വനിതാ കോണ്‍സ്റ്റബിളിനെ പീഡിപ്പിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

മുംബൈ- വനിതാ കോണ്‍സ്റ്റബിളിനെ പീഡിപ്പിക്കുകയും പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു.
സിറ്റി പോലീസിനു കീഴിലെ ടാര്‍ഡിയോ ഡിവിഷനു കീഴില്‍ ജോലി ചെയ്യുന്ന ഇരുവരും കുടുംബ സമേതം ഘാട്‌കോപറില്‍ പോലീസ് ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. വര്‍ഷങ്ങളായി അറിയുന്ന സഹപ്രവര്‍ത്തകയെ പ്രലോഭിച്ച് പല സ്ഥലങ്ങളില്‍വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
പരാതിക്കാരി ഘാട്‌കോപറില്‍ താമസിക്കുന്നതിനാലാണ് തങ്ങള്‍ക്ക് പരാതി നല്‍കിയതെന്ന് ഘാട്‌കോപര്‍ പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
ടാര്‍ഡിയോ ലോക്കല്‍ ആംസ് ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണറാണ് പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്ത് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്.
പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ പ്രതിയെ കാണാത്തതിനെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ നോട്ടീസ് വീടിന്റെ ചുമരില്‍ പതിച്ചു.
അതിനിടെ, പ്രതി മുന്‍കൂര്‍ ജാമ്യം നേടിയതായി ഘാട്‌കോപര്‍ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ജിതേന്ദ്ര അഗാര്‍കര്‍ പറഞ്ഞു.

 

Latest News