുടങ്ങി. സൗദിയില്‍ ഇരുന്നുകൊണ്ട് മുജീബും യു.എ.ഇയില്‍ നിന്നും അനസ് വിയും ശംസാജും ഇ മെയിലിലൂടെ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തു. കെ.പി.ആബിദ് റഹ്മാനാണ് നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത്. അഡ്വ.സിദ്ദീഖ്, അഡ്വ.സൈഫുദ്ദീന്‍ എന്നിവര്‍ നിയമ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഒപ്പം നിന്നു.
വളപട്ടണം പാലത്തിനടുത്ത് അപകടകരമായ നിലയില്‍ സ്ഥിതി ചെയ്യുന്ന ബസ് ഷെല്‍ട്ടര്‍ വളരെ പെട്ടെന്നു തന്നെ പുതുക്കി പണിത് ജനങ്ങള്‍ക്കു സമര്‍പ്പിക്കാനായതാണ് ആദ്യത്തെ ഇടപെടല്‍. പഴയ സ്‌പോണ്‍സറെക്കൊണ്ടു തന്നെ ഇത് പൂര്‍ത്തിയാക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തി. ആധുനിക സാങ്കേതിക വിദ്യ ജനങ്ങള്‍ക്കുപകാരപ്പെടുന്ന വിധത്തില്‍ എങ്ങനെ വിനിയോഗിക്കാമെന്ന് ഈ കൂട്ടായ്മ പിന്നീടുള്ള നാളുകളില്‍ തെളിയിക്കുകയായിരുന്നു. ജനങ്ങള്‍ നല്‍കുന്ന പരാതികള്‍ അതിന്റെ തെളിവുകള്‍ സഹിതം ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കുകയെന്ന ഉത്തരവാദിത്തം ഏറ്റെടുത്തത് സൗദിയിലുള്ള മുജീബായിരുന്നു. കലക്ടര്‍, മുഖ്യമന്ത്രി, ഗവര്‍ണര്‍ മുതല്‍ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും വരെ ഈ കൂട്ടായ്മയില്‍ നിന്നും പരാതികളും നിവേദനങ്ങളും പ്രവഹിച്ചു. പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനായി. മറ്റുള്ളവയ്ക്കായി നിരന്ത്രം ഇടപെടലുകള്‍ തുടരുന്നു.
വളപട്ടണം ദേശീയ പാതയിലെ അപകടകരമായ ഡിവൈഡറുകള്‍ മാറ്റി സ്ഥാപിക്കുന്നതു മുതല്‍ അനധികൃത പാര്‍ക്കിംഗ് വരെയുള്ള പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം കണ്ട ഈ കൂട്ടായ്മ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനകീയ പ്രശ്‌നങ്ങളും ബന്ധപ്പെട്ടവരുടെ മുന്നിലെത്തിക്കുന്നതില്‍ വിജയിച്ചു. വയനാട് - ഗുണ്ടല്‍ പേട്ട് റൂട്ടിലെ വാഹന നികുതി കൊള്ള മുതല്‍, കോഴിക്കോട് ഇരിങ്ങണ്ണൂരിലെ റോഡ് ടാറിംഗ് അഴിമതിയും വളപട്ടണം റെയില്‍വേ പാലത്തിനടിയിലെ അനധികൃത മണല്‍ കൊള്ളയുമടക്കമുള്ള പ്രശ്‌നങ്ങള്‍ അധികൃതര്‍ക്കു മുന്നിലെത്തിക്കാനും നടപടിയെടുക്കാനും ഈ കൂട്ടായ്മയ്ക്കു സാധിച്ചു. സംസ്ഥാനത്തെ മാലിന്യ പ്രശ്‌നം പരിഹരിക്കാനുള്ള ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച ഈ നവ മാധ്യമ കൂട്ടായ്മ, സാധാരണ ജനങ്ങള്‍ക്കു അടിയന്തര ചികിത്സക്കായി എയര്‍ ആംബുലന്‍സ് കൂടി അനുവദിച്ചു കിട്ടാനുള്ള തീവ്ര പരിശ്രമത്തിലാണ്.

 

Latest News