കണ്ണൂര്‍ - വ്യക്തിപൂജാ വിവാദങ്ങള്‍ സി.പി.എമ്മില്‍ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കു വഴിവെക്കുന്നു. കണ്ണൂരില്‍ ജില്ല സെക്രട്ടറി പി.ജയരാജനെതിരെ ഉയര്‍ന്ന വിവാദത്തിന്റെ അല കെട്ടടങ്ങും മുമ്പ് പാലക്കാട്ടും എറണാകുളത്തും സമാനമായ പ്രചാരണം നടന്നത് നേതൃത്വത്തിനു തലവേദനയാവുകയാണ്. പാര്‍ട്ടി ജില്ലാ സമ്മേളനങ്ങള്‍ നടന്നു വരുന്നതിനിടെ, സംസ്ഥാന സെക്രട്ടറിയുടെ തറവാട്ടില്‍ ശത്രു സംഹാര ഹോമം നടത്തിയെന്ന വാര്‍ത്തയും പുറത്തു വന്നത് നേതൃത്വത്തെ പ്രതിരോധത്തിലാക്കിക്കഴിഞ്ഞു.
സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പാര്‍ട്ടിക്ക് അതീതനായി വളരാന്‍ ശ്രമിക്കുന്നുവെന്നും പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വ്യക്തി പൂജാ പ്രചാരണത്തിനു നിന്നു കൊടുത്തുവെന്ന കണ്ടെത്തലില്‍ കീഴ് ഘടകങ്ങളില്‍ റിപ്പോര്‍ട്ടിംഗ് നടന്നു വരുന്നതിനിടെയാണ് പുതിയ വിവാദങ്ങളുയര്‍ന്നു വന്നത്. പാലക്കാട് ജില്ലാ സമ്മേളനം നടക്കുന്നതിനിടെയാണ് എം.എല്‍.എ ശശിയെ സ്തുതിച്ചു കൊണ്ടുള്ള ഫ്‌ളക്‌സുകളും മറ്റും അവിടെ ഉയര്‍ന്നത്. സമാനമായ സംഭവം എറണാകുളത്തുമുണ്ടായി. സി.പി.എമ്മില്‍ വ്യക്തികളെ ഉയര്‍ത്തിക്കാട്ടുന്ന പ്രവണത സമീപകാലത്താണ് ശക്തമായത്. പി.ജയരാജനെ സ്തുതിച്ചു കൊണ്ട് പുറച്ചേരി ഗ്രാമീണ കലാസമിതി പുറത്തിറക്കിയ സംഗീത ശില്‍പവും, ഭാവി ആഭ്യന്തര മന്ത്രിയായി ഉയര്‍ത്തിക്കാട്ടിയ ഫ്‌ളക്‌സുമാണ് അദ്ദേഹത്തിനെതിരെ നടപടിക്കു കാരണമായത്. ഇതിനു പുറമെ, കതിരൂര്‍ മനോജ് വധക്കേസില്‍ നേതാക്കള്‍ക്കെതിരെ കാപ്പ ചുമത്തിയതിനെതിരെ പ്രതിഷേധിക്കുന്നതിനായി തയ്യാറാക്കിയ നോട്ടീസില്‍ ജയരാജനെ ദൈവദൂതനായി വിശേഷിപ്പിച്ചതും വിനയായി. ഇതെ#ാന്നും ജയരാജന്‍ നേരിട്ട് ചെയ്തതല്ലെങ്കിലും, മുതിര്‍ന്ന നേതാവെന്ന നിലയില്‍ ഇത്തരം പ്രവണതകളെ തടയാന്‍ ശ്രമിച്ചില്ലെന്നാണ് സംസ്ഥാന നേതൃത്വം വിലയിരുത്തിയിരുന്നത്. വ്യക്തിയല്ല, പാര്‍ട്ടിയാണ് വലുതെന്ന കൊല്‍ക്കത്ത പ്ലീനത്തിന്റെ മാര്‍ഗ രേഖകള്‍ ജയരാജന്‍ ലംഘിച്ചുവെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇക്കഴിഞ്ഞ നവംബര്‍ 11 നു ചേര്‍ന്ന സംസ്ഥാന സമിതി യോഗം അദ്ദേഹത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടാനും ഇക്കാര്യം കീഴ് ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാനും തീരുമാനിച്ചത്. ഇതിന്റെ ഭാഗമായുള്ള റിപ്പോര്‍ട്ടിംഗ് കണ്ണൂരില്‍ നടന്നു വരികയാണ്. 'ചില തെറ്റായ പ്രവണതകള്‍' എന്ന പേരിലുള്ള സംസ്ഥാന സമിതിയുടെ അഞ്ച് പേജ് സര്‍ക്കുലറാണ് ബ്രാഞ്ച് അടക്കമുള്ള ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ സമാനമായ കാര്യങ്ങള്‍ ചെയ്ത മറ്റുള്ളവര്‍ക്കെതിരെ ഇതുവരെ നടപടിയുണ്ടായിട്ടില്ല.
ഇതിനിടെയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ തറവാട്ടു വീട്ടില്‍ നാലു നാള്‍ നീണ്ട ശത്രുസംഹാര പൂജ നടന്നുവെന്ന കാര്യം ബി.ജെ.പി മുഖപത്രം വലിയ പ്രാധാന്യത്തോടെ പുറത്തു വിട്ടത്. ഇക്കാര്യം പാര്‍ട്ടി അണികളിലടക്കം ചര്‍ച്ചയായിക്കഴിഞ്ഞു. തൃശൂരിലെ നാല് ബ്രാഹ്മണ പുരോഹിതരുടെ നേതൃത്വത്തിലാണ് പൂജകള്‍ നടന്നതെന്നും കോടിയേരി ഈ പൂജയില്‍ പങ്കെടുത്തുവെന്നും അപരിചിതരായ ബ്രാഹ്മണര്‍ കോടിയേരിയുടെ വീട്ടിനടുത്തുള്ള തിരുവങ്ങാട് ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയതോടെയാണ് പൂജാ വിവരം പുറത്തു വന്നതെന്നുമാണ് വാര്‍ത്ത. സി.പി.എം ജില്ലാ - സംസ്ഥാന നേതൃത്വങ്ങള്‍ ഇതുവരെ ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. നേരത്തെ കോടിയേരിയുടെ പേരില്‍ കാടാമ്പുഴയില്‍ പൂമൂടല്‍ നടത്തിയെന്ന വാര്‍ത്ത വന്‍ വിവാദമായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ക്ഷേത്ര ദര്‍ശനവും വിവാദത്തിലായിരുന്നു.
വ്യക്തി പൂജയും പൂജയും സി.പി.എം അണികളില്‍ ഇതിനകം വലിയ ചര്‍ച്ചക്കു വഴിവെച്ചിട്ടുണ്ട്. ജയരാജനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നുണ്ട്. സംഘപരിവാറിനതിരെ ശക്തമായ നിലപാടെടുക്കുകയും ചെറുത്തു നില്‍ക്കുന്നതിനെയും ഒരു വിഭാഗം അനുകൂലിക്കുമ്പോള്‍, കണ്ണൂരില്‍ നിരന്തരമുണ്ടാവുന്ന അക്രമവും കൊലപാതകങ്ങളും ഭരണത്തിന്റെ ശോഭ കെടുത്തുന്നതാണെന്നാണ് മറു പക്ഷത്തിന്റെ വിലയിരുത്തല്‍. കേരളത്തിലെ ഇടതു ഭരണത്തെയും സി.പി.എമ്മിനെയും ദേശീയ തലത്തിലടക്കം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് കണ്ണൂരിലെ അക്രമങ്ങളാണെന്നും ഇവര്‍ വിലയിരുത്തുന്നു.