ഹജ് രജിസ്‌ട്രേഷൻ ഏതാനും നിമിഷത്തിനകം, വിശദവിവരങ്ങളറിയാം

ജിദ്ദ - ഈ വർഷത്തെ ഹജ് രജിസ്‌ട്രേഷൻ ഏതാനും നിമിഷങ്ങൾക്കകം തുടങ്ങും. ഇന്ന് (ജൂൺ13, ഞായർ) ഉച്ചക്ക് ഒരു മണിക്കാണ്(സൗദി സമയം) രജിസ്‌ട്രേഷനുള്ള പോർട്ടൽ പ്രവർത്തനം തുടങ്ങുക.  https://www.haj.gov.sa/ar/Services/Details/28 എന്ന സൈറ്റിൽ പ്രവേശിച്ച ശേഷം ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകുക. ഇഖാമ വിശദാംശങ്ങൾ, പേര്, ജനന തിയതി, തവക്കൽനയുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോൺ നമ്പർ, ഇഖാമ കാലാവധി, ഇഖാമ ഇഷ്യു ചെയ്ത സ്ഥലം എന്നീ വിശദാംശങ്ങളാണ് നൽകേണ്ടത്. ഇത്തവണയും ഹജിന് സൗദിക്ക് അകത്തുള്ളവർക്ക് മാത്രമാണ് അനുമതി. രാജ്യത്തിനകത്തു നിന്നുള്ള സ്വദേശികൾക്കും നിയമാനുസൃതം സൗദിയിൽ കഴിയുന്ന വിദേശികൾക്കും ഹജ് അനുമതിയുണ്ടാകും. ആകെ 60,000 പേർക്കാണ് ഹജ് അനുമതി നൽകുക. 
ലോകമെങ്ങും കൊറോണ വൈറസ് വ്യാപനം തുടരുന്നതും വൈറസിന്റെ പുതിയ വകഭേദങ്ങൾ പ്രത്യക്ഷപ്പെട്ടതുമാണ് ഇത്തവണയും വിദേശങ്ങൡ നിന്നുള്ള ഹജ് തീർഥാടകരെ സ്വീകരിക്കാതിരിക്കാൻ കാരണം. ഏറ്റവും മികച്ച നിലയിൽ ഹജ് കർമം നിർവഹിക്കുന്നത് ഉറപ്പുവരുത്തുന്നതിന് ലോകത്തെ ആരോഗ്യ സ്ഥിതിഗതികൾ ബന്ധപ്പെട്ട വകുപ്പുകൾ സസൂക്ഷ്മം നിരീക്ഷിച്ചും രോഗവ്യാപനവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളും ലോക രാജ്യങ്ങളിൽ വാക്‌സിനേഷൻ യജ്ഞത്തിന്റെ പുരോഗതിയും രോഗബാധയും വിലയിരുത്തിയും ഒത്തുചേരലുകളിൽ രോഗവ്യാപനം വർധിക്കാനുള്ള സാധ്യതയെ കുറിച്ച ലോകാരോഗ്യ സംഘടന അടക്കമുള്ള വകുപ്പുകളുടെ മുന്നറിയിപ്പുകൾ കണക്കിലെടുത്തുമാണ് ഇത്തവണയും ഹജ് അനുമതി സൗദി അറേബ്യക്കകത്തു നിന്നുള്ളവർക്കു മാത്രമായി പരിമിതപ്പെടുത്താനുള്ള തീരുമാനമെടുത്തത്. 
പ്രമേഹം, രക്തസമ്മർദം, വൃക്കരോഗം, ഹൃദ്രോഗം പോലെ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് മുക്തരായ, 18 മുതൽ 65 വരെ വയസ് പ്രായമുള്ളവർക്കാണ് വ്യവസ്ഥകൾക്ക് വിധേയമായി ഹജ് അനുമതി നൽകുക. രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർ, ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ച് പതിനാലു ദിവസം പിന്നിട്ടവർ, രോഗമുക്തി നേടി പ്രതിരോധ ശേഷി ആർജിച്ചവർ എന്നീ വിഭാഗങ്ങളിൽ പെട്ടവർക്കു മാത്രമാണ് ഹജ് നിർവഹിക്കാൻ അവസരം നൽകുകയെന്നും മന്ത്രാലയം വ്യക്തമാക്കി. 
ഹജ് തീർഥാടകരുടെ സുരക്ഷക്കും ആരോഗ്യത്തിനും സൗദി ഗവൺമെന്റ് വലിയ ശ്രദ്ധയും മുൻഗണനയുമാണ് കൽപിക്കുന്നത്. ഇതോടൊപ്പം പ്രയാസരഹിതമായി ഹജ്, ഉംറ കർമം നിർവഹിക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സൗകര്യങ്ങളും രാജ്യം ഒരുക്കുകയും ചെയ്യുന്നു. കഴിഞ്ഞ പത്തു വർഷത്തിനിടെ മാത്രം 15 കോടിയിലേറെ തീർഥാടകരെ രാജ്യം സ്വീകരിച്ചിട്ടുണ്ട്.
ഹജ്, ഉംറ മന്ത്രാലയം പുറത്തിറക്കുന്ന ഇ-ട്രാക്ക് വഴിയായിരിക്കും ഹജ് തീർഥാടകരുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുക. ഹജ് നിർവഹിക്കുന്നതിനിടെ തീർഥാടകർ മുഴുവൻ മുൻകരുതൽ നടപടികളും പാലിക്കണമെന്നും ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷവും സൗദി അറേബ്യക്കകത്തു നിന്നുള്ളവർക്കു മാത്രമാണ് ഹജ് അനുമതി നൽകിയത്. കഴിഞ്ഞ വർഷം പതിനായിരത്തോളം പേരാണ് ഹജ് നിർവഹിച്ചത്. ഈ വർഷം വിദേശങ്ങളിൽ നിന്നുള്ളവർക്കും ഹജ് അനുമതി നൽകുമെന്ന നിലക്ക് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 

Latest News