കടിച്ച പാമ്പിനെ 'കഴുത്തിന് പിടിച്ച്' ആശുപത്രിയില്‍ കൊണ്ടുവന്ന കര്‍ഷകന്‍

ബെല്ലാരി- കൃഷിപ്പണിക്കിടെ തന്നെ കടിച്ച പാമ്പിനെ പിടികൂടി സ്വയം ആശുപത്രിയില്‍ ചികിത്സക്കെത്തി യുവാവ്. കര്‍ണാടയില്‍ ബെല്ലാരി ജില്ലയില്‍ കംപല്ലിയിലാണ് കടപ്പ എന്ന 30 വയസുകാരന് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്.

ചികിത്സക്ക് പോകുന്നതിന് മുന്‍പ് കടിച്ച പാമ്പിനെ പിടിച്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി. ഇവിടെനിന്നു പ്രതിവിഷം കുത്തിവച്ച ശേഷം ഇയാളെ അടുത്തുളള വി.ഐ.എം.സ് ആശുപത്രിയിലെത്തിച്ചു. ഏറെ നിര്‍ബന്ധിച്ച ശേഷമാണ് കടപ്പ പാമ്പിനെ വിട്ടത്. അടുത്തുളള ഗ്രാമപ്രദേശത്താണ് പാമ്പിനെ തുറന്നുവിട്ടത്.

ഇയാളുടെ കൈയില്‍ ആഴത്തിലുളള കടിയേറ്റിരുന്നു. സമയത്ത് വാഹനം കിട്ടാത്തതിനാല്‍ ഉന്തുവണ്ടിയിലാണ് കടപ്പയെ ആശുപത്രിയിലെത്തിക്കാനായതെന്ന് ബന്ധുക്കള്‍ അറിയിച്ചു. നിലവില്‍ ഐ.സി.യുവിലുളള ഇയാളുടെ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പാമ്പുമായി ആശുപത്രിയില്‍ കിടക്കുന്ന കടപ്പയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

 

Latest News