പട്‌ന- കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്നും അതില്‍ നിന്ന് പലരും പുറത്ത് ചാടുന്നത് സ്വാഭാവികമായി തുടരുമെന്നും ജെഡിയു ദേശീയ അധ്യക്ഷന്‍ ആര്‍സിപി സിങ്. ബിഹാറില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ജെഡിയുവിലേക്ക് കളംമാറിയേക്കുമെന്ന റിപോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിഹാറില്‍ 19 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. ഇവരില്‍ 13 പേര്‍ കളംമാറിയേക്കുമെന്ന് അഭ്യൂഹം ശക്തമാണ്. ഇതു സംബന്ധിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ ഒഴിഞ്ഞു മാറി.
ബംഗാളില്‍ സംസ്ഥാനം ഭരിച്ചിരുന്ന കോണ്‍ഗ്രസ് കഴിഞ്ഞ തെരഞ്ഞെടുപ്പോടെ തുടച്ചു നീക്കപ്പെട്ടു. ജ്യോതിരാദിത്യ സിന്ധ്യ, ജിതിന്‍ പ്രസാദ എന്നിവരെ പോലുള്ളവര്‍ പാര്‍ട്ടി വിട്ടുപോകുന്നതില്‍ ഒരു അത്ഭുതവുമില്ല- ആര്‍സിപി സിങ് പറഞ്ഞു.
മൂന്ന് വര്‍ഷം മുന്‍പ് ബിഹാറില്‍ കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ അശോക് ചൗധരി പാര്‍ട്ടി വിട്ട് ജെഡിയുവില്‍ ചേര്‍ന്നിരുന്നു. പിന്നീട് ജെഡിയു സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റായി അശോക് മികച്ച പ്രകടനം നടത്തുകയും ഇപ്പോള്‍ മന്ത്രിസഭയില്‍ മുഖ്യമന്ത്രി നിതീഷിന്റെ വിശ്വസ്ത സഹപ്രവര്‍ത്തകനുമാണ്.