മുംബൈ- അയോധ്യയിലെ രാമ ക്ഷേത്ര നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും ബാബരി മസ്ജിദ് തകർക്കാൻ മുന്നിട്ടിറങ്ങിയ കർസേവകരെ സ്വാതന്ത്ര്യ സമര സേനാനികൾക്ക് തുല്യമായ പരിഗണന നൽകണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സന്യാസിമാർ. മുംബൈയ്ക്കടുത്ത ഭയന്ദറിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50 ഹിന്ദു മതനേതാക്കളുടെ നാലു ദിവസത്തെ വൈചാരിക് മഹാകുംഭ യോഗത്തിലാണ് ഈ ആവശ്യമുന്നയിച്ച് പ്രമേയം പാസാക്കിയത്. ഡിസംബർ 29 മുതൽ ജനുവരി ഒന്നു വരെയായിരുന്നു പരിപാടി. ശങ്കരാചാര്യർ രൂപം നൽകിയ ദശനാമി സന്യാസിവിഭാഗത്തിലെ പ്രമുഖരായി അറിയപ്പെടുന്ന മഹാമണ്ഡലേശ്വർമാരുടെ സമ്മേളനമായിരുന്നു ഇത്. അനന്തശ്രീ വിഭൂഷിത് മഹാമണ്ഡലേശ്വർ സ്വാമി ചിദംബരാനന്ദ സരസ്വതി മഹാരാജ് ആണ് ഈ യോഗം സംഘടിപ്പിച്ചത്.
'രാമ ജന്മഭൂമി സമരത്തിനിടെ ജീവൻ നഷ്ടമായവർക്കും ജയിലിലടക്കപ്പെട്ടവർക്കും സ്വാതന്ത്ര്യ സമര പോരാളികൾക്കു സമാനമായ പദവി നൽകേണ്ടത് മോദി സർക്കാരിന്റേയും യോഗി ആദിത്യനാഥ് സർക്കാരിന്റേയും ഉത്തരവാദിത്തമാണെന്ന് ഹിന്ദു മതനേതാക്കളുടെ പ്രമേയം ചൂണ്ടിക്കാട്ടുന്നു. രാമക്ഷേത്രം യുപിയിലെ അയോധ്യയിൽ തന്നെയാണ് നിർമ്മിക്കേണ്ടതെന്നും അത് ഉടൻ വേണമെന്നും അവർ ആവശ്യപ്പെട്ടു. ഇത് 125 കോടി ഹിന്ദു വിശ്വാസികളുടെ കാര്യമാണെന്ന് സമ്മേളത്തിൽ പങ്കെടുത്ത ഒരു മഹാമണ്ഡലേശ്വർ പറഞ്ഞു.
രാജ്യത്ത് ഗോവധം നിരോധിക്കണമെന്നും പശുവിനെ ദേശീയ മൃഗമാക്കണമെന്നും ഭഗവത്ഗീത ദേശീയ ഗ്രന്ഥമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയങ്ങളും യോഗം പാസാക്കിയിട്ടുണ്ട്.