Sorry, you need to enable JavaScript to visit this website.

ഭഗവാന്റെ പേരില്‍ കോടികള്‍ മറിക്കുന്നവര്‍ക്ക് കൊടകര കുഴലൊക്കെ എന്ത്?

രാമക്ഷേത്രഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നിരിക്കെ  പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഭഗവാന്‍ രാമന്റെ പേരില്‍പ്പോലും സാമ്പത്തിക തട്ടിപ്പും, കള്ളപ്പണ ഇടപാടും നടത്താന്‍ മടിയില്ലാത്തവര്‍ക്ക് കൊടകര കുഴല്‍പ്പണ കേസൊക്കെ എന്ത് എന്നാണ് ബല്‍റാം കുറിപ്പില്‍ ചോദിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അയോധ്യയില്‍ 5.8 കോടിയോളം ന്യായവില വരുന്ന സുമാര്‍ 3 എക്കര്‍ സ്ഥലം ഒരു ദിവസം വൈകിട്ട് 7.10 ന് സ്ഥലമുടമകളില്‍നിന്ന് വെറും 2 കോടി രൂപക്ക് ചില റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ വാങ്ങുന്നു. വെറും 5 മിനിറ്റിനുള്ളില്‍, അതായത് 7.15 ന് ഇതേ സ്ഥലം 18.5 കോടി രൂപക്ക് റിയല്‍ എസ്റ്റേറ്റുകാര്‍ രാം ജന്മഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റിന് മറിച്ചു വില്‍ക്കുന്നു. ഉടന്‍ തന്നെ 17 കോടി രൂപ RTGS വഴി കൈപ്പറ്റുന്നു.

രണ്ട് ഇടപാടിനും സാക്ഷികള്‍ ഒരേ ആള്‍ക്കാര്‍ തന്നെ. രാമജന്മഭൂമി ട്രസ്റ്റിലെ അംഗം അനില്‍ മിശ്രയും അയോധ്യയിലെ ബി.ജെ.പിക്കാരനായ മേയര്‍ ഋഷികേശ് ഉപാധ്യായയും. ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി കൂടിയായ വിശ്വഹിന്ദു പരിഷത്തിന്റെ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്് ചമ്പത് റായിയുടെ കാര്‍മികത്വത്തിലാണ് മൊത്തം ഡീലുകള്‍.

ഭഗവാന്‍ രാമന്റെ പേരില്‍പോലും സാമ്പത്തിക തട്ടിപ്പും കള്ളപ്പണ ഇടപാടും നടത്താന്‍ മടിയില്ലാത്തവര്‍ക്ക് കൊടകര കുഴലൊക്കെ എന്ത്!

 

Latest News