മനോവൈകല്യമുള്ളയാളെ അടിച്ചുകൊന്നു; എട്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ബംഗളൂരു- കോവിഡ് ലോക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ മനോവൈകല്യമുള്ളയാളെ അടിച്ചുകൊന്ന കേസില്‍ എട്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കര്‍ണാടക മടിക്കേരിയില്‍ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം.
പ്രാഥമിക അന്വേഷണം നടത്തി എട്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായി കുടക് പോലീസ് സൂപ്രണ്ട് ക്ഷമ മിശ്ര അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും കൃത്യമായ മരണകാരണം അപ്പോള്‍ മാത്രമേ സ്ഥിരീകരിക്കാനാകൂയെന്നും അവര്‍ പറഞ്ഞു.
കുടകിലെ വിരാജ്‌പേട്ടില്‍നിന്നാണ് റോയ് ഡിസൂസ എന്ന 50 കാരനെ കസ്റ്റിഡിയിലെടുത്തത്. ലോക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ച് നഗരത്തില്‍ കറങ്ങിയ ഇയാളെ കൊണ്ടുപോകാന്‍ പോലീസ് സ്‌റ്റേഷനില്‍നിന്ന് ബന്ധുക്കളെ വിളിക്കുകയായിരുന്നു. തങ്ങള്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ റോയ് ഡിസൂസ അബോധാവസ്ഥയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആശുപത്രിയിലേക്ക് മാറ്റിയ ഇദ്ദേഹം ശനിയാഴ്ചയാണ് മരിച്ചത്.
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മാര്‍ഗനിര്‍ദേശ പ്രകാരം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പ്രാഥമിക അന്വേഷണം നടത്തി. കേസ് സി.ഐ.ഡി വിഭാഗത്തിനു കൈമാറിയതായി കര്‍ണാടക സതേണ്‍ റേഞ്ച് ഐ.ജി പ്രവീണ്‍ മധുകര്‍ പവാര്‍ പറഞ്ഞു.
അമ്മയോടൊപ്പം താമസിക്കുകയായിരുന്ന റോയ് ജൂണ്‍ എട്ടിന് വീടുവിട്ടിറങ്ങിയതാണെന്ന് ബന്ധുക്കള്‍ പറയുന്നു.

 

Latest News