Sorry, you need to enable JavaScript to visit this website.

മഹാരാഷ്ട്ര ബന്ദ്: ദലിത് പ്രതിഷേധം ആളിക്കത്തുന്നു; ജനജീവിതം സ്തംഭിച്ചു

മുംബൈ- പുനെയിൽ ദലിതരുടെ ഭീമ കൊറെഗാവ് യുദ്ധവിജയാഘോഷത്തിനു നേർക്കുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം ദലിത് സംഘടനകൾ പ്രഖ്യാപിച്ച ബന്ദ് മുംബൈ ഉൾപ്പെടെ പലയിടത്തും ജനജീവിതത്തെ ബാധിച്ചു. മുംബൈയിൽ പലയിടത്തും ദളിത് സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി. ചിലയിടങ്ങളിൽ കല്ലേറുണ്ടായി. ബന്ദ് വാഹന ഗതാഗതത്തേയും ബാധിച്ചു. ടാക്‌സികൾ കാര്യമായി നിരത്തിലിറങ്ങിയില്ല. ബസ്, ട്രെയിൻ സർവീസുകളേയും ബാധിച്ചു.

പലയിടത്തും പ്രതിഷേധക്കാർ റെയിൽ പാളം കയ്യേറി  ട്രെയ്‌നുകൾ തടയാനും ശ്രമിച്ചു. ഗോർഗാവിൽ പ്രതിഷേധക്കാരെ ട്രാക്കിൽ നിന്നും മാറ്റി ട്രെയിൻ സർവീസുകൾ തുടർന്നതായി വെസ്‌റ്റേൺ റെയിൽവെ അറിയിച്ചു. പല സബർബൻ സ്‌റ്റേഷനുകളിലും പ്രതിഷേധങ്ങൾ അരങ്ങേറി. ഘട്‌കോപാറിൽ പ്രതിഷേധക്കാർ തടഞ്ഞതിനെ തുടർന്ന് ട്രെയ്‌നുകൾ നിർത്തേണ്ടി വന്നു. റെയിൽവേ സ്‌റ്റേഷനുകളിലും വിമാനത്താവളത്തിലും നിരവധി യാത്രക്കാർ കുടുങ്ങി. 

വ്യോമ ഗതാഗതത്തെ ബാധിച്ചില്ലെങ്കിലും വിമാന ജീവനക്കാരും യാത്രക്കാരും വിമാനത്താവളത്തിലെത്താൻ വൈകുന്നതായി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം വക്താവ് അറിയിച്ചു. പുറത്തിറങ്ങാനാവാതെ കുടുങ്ങിയ യാത്രക്കാർക്ക് വിമാനത്താവളത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വലിയ വാഹനങ്ങൾ കടന്ന് പോകുന്ന സുപ്രധാന റോഡായ ഖോഡ്ബന്ദർ റോഡ് പൂർണമായും അടച്ചു. മറാത്ത്‌വാഡ, നാസിക്, കോലാപൂർ എന്നിവിടങ്ങളിലും ബന്ദ് പൂർണമായി.

പൂനെയിലെ ഭീമ കൊറെഗാവ് ഗ്രാമത്തിലെ യുദ്ധസ്മാരകത്തിനു സമീപമാണ് പ്രശ്‌നങ്ങളുടെ തുടക്കം. 
യുദ്ധവാർഷിക ദിനമായ തിങ്കഴാഴ്ച ഇവിടെ ഒരുമിച്ചു കൂടിയ മൂന്ന് ലക്ഷത്തോളം ദലിതർക്കു നേരെ  കല്ലേറുണ്ടാകുകയും  വാഹനങ്ങൾ അടിച്ചു തകർക്കുകയും ചെയ്തതോടെ ശക്തമായ പ്രതിഷേധവുമായി ദളിത് സംഘടനകൾ രംഗത്തു വരികയായിരുന്നു. 1818ൽ ഉന്നതജാതിക്കാരനായ നാട്ടുരാജാവുമായി നടന്ന കൊറെഗാവ് യുദ്ധത്തിൽ ദളിത് സൈനികർ ഉൾപ്പെട്ട ബ്രിട്ടീഷ് സൈന്യം നേടിയ വിജയമാണ് ദളിതർ ആഘോഷിക്കുന്നത്. യുദ്ധ വിജയത്തിന്റെ 200ാം വാർഷിക ദിനമായിരുന്നു തിങ്കളാഴ്ച. ആഘോഷത്തിനായി ഒരുമിച്ചു കൂടിയ ദളിതർക്കെതിരെ സംഘപരിവാർ അനുകൂലികൾ കല്ലെറിയുകയും അസഭ്യം പറയുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്.
 

Latest News