Sorry, you need to enable JavaScript to visit this website.

ആദ്യം നല്ല സുഹൃത്താവുക, അപ്പോൾ നല്ല സുഹൃത്തുക്കളെ കിട്ടുമെന്ന് സത്യൻ അന്തിക്കാട്

തൃശൂർ - ആദ്യം നല്ല സുഹൃത്താവുക, അപ്പോൾ നിങ്ങൾക്ക് നല്ല സുഹൃത്തുക്കളെ കിട്ടും...സൗഹൃദങ്ങളുടേയും സ്‌നേഹബന്ധങ്ങളുടേയും ഒരുപാട് കഥകൾ സിനിമകളിലൂടെ അവതരിപ്പിച്ച സംവിധായകൻ സത്യൻ അന്തിക്കാട് കുട്ടികളുമായി ഓൺലൈനിൽ സംവദിക്കുമ്പോഴാണ് ഈ ഉപദേശം നൽകിയത്. 
തൃശൂർ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ  ഒ.ആർ.സി പദ്ധതിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായാണ് കുട്ടികളും സത്യൻ അന്തിക്കാടും വിശേഷങ്ങൾ പങ്കുവെച്ചത്.
കുട്ടികളോട് ചേർന്നു നിന്ന് അവരെ ചൂഷണം ചെയ്യുന്നവർ സമൂഹത്തിൽ ഉണ്ടെന്നും ഇവിടെ കുട്ടികൾ പലപ്പോഴും നിസ്സഹരായി പോകുന്നുവെന്നും ഒ.ആർ.സി പദ്ധതിയുടെ സെലിബ്രിട്ടി മെന്റർ കൂടിയായ  സത്യൻ അന്തിക്കാട് ചൂണ്ടിക്കാട്ടി.
സിനിമാ മേഖലയിൽ കുട്ടികളെക്കൊണ്ട് കൂടുതൽ സമയം ജോലി ചെയ്യിക്കുന്നുണ്ടോ എന്ന കുട്ടികളുടെ ചോദ്യത്തിന്, അത് ഒരിക്കലും സംഭവിക്കുന്നില്ലെന്ന് സത്യൻ അന്തിക്കാട് മറുപടി നൽകി.  കുട്ടികളോടുള്ള സൗഹാർദ്ദപൂർണ്ണമായ ഇടപെടൽ മാത്രമാണ് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവർക്ക് ആത്മവിശ്വാസം നൽകുന്നതെന്നും  അദ്ദേഹം  പറഞ്ഞു. 
ഒ.ആർ.സി സംസ്ഥാന നോഡൽ ഓഫീസർ പി.വിജയൻ, സി.ഡബ്ല്യു.സി ചെയർമാൻ ഡോ. കെ.ജി.വിശ്വനാഥൻ എന്നിവരും കുട്ടികളോടു സംവദിക്കാനെത്തിയിരുന്നു. 
വനിത ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ എസ്.സുലക്ഷണ,  ജില്ലാ ശിശുസംരക്ഷണ ഓഫീസർ പി.ജി.മഞ്ജു,  ഒ.ആർ.സി ട്രെയിനർമാരായ  ബെറ്റി തോമസ്, ബെൻസൻ, നൂറുദ്ദീൻ, സൈക്കോളജിസ്റ്റ് രേഷ്മ, 
ഒ.ആർ.സി പ്രൊജക്റ്റ് അസിസ്റ്റന്റ് ബീനാ ഗോപിനാഥ് എന്നിവർ സംബന്ധിച്ചു.
 

Latest News