ന്യൂദൽഹി- ദൽഹിയിൽ ഒഴിവു വന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള അംഗങ്ങളെ ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചു. മുതിർന്ന പാർട്ടി നേതാവ് സഞ്ജയ് സിങ്, ചാർട്ടേഡ് അക്കൗണ്ടന്റും ജി.എസ്.ടി വിദഗ്ധനുമായ എൻ.ഡി ഗുപ്ത, മുൻ കോൺഗ്രസ് നേതാവും ദൽഹിയിലെ പ്രമുഖ ബിസിനസുകാരനുമായ സുശീൽ ഗുപ്ത എന്നിവരെയാണ് ആം ആദ്മി രാജ്യസഭയിലേക്ക് അയക്കുക. ഉഹാപോഹങ്ങളും തർക്കങ്ങൾക്കും വിരാമമിട്ടു പാർട്ടിയുടെ രാഷട്രീയകാര്യ സമിതിയാണ് തീരുമാനമെടുത്തത്. പാർട്ടിയിലെ പ്രമുഖനായ കുമാർ വിശ്വാസ് രാജ്യസഭാ അംഗത്വത്തിനായി ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. വിശ്വാസിനെ പിന്തുണയ്ക്കുന്ന പാർട്ടി പ്രവർത്തകരും അദ്ദേഹത്തിനായി രംഗത്തു വന്നിരുന്നു.
മൂന്ന് പേരിൽ രണ്ട് പേർക്ക് നേരത്തെ തന്നെ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നെങ്കിലും സുശീൽ ഗുപ്തയുടെ പേര് അവസാന നിമിഷമാണ് പുറത്തു വന്നത്. ദൽഹിയിലെ പ്രമുഖ വ്യവസായിയായ ഗുപ്ത മൂന്ന് മാസം മുമ്പു വരെ കോൺഗ്രസിന്റെ വ്യാപാരി സംഘടനയുടെ അധ്യക്ഷനായിരുന്നു. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുകയും ചെയ്തിട്ടുണ്ട്.
മൂന്ന് സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചതോടെ സീറ്റില്ലെന്ന് ഉറപ്പായ കുമാർ വിശ്വാസ പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ പരിഹസിച്ച് രംഗത്തെത്തി. കെജ്‌രിവാളിനോട് വിയോജിച്ച് കൊണ്ട് പാർട്ടിൽ നിലനിൽക്കുക എളുപ്പമല്ലെന്ന് അദ്ദേഹം പറഞ്ഞു. തന്നെ പിന്തുണച്ച പാർട്ടി വളണ്ടിയർമാരോട് കടപ്പാടുണ്ടെന്ന് വിശ്വാസ് പറഞ്ഞു. രണ്ടു വിപ്ലവകാരികളെ രാജ്യസഭയിലേക്ക് തെരഞ്ഞെടുത്ത കെജ്‌രിവാളിനും പാർട്ടിയിലെ മറ്റുള്ളവർക്കും അഭിനന്ദനമറിയിക്കുന്നതായും കുമാർ വിശ്വാസ് പരിഹാസ രൂപേണ പ്രതികരിച്ചു.






