മദ്യ മാഫിയയുടെ ഭീഷണിയുണ്ടെന്ന് പരാതിപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ മരിച്ച നിലയില്‍

ലഖ്‌നൗ- മദ്യ മാഫിയയ്‌ക്കെതിരെ വാര്‍ത്ത നല്‍കിയതിന് അവരുടെ ഭീഷണിയുണ്ടെന്ന് പരാതിപ്പെട്ട മാധ്യമപ്രവര്‍ത്തകനെ തൊട്ടടുത്ത ദിവസം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുപിയിലെ പ്രതാപ്ഗഢ് ജില്ലയില്‍ എബിപി ന്യൂസ് റിപോര്‍ട്ടറായ സുലഭ് ശ്രീവാസ്തവയാണ് മരിച്ചത്. ജില്ലയിലെ മദ്യമാഫിയയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സുലഭ് ഈയിടെ വാര്‍ത്ത നല്‍കിയിരുന്നു. ഇതോടെ മാഫിയ സുലഭിനെതിരെ തിരിഞ്ഞു. തനിക്കും കുടുംബത്തിനും സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് സുലഭ് കഴിഞ്ഞ ദിവസം പോലീസിനെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഞായറാഴ്ച രാത്രി സുലഭിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുലഭ് ബൈക്ക് അപകടത്തില്‍ മരിച്ചുവെന്നാണ് പോലീസ് പറയുന്നത്.

ജോലി കഴിഞ്ഞ് രാത്രി 11 മണിയോടെ വീട്ടിലേക്ക് തിരിച്ചു പോകുന്നതിനിടെ ബൈക്കില്‍ നിന്ന് വീഴുകയായിരുന്നുവെന്നും പോലീസ് പറയുന്നു. തൊട്ടടുത്ത ഇഷ്ടികക്കളത്തിലെ തൊഴിലാളികളാണ് റോഡില്‍ വീണ് കിടക്കുന്ന സുലഭിനെ കണ്ടത്. അവര്‍ ഉടന്‍ സുലഭിന്റെ ഫോണ്‍ എടുത്തു അതിലുണ്ടായിരുന്ന നമ്പറിലേക്ക് വിളിച്ച് സുഹൃത്തുകളെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായും പോലീസ് പറയുന്നു.

റോഡരികിലെ ഒരു ഹാന്‍ഡ്്പംപില്‍ ഇടിച്ചാണ് സുലഭ് ബൈക്കില്‍ നിന്ന് തെറിച്ചു വീണതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായും മരണത്തെ കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു.
 

Latest News