Sorry, you need to enable JavaScript to visit this website.

യുപി സര്‍ക്കാര്‍  'കൊറോണ മാതാ' ക്ഷേത്രം ഇടിച്ചു നിരത്തി

ലഖ്‌നൗ-  യുപിയിലെ കൊറോണ മാതാ ക്ഷേത്രം അധികൃതര്‍ പൊളിച്ചു. പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്ത നേതൃത്വത്തിലാണ് ക്ഷേത്രം പൊളിച്ചു നീക്കിയത്. സംസ്ഥാനത്തെ പ്രതാപ്ഗഡ് ജൂഹി ശുക്ലപുര്‍ ഗ്രാമത്തിലാണ്  സംഭവം. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഗ്രാമവാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍ നിരുത്സാഹപ്പെടുത്തുന്നതിനായാണ് ഈ നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഗ്രാമത്തില്‍ കൊറോണയുടെ പേരില്‍ ക്ഷേത്രം ഉയര്‍ന്നത്. 'കൊറോണ മാത'യുടെ അനുഗ്രഹം ഉണ്ടെങ്കില്‍ ഗ്രാമത്തില്‍ മഹാമാരിയുടെ നിഴല്‍ പോലും വീഴില്ലെന്നായിരുന്നു ഗ്രാമവാസികളുടെ വിശ്വാസം. ഗ്രാമവാസികള്‍ നിന്നു തന്നെ സംഭാവനയായി സ്വീകരിച്ച പണം കൊണ്ടാണ് ഒരു ചെറിയ ക്ഷേത്രം നിര്‍മ്മിച്ച് വിഗ്രഹം പ്രതിഷ്ഠിച്ചത്.
ദിവസം തോറും നൂറുകണക്കിന ആളുകള്‍ കൊറോണ മാതയുടെ അനുഗ്രഹവും തേടിയെത്തിയിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് വിശ്വാസികള്‍ എത്തിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ക്ഷേത്രത്തിലെ 'കൊറോണ മാത'പ്രതിഷ്ഠയും മാസ്‌ക് ധരിച്ചിട്ടുണ്ട്.
നാഗേഷ് കുമാര്‍ ശ്രീവാസ്തവ എന്ന ഗ്രാമീണന്‍ സംഗീപൂര്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് ക്ഷേത്രം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതെന്നാണ് പ്രയാഗ് രാജ് ഐജി കെ.പി.സിംഗ് അറിയിച്ചത്. ഗാസിയബാദില്‍ നിന്നും മടങ്ങിയെത്തിയ തന്റെ സഹോദരന്‍ ലോകേഷ് കുമാര്‍ ആണ് കൊറോണ മാതാ ക്ഷേത്രം സ്ഥാപിച്ചതെന്നാണ് ഇയാള്‍ അപേക്ഷയില്‍ അവകാശപ്പെട്ടത്. കുടുംബവുമായി ആലോചിക്കാതെയാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും പറയുന്നു.
ക്ഷേത്രം സ്ഥാപിച്ചതിന് പിന്നാലെ തന്നെ ആളുകള്‍ കൂട്ടമായി ഇവിടേക്കെത്തി തുടങ്ങി. ക്ഷേത്രദര്‍ശനത്തിനെത്തുന്ന വിശ്വാസികളുടെ എണ്ണം കൂടിയതോടെയാണ് അധികൃതരുടെ ഇടപെടല്‍ ഉണ്ടായത്. ക്ഷേത്രനിര്‍മ്മാണം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഐജി വ്യക്തമാക്കി. 
 

Latest News