Sorry, you need to enable JavaScript to visit this website.

പെട്രോൾ വില വർധനയിൽ പൊറുതിമുട്ടി ജനം

കോവിഡ് വ്യാപനത്താൽ രാജ്യത്തെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്ന വേളയിൽ പെട്രോൾ ഡീസൽ വില കുത്തനെ ഉയരുന്നത് ജനങ്ങളെ പൊറുതി മുട്ടിച്ചിരിക്കുകയാണ്. അഞ്ചു സംസ്ഥാനങ്ങളിൽ പെട്രോൾ വില 100 കടന്നു. പ്രതിഷേധം എല്ലാ കോണുകളിൽനിന്നും ഉയരുന്നുണ്ടെങ്കിലും സർക്കാരിന് ഒരു കുലുക്കവുമില്ല. പെട്രോൾ ഡീസൽ വില ദിനേനയെന്നോണം കൂടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം മാത്രം 18 തവണയാണ് വില വർധിച്ചത്. ആറു മാസത്തിനിടെ ലിറ്ററിൻമേൽ 11 രൂപയിലേറെയാണ് പെട്രോളിന് വർധിച്ചത്. ഈ വർഷം ജനുവരി ഒന്നിനു ലീറ്ററിന് 84-86 രൂപയായിരുന്നു കേരളത്തിലെ വില. ഇപ്പോഴത് 95-98 രൂപയാണ്. 98.16 ആണ് ഇന്നത്തെ കേരളത്തിലെ വില. പ്രീമിയം പെട്രോൾ വില പല സംസ്ഥാനങ്ങളിലും 100 രൂപ കടന്നു. കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു വേളയിൽ മാർച്ച്- ഏപ്രിൽ മാസങ്ങളിൽ നിയന്ത്രിക്കപ്പെട്ട വിലകൾ പിന്നീടു കുതിച്ചുയരുകയായിരുന്നു. 
ക്രൂഡ് വില വർധനയെ ആശ്രയിച്ചാണ് വിലവ്യതിയാനമെന്നാണ് ഭരണകർത്താക്കൾ പറയുന്നത്. നിലവിൽ രാജ്യാന്തര വിപണിയിൽ ബ്രന്റ് ക്രൂഡ് ഓയിൽ ബാരലിന് 72 ഡോളറിനു മേലെയാണെങ്കിലും ജനുവരിയിൽ ക്രൂഡ് ഓയിൽ ബാരലിന് ഏകദേശം 51 ഡോളറായിരുന്നപ്പോഴും ഇന്ത്യയിൽ പെട്രോൾ വില 85 രൂപയ്ക്കു മുകളിലായിരുന്നു. ക്രൂഡ് വില താഴ്ന്ന ഘട്ടങ്ങളിൽ നികുതി വർധിപ്പിച്ച് വില താഴാതെ നോക്കുകയാണു കേന്ദ്ര സർക്കാർ ചെയ്തത്. ഇന്ധന വിലക്കയറ്റം നിയന്ത്രിക്കാൻ പെട്രോൾ ഉൽപന്നങ്ങളെ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണെങ്കിലും അതിനു സർക്കാർ തയാറായിട്ടില്ല. ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ പെട്രോൾ ലീറ്ററിനു ശരാശരി 75 രൂപയ്ക്കു വിൽക്കാൻ കഴിയുമെന്നാണു വിലയിരുത്തൽ. ജി.എസ്.ടിയുടെ ഉയർന്ന നികുതി സ്ലാബ് 28 ശതമാനമാണ്. പെട്രോളിയം ഉൽപന്നങ്ങൾക്ക് ഏറ്റവും ഉയർന്ന നിരക്ക് ഈടാക്കിയാലും പെട്രോൽ വില 75 രൂപയിൽ കൂടില്ല. എന്നാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചേർന്ന് ഇപ്പോൾ ഈടാക്കി വരുന്നത് ഏകദേശം 60 ശതമാനം നികുതിയാണ്.

Latest News